തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധയില്‍ വന്‍വര്‍ധന. ഇന്നലെ 67 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത്രയധികം പേര്‍ക്ക് ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. മെയ് 23ന് 62 പേര്‍ക്ക് സ്ഥിരീകരിച്ചതായിരുന്നു മുമ്പുള്ള റിക്കോര്‍ഡ്. സംസ്ഥാനത്ത് കോവിഡ് മരണം ആറായതായും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കണ്ണൂര്‍ ധര്‍മ്മടം സ്വദേശി ആസിയ(61)യാണ് തിങ്കളാഴ്ച രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്. ഇവരുടെ മൃതദേഹം ഇന്നലെ ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോള്‍ പ്രകാരം കോഴിക്കോട് കണ്ണംപറമ്പ് ഖബറിസ്ഥാനില്‍ മറവുചെയ്തു.
അതിനിടെ വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ ഏഴ് ദിവസത്തെ ക്വാറന്റൈന് ചെലവ് വഹിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനെതിരെ മുസ്ലിം ലീഗ് ഉള്‍പ്പെടെ നിരവധി കക്ഷികള്‍ രംഗത്ത് വന്നു. ജോലി നഷ്ടപ്പെട്ട്, സാമ്പത്തികമായി തകര്‍ന്ന് വരുന്നവരോട് ക്രൂരുത കാട്ടരുതെന്നാണ് ആവശ്യം. പാലക്കാട് ജില്ലയിലാണ് ഇന്നലേയും ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്- 29 . കണ്ണൂര്‍-8, കോട്ടയം-ആറ്, മലപ്പുറം, എറണാകുളം – അഞ്ച് വീതം, തൃശ്ശൂര്‍, കൊല്ലം – നാല് വീതം, കാസര്‍കോട്, ആലപ്പുഴ – മൂന്ന് വീതവും എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. 27 പേര് വിദേശത്തുനിന്ന് വന്നവരാണ്. തമിഴ്നാട്-9, മഹാരാഷ്ട്ര-15, ഗുജറാത്ത്-5, കര്‍ണാടക- 2, പോണ്ടിച്ചേരി, ഡല്‍ഹി ഒന്ന് വീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍.