രാഹുല്‍ഗാന്ധിയെന്ന സ്നേഹസ്പര്‍ശം വയനാടിന് സ്വന്തമായിട്ട് ഒരു വര്‍ഷം

30

കല്‍പ്പറ്റ: വികസനവും കരുതലും കൈത്താങ്ങുമായി രാഹുല്‍ഗാന്ധിയെന്ന സ്നേഹസ്പര്‍ശം വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ജനപ്രതിനിധിയായിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ വയനാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായും, ജില്ല പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയെപ്പെളെല്ലാം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ സ്വന്തം നിലയില്‍ രാഹുല്‍ വയനാട് അടക്കമുള്ള മണ്ഡലത്തിലെ ജനങ്ങള്‍ ക്കാ യി നല്‍കിയത് നിരവധി സഹായങ്ങള്‍.
രാഹുല്‍ ഗാന്ധി എം പിയായതിന് ശേഷം വയനാട് അഭിമുഖീകരിച്ച ഏറ്റവും പ്രധാനപ്പെട്ട രണ്ട് വിഷയങ്ങള്‍ പ്രളയവും, കൊവിഡുമായിരുന്നു ഈ രണ്ട് ഘട്ടങ്ങളിലും രാഹുല്‍ഗാന്ധി എം പിയെന്ന നിലയില്‍ ജനങ്ങള്‍ക്ക് നല്‍കിയത് നിരവധി സഹായങ്ങളുമായിരുന്നു.
കഴിഞ്ഞ പ്രളയകാലത്ത് 20,000 ഭക്ഷ്യധാന്യകിറ്റുകളും, 20,000 പേര്‍ക്കുള്ള ക്ലീനിംഗ് കിറ്റുകളുമായിരുന്നു രാഹുല്‍ നല്‍കിയത്. പ്രളയത്തില്‍ ധനസഹായം ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ മേപ്പാടിയിലെ സനലിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയും എം പി നല്‍കി. ലോകവും രാജ്യവും സംസ്ഥാനവും ഒരുപോലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങിയപ്പോള്‍ സഹായവുമായി അപ്പോഴും രാഹുല്‍ ഗാന്ധി മുന്നിലുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിയെത്തിച്ച് നല്‍കിയത് 20,000 മാസ്‌ക്കുകള്‍, 1000 ലിറ്റര്‍ സാനിറ്റൈസര്‍, 50 തെര്‍മല്‍ സ്‌കാനറുകള്‍ എന്നിവയായിരുന്നു. തുടര്‍ന്ന് വയനാട്ടിലെയും മണ്ഡലത്തിലെ മറ്റ് സ്ഥലങ്ങളിലെയും കമ്മ്യൂണിറ്റി കിച്ചണുകള്‍ ക്കായി 28000 കിലോ അരിയും ഭക്ഷ്യധാന്യങ്ങളും നല്‍കി. കൊവിഡ് മൂലം അവശ്യമരുന്നുകളില്ലാതെ ദുരിതത്തിലായ മണ്ഡലത്തിലെ കിഡ്നി, കരള്‍രോഗികള്‍ക്കും രാഹുലിന്റെ സഹായമെത്തി.
1300-ലധികം കിഡ്നി, കരള്‍ രോഗികള്‍ക്കായി ഡയാലിസിസ് കിറ്റുകള്‍, ഒരുമാസത്തെ മരുന്ന് എന്നിവയാണ് രാഹുലിലൂടെ മണ്ഡലത്തിലെത്തിയത്. ഏറ്റവുമൊടുവില്‍ ജില്ലയില്‍ രാപകലില്ലാതെ ജോലി ചെയ്യുന്ന പൊലീസുകാരുടെ സുരക്ഷക്കായി ഏഴ് സാധനങ്ങള്‍ ഉള്‍പ്പെടുന്ന 500 പി പി ഇ കിറ്റുകളും ജില്ലയിലെത്തി കഴിഞ്ഞു.
ഇത് വരുംദിവസങ്ങളില്‍ ജില്ലയിലെ പൊലീസ് സേനക്ക് കൈമാറും. ഒരു വര്‍ഷത്തിനിടെ 4.60 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് പ്രാദേശിക വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിനായി രാഹുല്‍ഗാന്ധി നീക്കിവെച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടി ജില്ലാ ആശുപത്രിക്കായി ഒരു കോടി രൂപ അനുവദിച്ചു.
ജില്ലാ ആശുപത്രിയില്‍ 26.5 ലക്ഷം രൂപ വകയിരുത്തിക്കൊണ്ട് ആര്‍ത്രോസ്‌കോപിക് മെഷീനും സജ്ജമാക്കാന്‍ രാഹുല്‍ഗാന്ധിക്ക് സാധിച്ചു.
കൂടാതെ നൂല്‍പ്പുഴ, മീനങ്ങാടി പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്കായി വാഹനവും എം പിയില്‍ നിന്നും ലഭിച്ചു. മഹാരാഷ്ട്രയിലെ രാജ്യസഭാ എം പിയായ കുമാര്‍കേത്കര്‍ വഴി സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിക്ക് 25 ലക്ഷം രൂപ അനുവദിക്കാനും രാഹുല്‍ഗാന്ധിയിലൂടെ സാധിച്ചു.
വികസനത്തോടൊപ്പം ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി, അത് പ്രാവര്‍ത്തികമാക്കുന്നതിനായി സ്വന്തം നിലയിലായിരുന്നു പലപ്പോഴും രാഹുല്‍ ഗാന്ധി ആവശ്യമായ തുക കണ്ടെത്തിയതെന്നാണ് ഈ ജനപ്രതിനിധിയുടെ ഏറ്റവും വലിയ പ്രത്യേകത.
കൊവിഡ് കാലത്ത് പല സംസ്ഥാനങ്ങളിലും കുടുങ്ങിപ്പോയ വയനാട്ടുകാരടക്കമുള്ള നിരവധി പേരെ സ്വന്തം ചിലവിലും, ഇടപെടല്‍ നടത്തിയും നാട്ടിലെത്തിക്കാന്‍ രാഹുല്‍ഗാന്ധിക്ക് സാധിച്ചു.
വിദേശത്തുള്ളവരെ തിരികെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്നു. ഒരു വര്‍ഷം പോയ്മറയുമ്പോള്‍ വയനാടിന് രാഹുല്‍ സമ്മാനിച്ചത് സ്വപ്‌നതുല്യമായ വികസനവും, സ്നേഹവും, കരുതലും, സാന്ത്വനവുമായിരുന്നു.