ലിബിയ അല്‍വതിയ വ്യോമതാവളം ഹഫ്താറിന് നഷ്ടമായി

44
ലിബിയയില്‍ വിമത കമാന്‍ഡര്‍ ഖലീഫ് ഹഫ്താറിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന അല്‍ വതിയ വ്യോമതാവളം പിടിച്ചെടുത്ത ജി.എന്‍.എ പോരാളികള്‍ ആഹ്‌ളാദത്തില്‍

ട്രിപ്പോളി: വിമത കമാന്‍ഡര്‍ ഖലീഫ് ഹഫ്താറിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന തന്ത്രപ്രധാന അല്‍ വതിയ വ്യോമതാവളം അന്താരാഷ്ട്ര അംഗീകാരമുള്ള ഭരണകൂടം ഗവര്‍മെന്റ് ഓഫ് നാഷണല്‍ അക്കോര്‍ഡ് (ജി.എന്‍.എ) പിടിച്ചെടുത്തു. തുനീഷ്യന്‍ അതിര്‍ത്തിക്ക് സമീപമുള്ള വ്യോമതാവളത്തിന്റെ മുഴുവന്‍ നിയന്ത്രണവും ട്രിപ്പോളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജി.എന്‍.എ ഏറ്റെടുത്തു. മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് വിജയം സാധ്യമായതെന്ന് സൈനിക വക്താവ് മുഹമ്മദ് ഗ്നുനു അറിയിച്ചു. പ്രധാനമന്ത്രി ഫയാസ് അല്‍ സറാജിന്റെ ഭരണകൂടം ഹഫ്താറിനുമേല്‍ കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമാണിത്. 2019 ഏപ്രിലില്‍ ട്രിപ്പോളിയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ഹഫ്താര്‍ സേന തുടങ്ങിയ ആക്രമണത്തില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അല്‍ വതിയ പിടിച്ചെടുത്തതോടെ ദക്ഷിണ ട്രിപ്പോളിയില്‍ ഹഫ്താര്‍ പോരാളികള്‍ക്കുമേല്‍ ആധിപത്യമുറപ്പിക്കാന്‍ ജി.എന്‍ .എക്ക് കൂടുതല്‍ സൗകര്യമായി. ദീര്‍ഘകാലം ലിബിയ ഭരിച്ച കേണല്‍ മുഅമ്മര്‍ ഖദ്ദാഫി 2011ല്‍ അധികാരഭ്രഷ്ടനാകുകയും കൊല്ലപ്പെടുകയും ചെയ്തതിന് ശേഷം ലിബിയയില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ തുടരുകയാണ്. നിലവില്‍ വ്യക്തമായ ഭരണ, പൊലീസ് സംവിധാനങ്ങള്‍ രാജ്യത്തില്ല. രാജ്യത്തിന്റെ ഓരോ ഭാഗങ്ങളും വ്യത്യസ്ത സായുധ സംഘങ്ങളുടെ നിയന്ത്രണത്തിലാണ്.