ലോകത്ത് മരണം 2.45 ലക്ഷം

31
ഇസ്രാഈലിലെ അധിനിവേശ വെസ്റ്റ് ബാങ്കിലെ സ്‌കൂളില്‍ സുരക്ഷാ മാസ്‌കുകളും സാമൂഹിക അകലവും പാലിച്ച് പഠനം ആരംഭിച്ചപ്പോള്‍

രോഗമുക്തരായവര്‍ 11.28 ലക്ഷം; ബ്രിട്ടനിലും അമേരിക്കയിലും സ്ഥിതി ഗുരുതരം

വാഷിംങ്ടണ്‍: ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷത്തിലേക്ക് അടുക്കുന്നു. 35.02 ലക്ഷത്തിലേറെ ആളുകള്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. യൂറോപ്പില്‍ പൊതുവെ രോഗവ്യാപനം കുറയുന്നതിന്റെ സൂചനയുമുണ്ട്. അമേരിക്ക തന്നെയാണ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും മുന്നില്‍. യൂറോപ്പില്‍ പൊതുവെ രോഗബാധ കുറയുകയാണെങ്കിലും ബ്രിട്ടനില്‍ സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. റഷ്യയാണ് യൂറോപ്പിലെ പുതിയ വൈറസ് വ്യാപന കേന്ദ്രമായി മാറിയിരിക്കുന്നത്. ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും രോഗവ്യാപനം കൂടുന്നുണ്ട്.
ഇന്നലെ രാത്രിവരെ 2,45,082 മരണമാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 67,448 പേരാണ് ആകെ മരിച്ചത്. രോഗബാധിതരുടെ എണ്ണം 11.6 ലക്ഷത്തിലേറെയായി. ആയിരത്തിലേറെ പേര്‍ ദിവസവും മരിക്കുമ്പോള്‍, രാജ്യത്ത് നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങുകയാണ്. നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. പ്രതിഷേധങ്ങളെ പിന്തുണക്കുന്ന നിലപാടാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്നത്. ബ്രിട്ടനില്‍ ആകെ മരണം 28,131 ആയി. 1,82,260 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യം വൈറസ് വ്യാപനത്തിന്റെ പാരമ്യാവസ്ഥ പിന്നിട്ടതായാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്. എന്നാല്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ സമയമായില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നതിനിടയില്‍ പ്രതീക്ഷയാകുന്നത് രോഗമുക്തി നേടുന്നവരുടെ എണ്ണമാണ്. ലോകത്താകെ 11 ലക്ഷത്തിലധികം പേര്‍ക്ക് രോഗം മുക്തമായിട്ടുണ്ട്. 11,08,822 പേരാണ് വിവിധ രാജ്യങ്ങളിലായി രോഗമുക്തി നേടിയത്. രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുള്ള അമേരിക്കയില്‍ രോഗമുക്തി നിരക്ക് താരതമ്യേന കുറവാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗമുക്തി നിരക്ക് ഏറ്റവും കൂടുതലുള്ളത് ജര്‍മനിയിലാണ്. 1,64,967 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 1,30,600 പേര്‍ രോഗമുക്തരായി. സ്പെയിനില്‍ 2,45,567 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,46,233 പേര്‍ സുഖം പ്രാപിച്ചു. ഇറ്റലിയില്‍ 79,914 പേര്‍ക്കാണ് രോഗം ഭേദമായത്. 2,09,328 പേര്‍ക്കാണ് കോവിഡ് സ്ഥരിരീകരിച്ചത്. ഫ്രാന്‍സില്‍ 1,68,396 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 5,0562 പേരാണ് സുഖം പ്രാപിച്ചത്.