ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് റെയില്‍വെ തയ്യാറാക്കിയ ഐസൊലേഷന്‍ കൊച്ചുകള്‍ രാജ്യത്തെ 215 റെയില്‍വെ സ്റ്റേഷനുകളില്‍ വിന്യസിക്കും.
ഐസൊലേഷന്‍ കോച്ചുകളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കെയര്‍ സെന്ററുകളില്‍ വൈറസ് ബാധ സംശയിക്കുന്നവരെയോ നേരിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയോ ആയിരിക്കും പ്രവേശിപ്പിക്കുക. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു.
രാജ്യത്തെ 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള റെയില്‍വെ സ്റ്റേഷനുകളിലാവും ഐസൊലേഷന്‍ കോച്ചുകള്‍ എത്തിക്കുക. വൈറസ് ബാധ സംശയിക്കുന്നവരെയും സ്ഥിരീകരിച്ചവരെയും പാര്‍പ്പിക്കാനുള്ള പ്രത്യേക കോച്ചുകള്‍ റെയില്‍വെ സ്റ്റേഷനുകളിലെ കോവിഡ് കെയര്‍ സെന്ററുകളിലുണ്ടാവും. ഇവിടെ പ്രവേശിപ്പിച്ചവരില്‍ ആരുടെയെങ്കിലും ആരോഗ്യനില മോശമായാല്‍ ഉടന്‍ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോവിഡ് ആശുപത്രികളുമായി സഹകരിച്ചാവും സെന്ററുകളുടെ പ്രവര്‍ത്തനം.
രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെല്ലാം ഇത്തരം കോവിഡ് കെയര്‍ സെന്ററുകളുണ്ടാവും. പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഗുജറാത്ത്, അസം, അരുണാചല്‍ പ്രദേശ്, ഹരിയാണ, പശ്ചിമ ബംഗാള്‍, ജമ്മു – കശ്മീര്‍, മധ്യപ്രദേശ്, തെലങ്കാന, ബിഹാര്‍, ആന്ധ്രാപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഢ്, ത്രിപുര, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കാവും റെയില്‍വെ ഐസൊലേഷന്‍ കോച്ചുകള്‍ സ്ഥാപിക്കുക.
അതേ സമയം ഐസൊലേഷന്‍ കോച്ചുകള്‍ എതത്തിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല. റെയില്‍വെയുടെ 85 കോവിഡ് കെയര്‍ സെന്ററുകളില്‍ സ്വന്തം ആരോഗ്യ പ്രവര്ത്തകരാവും രോഗികളെ പരിചിക്കുന്നത്.
മറ്റുള്ളവ വിവിധ സംസ്ഥാനങ്ങളുടെ സകരണത്തോടെ പ്രവര്‍ത്തിപ്പിക്കും. 5,150 കോച്ചുകളാണ് റെയില്‍വെ ഇതുവരെ ഐസൊലേഷന്‍ കോച്ചുകളാക്കി മാറ്റിയിട്ടുള്ളത്. ഹോസ്പിറ്റല്‍ ഓണ്‍ വീല്‍സ് എന്നപേരില്‍ സഞ്ചരിക്കുന്ന ആശുപത്രിയും റെയില്‍വെയുടെ പരിഗണനയിലുണ്ട്.