ലോക്ക്ഡൗണ്‍ സമ്മാനിച്ച ദുരിതം

37
സ്യൂട്ട്‌കേസിന് പുറത്ത് മകനെ കിടത്തി വലിച്ചു കൊണ്ടു പോകുന്ന അമ്മ 800 കിലോമീറ്റര്‍ അകലെയുള്ള സ്വന്തം ഗ്രാമത്തിലേക്കാണ് ഇവരുടെ ഈ നടത്തം

സ്യൂട്ട് കേസിന് പുറത്ത് മകനെ കിടത്തി വലിച്ചു പോകുന്ന അമ്മ,
ഗര്‍ഭിണിയായ ഭാര്യയെ കമ്പു കെട്ടി ഉന്തുവണ്ടിയുണ്ടാക്കി വലിക്കുന്ന തൊഴിലാളി,
രാജ്യത്തുടനീളം കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രയുടെ ദയനീയ കാഴ്ചകള്‍

ന്യൂഡല്‍ഹി: കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് മൂന്ന് ഘട്ടമായി നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ കാരണം സര്‍വസ്വവും നഷ്ടമായ കുടിയേറ്റ തൊഴിലാളികളുടെ പലായനം തുടരുന്നു.
തൊഴിലും കിടപ്പാടവും നഷ്ടമായ കുടിയേറ്റ തൊഴിലാളി കുടുംബങ്ങള്‍ പലതും സ്വന്തം ഗ്രാമങ്ങളിലെത്താനായി കാണിക്കുന്ന അതിസാഹസികത പലപ്പോഴും കാഴ്ചക്കാരെ ഈറനണിയിക്കുന്നതാണ്. ഉത്തര്‍ പ്രദേശിലെ ആഗ്ര ഹൈവേയില്‍ കണ്ട കാഴ്ച ഇത്തരത്തിലൊന്നായിരുന്നു നടന്ന് തളര്‍ന്ന ബാലനെ സ്യൂട്ട് കേസിന് മുകളില്‍ കിടത്തി വലിച്ചോണ്ടു പോകുന്ന അമ്മയെയാണ് ഇവിടെ കണ്ടത്.
കുട്ടി കൂടി സ്യൂട്ട് കേസിന് മുകളിലായതോടെ വലിച്ചോണ്ടു പോകുന്ന സ്യൂട്ട് കേസിന്റെ ഭാരം ഇരട്ടിയായിട്ടുണ്ടെങ്കിലും ഉറച്ച കാല്‍വെപ്പോടെ അവര്‍ മുന്നോട്ടു പോവുകയായിരുന്നു. പഞ്ചാബില്‍ നിന്നും ഝാന്‍സിയിലേക്ക് 800 കിലോ മീറ്ററോളം കാല്‍നട യാത്ര ചെയ്യുകയാണ് ഈ അമ്മയും മകനും ഉള്‍പ്പെടെയുള്ള സംഘം. എന്തു കൊണ്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാഹനങ്ങളില്‍ പോകുന്നില്ലെന്ന ചോദ്യത്തിന് ദൈന്യഭാവത്തോടെയുള്ള ഒരു നോട്ടം മാത്രം. ദിവസങ്ങളായി ജോലി ഒന്നുമില്ലാത്തതിനാല്‍ പണമില്ലാത്തതിന്റെ ദയനീയത ഇവര്‍ നടന്നു തീര്‍ക്കുകയാണ്. ഇതിനോടകം തന്നെ കാല്‍നടയാത്രയായി യാത്ര തിരിച്ചവര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സഹായങ്ങള്‍ കിട്ടുന്നില്ലെന്നതിന്റെ നേര്‍ ചിത്രം കൂടിയായിരുന്നു.
