റമസാന്‍ അവസാന പത്തിലേക്ക്‌

8
മുനീര്‍ കാപ്പാട്

നൂറ് വര്‍ഷത്തിനിപ്പുറം നോമ്പ് കാലം തറാവീഹും ജുമയും മറ്റ് നിസ്‌ക്കാരങ്ങളും ഇല്ലാതെ പള്ളികള്‍ അടഞ്ഞ് കിടക്കുന്നത് കേട്ടുകേള്‍വി പോലുമില്ലെന്ന് പഴയമക്കാര്‍ പറയുന്നു. റമസാന്‍ കാരുണ്യത്തിന്റെ പത്തും പാപമോചനത്തിന്റെ പത്തും കഴിഞ്ഞ് ആയിരം മാസത്തെക്കാള്‍ പുണ്യമായ ലൈലത്തുല്‍ ഖദ്‌റ് വരെ പ്രതീക്ഷിക്കുന്ന അവസാന പത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വിശ്വാസികളുടെ മനസ്സില്‍ നൊമ്പരമാണ്. പളളികളും മദ്രസകളും അടഞ്ഞ് കിടക്കുന്നത് കാരണം വീട്ടിനകത്ത് പുണ്യമാസം ഒതുങ്ങിപ്പോയതിലുള്ള സങ്കടം ചെറുതല്ല. മക്കളെയും പേരമക്കളെയും കൊണ്ട് പളളികളിലെക്ക് പോയി ളുഹറ് നിസ്‌ക്കാരത്തിന് ശേഷം അസറ് നിസ്‌ക്കാരം വരെ നീണ്ടു നില്‍ക്കുന്ന ഉറുദിയും പ്രസംഗം കഴിഞ്ഞ് കവലകളില്‍ പോയി നോമ്പുതുറക്കുവാനുള്ള വിഭവങ്ങള്‍ വാങ്ങി വീട്ടിലേക്ക് തിരിച്ച് പോകുമ്പോള്‍ പള്ളികളില്‍ ദൂര ദിക്കുകളില്‍ നിന്നും എത്തിച്ചേരുന്ന മുസാഫീറീങ്ങളെ വീട്ടിലെക്ക് നോമ്പ് തുറപ്പിക്കുവാന്‍ ക്ഷണിച്ച് കൊണ്ടു പോകുന്ന ആ നല്ല കാലത്തെ തല്ലിക്കെടുത്തിയിരിക്കുകയാണ് കോവിഡ് കാലം. റമസാന്‍ കാലങ്ങളില്‍ നിസ്‌ക്കാരത്തിന് പുറമെ ദാന ധര്‍മ്മങ്ങള്‍ക്കും വിശ്വാസികള്‍ അതികവും ഉപയോഗിച്ചിരുന്ന പള്ളികളെ തന്നെയായിരുന്നു. റമസാന്‍ ആകുന്നതോടെ പള്ളികള്‍ വൈറ്റ് വാഷ് ചെയ്തു ദീപാലങ്കാരങ്ങളോടെ അണിഞ്ഞൊരുങ്ങിയ പള്ളിയിലെക്ക് നോമ്പ് തുറന്ന് കുളി കഴിഞ്ഞു തറാവീഹ് നിസ്‌കാരത്തിന് പോകുവാന്‍ കഴിയാത്തതും പ്രത്യേകിച്ച് സുബ്ഹ് നിസ്‌ക്കാരത്തിന് പോലും പോകുവാന്‍ കഴിയാതെ പള്ളിയുടെ കവാടങ്ങള്‍ അടഞ്ഞ് കിടക്കുന്നു. കോവിഡ് മൂലം പള്ളികളും കവലകളും അടഞ്ഞു കിടക്കുന്നത് വരാനിരിക്കുന്ന വിപത്തിനെ കാതോര്‍ക്കുന്നത് പോലെയാണന്നെ് പഴയമക്കാര്‍ പറയുന്നു. ഓതിപ്പഠിച്ച നാടു മുതല്‍ വിവിധ കാലങ്ങളില്‍ വ്യത്യസ്ഥ ഇടങ്ങളിലായി ജോലി ചെയ്ത സ്ഥലങ്ങളിലും സന്ദര്‍ശിക്കുവാന്‍ ഉസ്താദുമാര്‍ സമയം കണ്ടെത്തുന്നത് റമസാന്‍ കാലത്താണ്. ഈ സന്ദര്‍ശനവേളയില്‍ ശിഷ്യന്മാരും മറ്റ് നാട്ടുകാരും നല്‍കുന്ന സദഖയും സകാത്തുമാണ് ഒരു വര്‍ഷത്തെ ബഡ്ജറ്റായി ഉസ്താദുമാരില്‍ പലരും കണക്കാക്കുന്നത.് ലോക് ഡൗണ്‍ കാരണം മദ്രസകള്‍ രണ്ട് മാസം നേരത്തെ അടഞ്ഞതും പള്ളികള്‍ പൂട്ടിയതും കാരണം പള്ളികളില്‍ ബാങ്ക് വിളിക്കുന്ന മുഅദ്ധിന്‍മ്മാര്‍ വരെ സ്വന്തം വീടുകളിലായത് സക്കാത്തും മറ്റും ലഭിക്കാതെ ആയ മുഅല്ലിം വിഭാഗത്തിന് നഷ്ടമാകുന്നത് ഒരു വര്‍ഷത്തെക്കുള്ള കരുതലാണ്.
കുടുംബം പോറ്റുവാനും വീട് വെച്ചതും പെണ്‍മക്കളെ കെട്ടിച്ചയച്ചതുമായ കടങ്ങളും മറ്റും ഏറെക്കുറെ വീട്ടിപ്പോന്നത് പരിശുദ്ധ റംസാന്‍ മാസത്തിലായിരുന്നു റമസാന്‍ കാലം ഇങ്ങനെ ആയിപ്പോയത് മനംനൊന്ത് കരയുകയാണ്. നാട്ടിന്‍ പുറങ്ങളില്‍ ബാങ്ക് വിളിക്കുവാന്‍ മാത്രം തുറക്കുന്ന പള്ളികളില്‍ ബാങ്ക് വിളിക്കുന്നതും മറ്റും നിര്‍വ്വഹിക്കുന്നത് നാട്ടുകാര്‍ തന്നെയാണ്.
ഗള്‍ഫില്‍ നിന്നുള്ള വരവ് നിന്നതോടെ പിടിച്ച് നില്‍ക്കുവാന്‍ പാട് പെടുന്ന നിരവധി മതസ്ഥാപനങ്ങളും കോവിഡ് കാലത്തെ ശപിക്കുകയാണ്‌വീടുകള്‍ കയറിയുള്ള പിരിവുമായി റസീവര്‍മ്മാര്‍ വരാത്തതും വരിസംഖ്യകളും മറ്റും ലഭിക്കാത്തതും ജീവനക്കാരുടെ ശമ്പളം കൊടുക്കുവാന്‍ പോലും പ്രയാസപ്പെടുകയാണ് പല മതസ്ഥാപനങ്ങളും.റമസാനിന്റെ രണ്ട് മാസം മുമ്പേ നോമ്പ് തുറക്കുള്ള ബുക്കിംഗ് പൂര്‍ണ്ണമാകുന്ന ഓര്‍ഫനേജുകളിലും ഈ ദുരിതകാലം നഷ്ടങ്ങളുടെതാണ്.