ലോക്ക്ഡൗണ്‍ നാലാംഘട്ടം: സംസ്ഥാനത്ത് മാര്‍ഗ നിര്‍ദേശങ്ങളായി

26

ഇളവ് പ്രാബല്യത്തില്‍

ഷോപ്പിങ് കോംപ്ലക്സുകളിലെ 50 ശതമാനം കടകള്‍ തുറക്കാം
ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും പ്രവര്‍ത്തിക്കാം
റസ്റ്റോറന്റുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ രാത്രി ഒന്‍പത് വരെ
ബിവറേജസ് ഔട്ട്ലെറ്റുകള്‍ നിബന്ധനകളോടെ തുറക്കാം
ബാറുകളില്‍ മദ്യ വിതരണത്തിനും അനുമതി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് സംസ്ഥാനത്ത് ചില നിയന്ത്രണങ്ങള്‍ വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ മാളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവില്ല. എന്നാല്‍, ഷോപ്പിങ് കോംപ്ലെക്സുകളിലെ 50 ശതമാനം കടകള്‍ ഒരു ദിവസം തുറക്കാം. ഏതൊക്കെ കടകള്‍ തുറക്കണം എന്നത് സംബന്ധിച്ച് അവിടെയുള്ള കൂട്ടായ്മ തദ്ദേശ സ്ഥാപനങ്ങളുമായി ചര്‍ച്ചചെയ്ത് അവയുടെ അനുമതിയോടെ തീരുമാനിക്കും. ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും എയര്‍ കണ്ടീഷന്‍ സംവിധാനം ഒഴിവാക്കി ഹെയര്‍ കട്ടിങ്, ഷേവിങ് ജോലികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാം. ഒരു സമയം രണ്ടിലധികം പേര്‍ കാത്ത് നില്‍ക്കാന്‍ പാടില്ല. ഒരേ ടവല്‍ പലര്‍ക്കായി ഉപയോഗിക്കരുത്. കസ്റ്റമര്‍ തന്നെ ടവല്‍ കൊണ്ടുപോകുന്നതാണ് ഉത്തമം. ഫോണില്‍ അപ്പോയിന്‍മെന്റ് എടുക്കുന്ന സംവിധാനം പ്രോത്സാഹിപ്പിക്കണം.
റസ്റ്റോറന്റുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ക്ക് രാത്രി ഒന്‍പത് വരെ ഭക്ഷണവിതരണം നടത്താം. രാത്രി പത്തുവരെ ഓണ്‍ലൈന്‍ ഹോം ഡെലിവറിയും അനുവദിക്കും. ബിവറേജസ് ഓട്ട്ലെറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിങ് സജ്ജമാകുന്ന മുറയ്ക്ക് നിബന്ധനകള്‍ പാലിച്ചുകൊണ്ട് പാഴ്സല്‍ സര്‍വീസിനായി തുറക്കാം. ബാറുകളില്‍ മദ്യ വിതരണത്തിനും ആഹാര വിതരണത്തിനും ഈ നിബന്ധന ബാധകമാണ്. ഈ സംവിധാനം നിലവില്‍ വരുന്ന ദിവസം മുതല്‍ ക്ലബ്ബുകളില്‍ ഒരു സമയത്ത് അഞ്ച് ആളുകളില്‍ അധികം വരില്ലെന്ന നിബന്ധന പാലിച്ചുകൊണ്ട് അംഗങ്ങള്‍ക്ക് മദ്യവും ആഹാരവും പാഴ്സലായി വിതരണം ചെയ്യാം. ടെലിഫോണ്‍ ബുക്കിങോ മറ്റു മാര്‍ഗങ്ങളോ ക്ലബ്ബുകള്‍ സ്വീകരിക്കണം. അംഗങ്ങള്‍ അല്ലാത്തവരുടെ പ്രവേശനം ക്ലബ്ബുകളില്‍ അനുവദിക്കില്ല. കള്ളുഷാപ്പുകളില്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി കള്ളും ആഹാരവും വിതരണം ചെയ്യാമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.