റഷ്യയില്‍ കോവിഡ് വ്യാപിക്കുന്നു

18
ഫിലിപ്പീന്‍സിലെ മനിലയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മൂലം ജോലി നഷ്ടമായവര്‍ക്കുള്ള സര്‍ക്കാരിന്റെ സാമ്പത്തിക സഹായം വിതരണം ചെയ്യുന്നു

24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 10,559 പേര്‍ക്ക്; ലോകത്ത് മരണ സംഖ്യ 2.59 ലക്ഷം

മോസ്‌കോ: റഷ്യയില്‍ കോവിഡ് അതിവേഗം വ്യാപിക്കുന്നു. ഓരോ ദിവസവും പതിനായിരത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ആകെ രോഗികളുടെ എണ്ണം 1,65,929 ആയി ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി നാലാം ദിവസമാണ് റഷ്യയില്‍ 10000-ലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗികളുടെ എണ്ണത്തില്‍ ഏഴാം സ്ഥാനത്താണ് റഷ്യ.
ലോകത്ത് ആകെ മരണം 2,59,505 ആയി ഉയര്‍ന്നു. അമേരിക്കയിലാണ് കൂടുതല്‍ പേര്‍ മരണപ്പെട്ടത്. ഇന്നലെ രാത്രി വരെ 72,381 പേരാണ് അമേരിക്കയില്‍ മരിച്ചത്. ബ്രിട്ടനില്‍ 30,000 ത്തിലധികം പേര്‍ മരണപ്പെട്ടതായും അനൗദ്യോഗിക വിവരമുണ്ട്. എന്നാല്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 29,427 പേരാണ് മരണപ്പെട്ടത്. ഇറ്റലിയില്‍ 29,315 പേരും സ്‌പെയിനില്‍ 25,857 പേരുമാണ് കോവിഡ് ബാധിച്ച് ആകെ മരണപ്പെട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 86 മരണമാണ് റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 1537 ആയി ഉയര്‍ന്നു. 21,327 പേരാണ് പേരാണ് റഷ്യയില്‍ രോഗമുക്തി നേടിയത്. 2300-ലേറെ ആളുകളുടെ സ്ഥിതി ഗുരുതരമാണ്. പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്തിന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. റഷ്യയില്‍ തലസ്ഥാനമായ മോസ്‌കോയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. ഇത് റഷ്യ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളാണ്.എന്നാല്‍ യഥാര്‍ഥ കണക്കുകള്‍ ഇതിനേക്കാള്‍ വളരെ കൂടുതലാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വൈറസ് വ്യാപനം തുടങ്ങിയപ്പോള്‍ തന്നെ റഷ്യ അതിര്‍ത്തികള്‍ അടച്ചിടുകയും പ്രതിരോധ നടപടികള്‍ ശക്തമാക്കുകയും ചെയ്തിരുന്നു.
37 ലക്ഷത്തിലേറെ ആളുകള്‍ക്കാണ് 212 രാജ്യങ്ങളിലായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. യൂറോപ്പില്‍ ആദ്യം വൈറസ് വ്യാപനം രൂക്ഷമായ രാജ്യങ്ങളായ ഇറ്റലിയിലും സ്പെയിനിലും ഇപ്പോള്‍ രോഗബാധ കുറയുകയാണ്. ചൈനയ്ക്ക് ശേഷം യൂറോപ്പിലാണ് കൊവിഡ് വ്യാപനം ആദ്യം രൂക്ഷമായത്. ഇറ്റലിയിലും സ്പെയിനിലുമാണ് ആദ്യം കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്തത്. അതിന് പിന്നാലെ യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും രോഗം പടരുകയും മരണസംഖ്യ ഉയരുകയും ചെയ്തു. അതോടെ യൂറോപ്പ് ഏതാണ്ട് മുഴുവന്‍ വൈറസിന്റെ പിടിയിലായി.ഭൂരിഭാഗം രാജ്യങ്ങളും പൂര്‍ണമായോ ഭാഗികമായോ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഈ സമയത്ത് റഷ്യ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും കേസുകള്‍ വളരെ കുറവായിരുന്നു. ഇപ്പോള്‍ ഇറ്റലിയിലും സ്പെയിനിലും ഉള്‍പ്പെടെ പുതിയ രോഗികളുടെ എണ്ണവും മരണസംഖ്യയും കുറയുകയാണ്. മരണസംഖ്യ കുറയാത്ത ബ്രിട്ടന്‍ ഒഴികെയുള്ള രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ തുടങ്ങി. എന്നാല്‍ ഇപ്പോള്‍ റഷ്യയില്‍ അതിവേഗം രോഗം പടരുകയാണ്.