ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ലോക്ക്ഡൗണ്‍ ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. അതേസമയം രോഗവ്യാപനം തീവ്രമായ കണ്ടെയ്ന്മെന്റ് സോണുകള്‍ മാത്രമാണ് അഞ്ചാംഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവുക. മറ്റു മേഖലകളില്‍ എല്ലാ സംവിധാനങ്ങളും ഘട്ടം ഘട്ടമായി തുറക്കാന്‍ അനുമതി നല്‍കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിശദമായ മാര്‍ഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നാലാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് കണ്ടെന്‍മെന്റ് സോണുകളില്‍ മാത്രമാക്കി ചുരുക്കി അഞ്ചംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
ആദ്യ ഘട്ടത്തില്‍ ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവയാണ് തുറക്കാന്‍ അനുവദിക്കുക. ജൂണ്‍ എട്ടിനാണ് ഒന്നാംഘട്ട ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.
രണ്ടാംഘട്ടത്തില്‍ സ്കൂളുകള്‍, കോളജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാം. എന്നാല്‍ സംസ്ഥാന സര്‍ക്കാറുകളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ എന്നു മുതലായിരിക്കും സ്കൂളുകളും കോളജുകളും തുറക്കുക എന്ന കാര്യത്തില്‍ തീരുമാനമുണ്ടാവൂ. ജൂണില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈയില്‍ മാത്രമേ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകൂ. സ്വാഭാവികമായും ഇതിന്റെ തുടര്‍ച്ചയായി വരുന്ന മൂന്നാംഘട്ട ഇളവുകള്‍ പ്രാബല്യത്തിലാകാനും കാലതാമസം വന്നേക്കും. മൂന്നാംഘട്ടത്തില്‍ സിനിമാ തിയേറ്ററുകള്‍, ജിംനേഷ്യം സെന്ററുകള്‍, രാജ്യാന്തര വിമാന സര്‍വീസുകള്‍, വലിയ തോതില്‍ ആളുകള്‍ കൂടാത്ത സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്കാരിക, മതപരമായ ചടങ്ങുകള്‍ എന്നിവക്കും അനുമതിയുണ്ടാകും.
അതേസമയം കണ്ടെയ്ന്മെന്റ് സോണുകള്‍ക്ക് ഈ ഇളവുകള്‍ ഒന്നും തന്നെ ബാധകമല്ല. ഇവിടെ നിലവിലുള്ള നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ അതേപടി തുടരും. ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അതത് ജില്ലാ ഭരണകൂടങ്ങളാണ് കണ്ടെന്‍മെന്റ് സോണുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കുക. അവശ്യ സേവനങ്ങള്‍ക്ക് മാത്രമേ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാകൂ. കണ്ടെന്‍മെന്റ് സോണുകളിലേക്കും ഇവിടെനിന്ന് പുറത്തേക്കും ആളുകളുടെ സഞ്ചാരത്തിന് നിയന്ത്രണം തുടരും. ഇത്തരം മേഖലകളില്‍ രോഗവ്യാപനത്തിന്റെ തോത് തിട്ടപ്പെടുത്താന്‍ വീടു വീടാന്തരമുള്ള സര്‍വേകളും ക്ലിനിക്കല്‍ പരിശോധനകളും നടത്തും. പുതിയ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കണ്ടെയ്ന്മെന്റ് സോണുകളോടു ചേര്‍ന്ന് ബഫര്‍ സോണുകള്‍ നിശ്ചയിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ജില്ലാ ഭരണകൂടങ്ങളാണ് ഇത് നിശ്ചയിക്കേണ്ടതും അതിര്‍ത്തികള്‍ കണക്കാക്കേണ്ടതും. ഇവിടെ അനിവാര്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണെന്നും സര്‍ക്കുലര്‍ പറയുന്നു.
അതേസമയം രാജ്യത്തൊട്ടാകെ ജില്ലാ ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിശാനിയമം അഞ്ചാം ഘട്ടത്തിലും തുടരും. രാത്രി ഒമ്പതിനും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ അടിയന്തര സാഹചര്യങ്ങളിലല്ലാതെ ജനം പുറത്തിറങ്ങരുത്. മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും ഉള്‍പ്പെടെയുള്ള കോവിഡ് മുന്‍കരുതലുകള്‍ എല്ലാ മേഖലകളിലും തുടരും. വിവാഹ ചടങ്ങുകള്‍ക്ക് പരമാവധി 50 പേരും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേരും മാത്രമേ പങ്കെടുക്കാവൂ. പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് പിഴ ഉള്‍പ്പെടെ ചുമത്താവുന്ന കുറ്റമായിരിക്കും. പൊതു സ്ഥലങ്ങളില്‍ മദ്യം, പാന്‍, പുകയില എന്നിവയുടെ ഉപയോഗത്തിനും നിരോധനമുണ്ടാകും.
ജോലി സ്ഥലങ്ങളില്‍ ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കൂടുതല്‍ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ തെര്‍മല്‍ സ്ക്രീനിങും സുരക്ഷാ മുന്‍കരുതലുകളും ഏര്‍പ്പെടുത്തണം. പൊതു സ്ഥലങ്ങളിലെല്ലാം തുടര്‍ച്ചയായ സാനിറ്റൈസേഷന്‍ സൗകര്യം ഒരുക്കണം. മാര്‍ക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. കോവിഡ് 19ഉമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്പപ്പോള്‍ അറിയുന്നതിന് ആരോഗ്യസേതു ആപ് മൊബൈല്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് സംസ്ഥാന, ജില്ലാ ഭരണകൂടങ്ങള്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുണ്ട്.
ഇതിനിടെ മധ്യപ്രേദശില്‍ സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 15 വരെ ദീര്‍ഘിപ്പിച്ചു. നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സിനിമാ, സീരിയല്‍ ചിത്രീകരണങ്ങള്‍ പുനരാരംഭിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.