മലപ്പുറം: വയനാട് ലോക്സഭ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും രാഹുല്‍ ഗാന്ധി എം.പിയുടെ കൈത്താങ്ങ്. 500 പി. പി. ഇ കിറ്റുകളാണ് എം. പി പുതുതായി മണ്ഡലത്തില്‍ എത്തിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടത്തില്‍ 50 തെര്‍മല്‍ സ്കാനര്‍, 20000 മാസ്ക്ക്, 1000 ലിറ്റര്‍ സാനിറ്റൈസര്‍ എന്നിവ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നേരത്തെ കൈമാറിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് പി.പി.ഇ കിറ്റുകള്‍ വിതരണം നടത്തിയത്. നേരത്തെ മണ്ഡലത്തിലെ 51 പഞ്ചായത്തുകളിലെയും 5 മുനിസിപ്പാലിറ്റിയിലെയും കമ്മ്യൂണിറ്റി കിച്ചണിലേക്ക് 500 കിലോ അരി അടക്കം ഭക്ഷ്യവസ്തുക്കള്‍ എം.പി എത്തിച്ചു നല്‍കിയിരുന്നു. മലപ്പുറം ജില്ലയിലേക്കുള്ള കിറ്റുകളുടെ വിതരണം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. വി.വി പ്രകാശിന്റെ സാന്നിധ്യത്തില്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീനക്ക് നല്കി. കോവിഡ് കാലത്ത് പ്രയാസം അനുഭവിക്കുന്ന ഡയാലിസിസ് ചെയ്യുന്നവര്‍ക്കുള്ള ഡയാലിസിസ് കിറ്റുകളുടെ വിതരണം പൂര്‍ത്തിയായെന്നും കിഡ്നി, കരള്‍ ശസ്ത്രക്രിയ ചെയ്ത രോഗികള്‍ക്കുള്ള മരുന്നുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്നും എം.എല്‍.എ പറഞ്ഞു.