രാജ്യത്ത് 24 മണിക്കൂറിനിടെ 3390 പേര്‍ക്ക് കോവിഡ്; എണ്ണം ഉയരുന്നു

115

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം പിന്നെയും ഉയരുന്നു. 24 മണിക്കൂറിനിടെ 3390 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തൊട്ടാകെയുള്ള കോവിഡ് 19 ബാധിതരുടെ എണ്ണം 56342 ആയി ഉയര്‍ന്നു.24 മണിക്കൂറിനിടെ 106 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. ഇതോടെ മൊത്തം കോവിഡ് മരണം 1886 ആയും ഉയര്‍ന്നിട്ടുണ്ട്. 16,539 പേര്‍ക്കാണ് ഇതുവരെ കോവിഡില്‍ നിന്ന് രോഗമുക്തി ലഭിച്ചത്.
രാജ്യത്തൊട്ടാകെ 216 ജില്ലകളിലാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 42 ജില്ലകളില്‍ കഴിഞ്ഞ 28 ദിവസമായി ഒറ്റ കോവിഡ് കേസും സ്ഥിരീകരിച്ചിട്ടില്ല. രോഗ ഇരട്ടിപ്പിന് വേണ്ടി വരുന്ന സമയം ഇപ്പോഴും 12 ദിവസമായി തുടരുകയാണ്. രാജ്യത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ് എന്നതിന് തെളിവാണിതെന്നും കേന്ദ്ര ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
ഇതിനിടെ ഏഷ്യയിലെതന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ ദിനംപ്രതി സ്ഥിതി കൂടുതല്‍ വഷളായി വരികയാണെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ മാത്രം 783 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. പ്രദേശത്ത് കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം തുടരുകയാണ്. ചേരിക്ക് പുറത്ത് വിപുലമായ ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഒരുക്കി രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ അങ്ങോട്ട് മാറ്റുക മാത്രമാണ് പോംവഴിയെന്നാണ് കേന്ദ്രസംഘത്തിന്റെ നിലപാട്. അളുകള്‍ തിങ്ങിത്താമസിക്കുന്ന ചേരികളില്‍ ഹോം ക്വാറന്റൈന്‍ പോലുള്ള സംവിധാനങ്ങള്‍ പ്രാവര്‍ത്തികമല്ലെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് കോവിഡ് 19 വൈറസ് ബാധ രൂക്ഷമായ സംസ്ഥാനമാണ് ധാരാവി ഉള്‍കൊള്ളുന്ന മഹാരാഷ്ട്ര. കൂടുതല്‍ പേരിലേക്ക് രോഗം എത്തിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി ഇവിടെ സ്‌ക്രീനിങ് ഉള്‍പ്പെടെയുളള നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.