ഇത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒരു സൈക്കിളില്‍ രണ്ട് കുട്ടികളെ ഇരുത്തി നടന്നു നീങ്ങുന്ന കുടുംബമായിരുന്നു മറ്റൊരു കാഴ്ച 500 കിലോ മീറ്റര്‍ താണ്ടേണ്ടതുണ്ട് ഈ കുടുംബത്തിന്. ഹൈദരാബാദില്‍ നിന്നും മധ്യപ്രദേശിലേക്ക് കൈക്കുഞ്ഞിനേയും ഗര്‍ഭിണിയായ ഭാര്യയേയും തട്ടിക്കൂട്ടിയ ഉന്ത് വണ്ടിയില്‍ വലിച്ച് പോകുന്ന രാമു എന്ന കുടിയേറ്റ തൊഴിലാളിയുടെ ചിത്രം ഇതിലും ദയനീയമായിരുന്നു. പട്ടിണി കിടക്കാന്‍ ഇനിയും വയ്യെന്നതു കൊണ്ടാണ് ഇത്തരമൊരു സാഹസത്തിന് തയാറായതെന്ന് രാമു പറയുന്നു.
ലോക്ക് ഡൗണ്‍ ആയതിനാല്‍, യാത്ര ചെയ്യാന്‍ ബസ്സോ ട്രക്കോ കണ്ടെത്താനായില്ല. 700 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ മകളെയും ഗര്‍ഭിണിയായ ഭാര്യയെയും ഉന്തുവണ്ടിയിലിരുത്തി അതും വലിച്ചു യാത്രചെയ്യുകയായിരുന്നു രാമു. ചക്രവും തടിക്കഷണവും ഉപയോഗിച്ച് രാമു തന്നെയാണ് ഈ ഉന്തുവണ്ടിയുണ്ടാക്കിയത്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഒടുവില്‍ ചൊവ്വാഴ്ച അവര്‍ വീടെത്തിയ വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ചൊവ്വാഴ്ച ബാല്‍ഘട്ട് ജില്ലയിലെ അവരുടെ ഗ്രാമത്തില്‍ രാമുവും കുടുംബവുമെത്തി. ഞാന്‍ ആദ്യം എന്റെ മകളെ ചുമന്ന് നടക്കാന്‍ ശ്രമിച്ചു. പക്ഷേ, ഗര്‍ഭിണിയായ ഭാര്യയോടൊപ്പം കാല്‍നടയായി നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അതിനാല്‍, വഴിയിലെ കുറ്റിക്കാടില്‍ നിന്ന് കണ്ടെത്തിയ മരവും വിറകും ഉപയോഗിച്ച് ഞാന്‍ ഒരു താത്ക്കാലിക വണ്ടി നിര്‍മ്മിച്ചു. അങ്ങനെ ബാല്‍ഘട്ടുവരെ വണ്ടിയുന്തിയാണ് വന്നത്. സ്വന്തം ഗ്രാമത്തിലെത്താന്‍ ഭക്ഷണം കഴിക്കാതെ ദിവസങ്ങളോളം നടന്ന രാമു പറഞ്ഞു. മഹാരാഷ്ട്രയിലൂടെ കടന്നപ്പോള്‍ സബ് ഡിവിഷണല്‍ ഓഫീസര്‍ നിതേഷ് ഭാര്‍ഗവയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൂവര്‍ക്കും ബിസ്‌കറ്റും ഭക്ഷണവും നല്‍കി.
രാമുവിന്റെ കുഞ്ഞു മകള്‍ക്ക് പുതിയ ചെരുപ്പും കൊടുത്തു. മറ്റൊരു ‘വൈറല്‍ വീഡിയോ’ യില്‍, മധ്യപ്രദേശില്‍ നിന്നുള്ള ഒരു കുടിയേറ്റ തൊഴിലാളി സഹോദരനെയും ഭാര്യാമാതാവിനെയും വഹിച്ചുള്ള കാളവണ്ടിക്കൊപ്പം നടക്കുന്നത് കാണാം. കുടിയേറ്റ തൊഴിലാളികള്‍ കാല്‍ നടയായും ട്രക്കില്‍ കയറിയും തങ്ങളുടെ വീടുകളിലെത്താന്‍ കിലോമീറ്ററുകള്‍ താണ്ടി യാത്ര ചെയ്യുന്ന സംഭവങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്ത് ഇപ്പോള്‍ നിത്യ കാഴ്ചയാണ്. ഈ ദയനീയതയില്‍ നിന്നും കരകയറാന്‍ എന്ന് സാധിക്കുമെന്ന് ഇവര്‍ക്ക് യാതൊരു ഉറപ്പുമില്ല.