ലോകത്ത് മരണം 3 ലക്ഷത്തിലേക്ക്‌

12
ഫിന്‍ലാന്റിലെ എസ്പൂവില്‍ ഇസ്റ്റിങ്കല്ലിയോ പ്രൈമറി സ്‌കൂളിലേക്കുള്ള പ്രവേശന കവാടത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ നില്‍ക്കുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് അടച്ചിട്ട സ്‌കൂളുകള്‍ ഇന്നലെയാണ് തുറന്നത്‌

റഷ്യയിലും ജര്‍മ്മനിയിലും ആശങ്ക തുടരുന്നു; ഏഷ്യയിലും കോവിഡ് വ്യാപിക്കുന്നു

വാഷിംങ്ടണ്‍: കൊവിഡ്-19 ലോകത്തെ വിട്ടൊഴിയുന്നില്ല. മരണസംഖ്യ കുതിച്ചുയരുന്നത് തുടരുകയാണ്. പ്രതിദിനം ആയിരക്കണക്കിനാളുകളാണ് പുതുതായി രോഗബാധിതരാകുന്നത്. കൂടുതല്‍ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം കൂടുകയാണ്. ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. വ്യാഴാഴ്ച രാവിലെ വരെ 2,98,847 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 44.54 ലക്ഷത്തിലേറെ ആളുകളാണ് രോഗബാധിതരായത്. ലോകത്താകെ 16.76 ലക്ഷത്തിലേറെ ആളുകളാണ് രോഗമുക്തി നേടിയത്. അരലക്ഷത്തോളം ആളുകള്‍ ഗുരുതരാവസ്ഥയിലാണ്. അമേരിക്കയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ മരണവും രോഗബാധിതരുമുള്ളത്. യൂറോപ്പിനും അമേരിക്കക്കും ശേഷം ലാറ്റിനമേരിക്കയും ഏഷ്യയും രോഗകേന്ദ്രങ്ങളാവുകയാണ്. ആഫ്രിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും ഭീതി വളരുകയാണ്.
ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ മൂന്നിലൊന്നും അമേരിക്കയിലാണ്. ആഗോള മരണസംഖ്യ മൂന്ന് ലക്ഷത്തിലേക്ക് അടുക്കുമ്പോള്‍, അമേരിക്കയില്‍ ഒരുലക്ഷത്തോട് അടുക്കുകയാണ്. ഇതുവരെ 85,197 മരണമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,813 പേരാണ് മരിച്ചത്. 21,712 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 14.30 ലക്ഷത്തിലേറെയായി. മൂന്ന് ലക്ഷത്തിലേറെ ആളുകള്‍ മാത്രമാണ് അമേരിക്കയില്‍ രോഗമുക്തി നേടിയത്. 16,000-ലേറെ പേര്‍ ഗുരുതരാവസ്ഥയിലാണ്.
യൂറോപ്പില്‍ മുഴുവന്‍ രോഗവ്യാപനം കുറഞ്ഞ് തുടങ്ങിയപ്പോഴും ബ്രിട്ടനില്‍ രൂക്ഷമായി തുടരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബ്രിട്ടനിലും രോഗവ്യാപനം കുറയുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനിടെ 500 ല്‍ താഴെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 33,186 ആയി. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മരണം ബ്രിട്ടനിലാണ്. ആകെ രോഗബാധിതരുടെ എണ്ണം 2,29,705. 1,559 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളതെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. തിങ്കളാഴ്ചയാണ് ബ്രിട്ടനില്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. ലോക്ക് ഡൗണ്‍ ജൂണ്‍ ഒന്ന് വരെ തുടരുമെങ്കിലും ആളുകള്‍ക്ക് പുറത്തിറങ്ങുന്നതിനുള്ള വിലക്ക് ഉള്‍പ്പെടെ ചില നിയന്ത്രണങ്ങളാണ് നീക്കിയത്. ആദ്യഘട്ടത്തില്‍ വൈറസിനെ ഫലപ്രദമായി പ്രതിരോധിച്ച ജര്‍മനിയില്‍ ആശങ്ക വളരുന്നു. പരിശോധനകള്‍ വ്യാപകമാക്കി രോഗബാധിതരെ വേഗത്തില്‍ കണ്ടെത്തിയ ജര്‍മനിയില്‍ മരണനിരക്ക് മറ്റു യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ വളരെ കുറവായിരുന്നു. പരിശോധനകള്‍ കൂടുതല്‍ നടത്തുന്നതിനാല്‍ രോഗികളുടെ എണ്ണം കൂടുതലായിരുന്നു. പുതിയ കേസുകളും കുറഞ്ഞതോടെയാണ് ജര്‍മനി നിയന്ത്രണങ്ങള്‍ നീക്കിയത്. എന്നാല്‍ ഇപ്പോള്‍ മരണസംഖ്യയും പുതിയ രോഗികളുടെ എണ്ണവും വീണ്ടും ഉയരുകയാണ്. ആകെ മരണം 7,861 ആയി. 927 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതര്‍ 1,74,098.
ആദ്യം രോഗവ്യാപനം രൂക്ഷമായ ഇറ്റലിയിലും സ്പെയിനിലും മരണസംഖ്യയും രോഗികളുടെ എണ്ണവും കുറയുന്നുണ്ട്. സ്പെയിനില്‍ ആകെ മരണം 27,321. ഇറ്റലിയില്‍ 195 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 31,106. ആകെ രോഗികള്‍ 2,22,104. അതേസമയം, റഷ്യയില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 936 പേര്‍ മരിക്കുകയും 9,974 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആകെ മരണസംഖ്യ 2,305 ആയി. രോഗബാധിതരുടെ എണ്ണം 2,52,245 ആയി. രോഗികളുടെ എണ്ണത്തില്‍ റഷ്യ മൂന്നാം സ്ഥാനത്താണിപ്പോള്‍.