ലോക്ക്ഡൗണ്‍ നീട്ടുമെന്ന് പ്രധാനമന്ത്രി;20 ലക്ഷം കോടിയുടെ പാക്കേജ്‌

31
ടെലിവിഷന്‍ വഴി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20ലക്ഷം കോടി രൂപയുടെ സമഗ്ര സാമ്പത്തിക പാക്കേജ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ രാത്രി എട്ട് മണിക്ക് ടെലിവിഷന്‍ വഴി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്തു ശതമാനം വരുന്നതാണ് പാക്കേജ്. എല്ലാ മേഖലക്കും ഇതിന്റെ ഗുണഫലം ലഭിക്കും. ഭൂമി, തൊഴില്‍, ധനലഭ്യത തുടങ്ങി എല്ലാ ഘടകങ്ങളും പാക്കേജിന്റെ ഭാഗമായിരിക്കും. പാക്കേജിന്റെ വിശദാംശങ്ങള്‍ നാളെ മുതല്‍ ധനമന്ത്രി പുറത്തുവിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നാലാംഘട്ടത്തില്‍ പുതിയ മാനദണ്ഡങ്ങളായിരിക്കും. സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താകും നാലാംഘട്ട ലോക്ക് ഡൗണിന്റെ മാനദണ്ഡങ്ങള്‍ തയ്യാറാക്കുക. മെയ് 18ന് മുമ്പ് ഇതുബന്ധിച്ച വിശദമായ വിവരങ്ങള്‍ പുറത്തുവിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുന്നാംഘട്ട ലോക്ക്ഡൗണ്‍ ഈ മാസം 17ന് അവസാനിക്കാനിരിക്കെയാണ് പ്രഖ്യാപനം. സംസ്ഥാന മുഖ്യമന്ത്രിമാരുമായി കഴിഞ്ഞദിവസം പ്രധാനമന്ത്രി ആറു മണിക്കൂര്‍ നീണ്ട മാരത്തണ്‍ വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ച നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ തുടരുന്നതു സംബന്ധിച്ചും കോവിഡ് വ്യാപനം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ചും സംസ്ഥാനങ്ങളുടെ നിലപാട് അറിയുകയായിരുന്നു ചര്‍ച്ചയുടെ ലക്ഷ്യം. ഇതിനു പിന്നാലെയാണ് ഇന്നലെ രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.
ഒരു വൈറസ് ലോകത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കിയെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി സംസാരം തുടങ്ങിയത്. കോടിക്കണക്കിന് ജീവിതങ്ങള്‍ വെല്ലുവിളി നേരിടുകയാണ്. ഇത്തരമൊരു പ്രതിസന്ധിയെ ലോകം മുമ്പ് അഭിമുഖീകരിച്ചിട്ടില്ല. പലര്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടമായി. അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും വേദനയില്‍ പങ്കു ചേരുകയും ചെയ്യുന്നു. കോവിഡിനു മുന്നില്‍ നമ്മള്‍ തകരുകയോ തോല്‍ക്കുകയോ ചെയ്യില്ല. കോവിഡില്‍നിന്ന് രക്ഷപ്പെടുകയും മുന്നേറുകയും ചെയ്യും. കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളിയേക്കാള്‍ വലുതാണ് നമ്മുടെ ദൃഢനിശ്ചയമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വയം പര്യാപ്തതയാണ് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള ഏക വഴി. സ്വയം പര്യാപ്തത ഉറപ്പാക്കിയാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും. കോവിഡ് പ്രതിസന്ധി ഒരേ സമയം വെല്ലുവിളിയും അവസരവുമാണ്. ആപത്തിനെ അവസരമാക്കിയതുകൊണ്ടാണ് പി.പി.ഇ കിറ്റുകളുടെ ദൗര്‍ലഭ്യം മറികടക്കാന്‍ കഴിഞ്ഞത്. ലോകം ധനകേന്ദ്രീകൃതമായ സ്ഥിതിയില്‍നിന്ന് മനുഷ്യകേന്ദ്രീകൃതമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യക്ക് മാനവരാശിയുടെ ക്ഷേമത്തിനായി ഒട്ടേറെ സംഭാവനകള്‍ നല്‍കാന്‍ കഴിയും.
ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ നിര്‍മ്മിക്കും. വിതരണ ശൃംഖലകള്‍ ആധുനീകരിക്കും. രാജ്യത്തിന് അതിനുള്ള ശേഷിയും കഴിവുമുണ്ട്. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിത്തറയാകും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര സാമ്പത്തിക പാക്കേജെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് ദീര്‍ഘകാലം മാനവരാശിക്കൊപ്പമുണ്ടാകുമെന്നാണ് ശാസ്ത്രലോകം നല്‍കുന്ന മുന്നറിയിപ്പ്. അതുകൊണ്ടുതന്നെ ഈ വെല്ലുവിളിയെ നേരിടാന്‍ നാം പ്രാപ്തരാകേണ്ടതുണ്ട്. ഒരു വൈറസിനു ചുറ്റും ജീവിതത്തെ കെട്ടിയിടാന്‍ നമുക്കാവില്ല. അതേസമയം തന്നെ വൈറസ് ബാധയേല്‍ക്കുന്നില്ലെന്ന് നാം സ്വയം ഉറപ്പാക്കണം. അതിനായി സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. ഇതെല്ലാം ഉള്‍കൊള്ളിച്ചു കൊണ്ടായിരിക്കും നാലാംഘട്ട ലോക്ക്ഡൗണിന്റെ മാനദണ്ഡങ്ങള്‍ തയ്യാറാക്കുക. രാജ്യത്തിന്റെ സ്വയം പര്യാപ്തത അഞ്ചു കാര്യങ്ങളെ ആശ്രയിച്ചാണ്. സാമ്പത്തിക സ്ഥിതി, അടിസ്ഥാന സൗകര്യം, സാങ്കേതിക ശേഷി, ജനസമ്പത്ത്, ചോദന(ഡിമാന്റ്). ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം സ്വയംപര്യാപ്തത നേടിയെടുക്കുന്നതിനുള്ള അനുകൂല ഘടകങ്ങളാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.