ലോകത്ത് കോവിഡ് മരണം 2.84 ലക്ഷം; ബ്രിട്ടനില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബ്രസീലില്‍ മരണസംഖ്യ കൂടുന്നു

15
തുര്‍ക്കിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് രണ്ട് മാസത്തിന് ശേഷം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പുറത്തു ഇറങ്ങാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് ബീച്ചില്‍ എത്തിയവര്‍

ലണ്ടന്‍: ലോകത്താകെ കോവിഡ് ഭീതി തുടരുകയാണ്. ഒരു ഭാഗത്ത് ലോക്ക് ഡൗണുകള്‍ പിന്‍വലിക്കുന്നുണ്ട്. എന്നാല്‍ പല രാജ്യങ്ങളിലും മരണസംഖ്യയും രോഗികളുടെ എണ്ണവും ഉയരുകയാണ്. ലോകത്താകെ 2,84,382 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 42 ലക്ഷത്തിലേറെ ആളുകളെയാണ് രോഗം ബാധിച്ചത്. ലോകത്താകെ 15 ലക്ഷത്തിലേറെ ആളുകളാണ് രോഗമുക്തി നേടിയത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണവും റിപ്പോര്‍ട്ട് ചെയ്തത്. 80,787 പേരാണ് മരിച്ചത്. 13.67 ലക്ഷത്തിലേറെ പേര്‍ രോഗബാധിതരായി. അതേ സമയം മരണസംഖ്യ ഉയരുന്നതിനിടയിലും പല രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ നീക്കി തുടങ്ങിയിട്ടുണ്ട്. യൂറോപ്പിലാണ് രോഗവ്യാപന തോത് കുറഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ ചില ഇളവ് പ്രഖ്യാപിച്ചത്.
രോഗ വ്യാപനം രൂക്ഷമായ യൂറോപ്പിലെ പ്രധാന കേന്ദ്രമായിരുന്ന ഇറ്റലിയില്‍ മരണ നിരക്ക് കുറഞ്ഞു വരുന്നുണ്ട്. പ്രതിദിനം 1000 മരണം വരെ റിപ്പോര്‍ട്ട് ചെയ്ത ദിവസങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതിദിന മരണനിരക്ക് ഗണ്യമായി കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 164 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 30,560 ആയി. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,19,070 ആയി. 1,05,186 പേര്‍ രോഗമുക്തരായിട്ടുണ്ട്. 1027 പേര്‍ മാത്രമാണ് നിലവില്‍ ഗുരുതരാവസ്ഥയിലുള്ളത്. ഇറ്റലിക്ക് സമാനമായ രീതിയില്‍ രോഗം വ്യാപിച്ച സ്പെയിനിലും ഏതാനും ദിവസങ്ങളായി പുതിയ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. ആകെ മരണം 26,744 ആയി. 2,68,143 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,77,846 പേര്‍ രോഗമുക്തകായി. 1650 പേരാണ് ഇനി ഗുരുതരാവസ്ഥയിലുള്ളത്. പ്രതിദിന മരണസംഖ്യ 200-ല്‍ താഴെയായതിന് ശേഷമാണ് സ്പെയിന്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. സ്ഥിതി രൂക്ഷമായി തുടരുന്ന ബ്രിട്ടനില്‍ ലോക്ക് ഡൗണ്‍ ജൂണ്‍ ഒന്ന് വരെ തുടരുമെങ്കിലും ഇന്നലെ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ചിരിക്കുകയാണ് ബോറിസ് ജോണ്‍സണ്‍. ആളുകള്‍ക്ക് പുറത്തിറങ്ങാനും ജോലിക്ക് പോകാനും വിലക്കുകളുണ്ടാവില്ല. സ്റ്റേ അറ്റ് ഹോം എന്ന നിര്‍ദേശത്തിന് പകരം സ്റ്റേ അലര്‍ട്ട് എന്നാണ് പുതിയ നിര്‍ദേശം. സ്‌കൂളുകള്‍ ജൂണ്‍ ഒന്ന് വരെ തുറക്കില്ല. നിയന്ത്രണങ്ങള്‍ നീക്കിയാല്‍ ബ്രിട്ടനില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏഴാഴ്ച മുമ്പാണ് ബ്രിട്ടനില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതുവരെ 31,855 പേരാണ് മരിച്ചത്. 2,19,183 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ബ്രിട്ടനിലാണ്.
യൂറോപ്പില്‍ രോഗബാധ കുറയുമ്പോള്‍ ബ്രസീലില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാവുകയാണ്. ലാറ്റിനമേരിക്കയില്‍ കൊവിഡ് ഏറ്റവുമധികം നാശം വിതക്കുന്നത് ബ്രസീലിലാണ്. മറ്റു രാജ്യങ്ങള്‍ നേരത്തെ തന്നെ പ്രതിരോധ നടപടികള്‍ സ്വീകരിച്ചപ്പോള്‍ ബ്രസീല്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നില്ല. ബ്രസീലില്‍ ആകെ മരണം 11,168 ആയി. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,63,427 ആയി.
ചൈനക്ക് പുറത്ത് ആദ്യം കൊറോണ വൈറസ് വ്യാപനം രൂക്ഷമായ രാജ്യമാണ് ഇറാന്‍. ആഴ്ചകളോളം രൂക്ഷമായി തുടര്‍ന്ന ശേഷമാണ് ഇറാനില്‍ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കുറവുണ്ടായത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും വൈറസ് വ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞ ദിവസം 1500 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.ഇറാനില്‍ ഇതുവരെ 6,685 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,09,286 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 87,422 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.