ലോക്ക്ഡൗണ്‍ 31 വരെ നീട്ടി

20
സോണുകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നിങ്ങനെ സോണുകള്‍ നിശ്ചയിക്കുന്നതിനും ഓരോ സോണിലേയും നിയന്ത്രണങ്ങള്‍ നിശ്ചയിക്കുന്നതിനുമുള്ള അധികാരം പൂര്‍ണമായും സം സ്ഥാന സര്‍ക്കാറുകള്‍ക്ക് കൈമാറി.

ന്യൂഡല്‍ഹി: കോവിഡ് 19 മഹാമാരിയെ നേരിടുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 31 വരെ ദീര്‍ഘിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. കൂടുതല്‍ ഇളവുകളോടെയും പുതിയ മാനദണ്ഡങ്ങളോടെയുമാണ് ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചിരിക്കുന്നത്. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്നലെ അര്‍ധരാത്രി അവസാനിക്കാനിരിക്കെ രാത്രി എഴു മണിയോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗണ്‍ ദീര്‍ഘിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
മാര്‍ച്ച് 25നാണ് രാജ്യവ്യാപകമായി ആദ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 വരെയായിരുന്നു ഇതിന്റെ കാലപരിധി. പിന്നീട് രണ്ടാംഘട്ടത്തില്‍ മെയ് മൂന്നു വരേയും മൂന്നാംഘട്ടത്തില്‍ മെയ് 17 വരേയും ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കുകയായിരുന്നു. ലോക്ക്ഡൗണിനു ശേഷവും രാജ്യത്ത് രോഗവ്യാപനം തുടരുകയാണുണ്ടായത്. അതേസമയം തന്നെ മറുപക്ഷത്ത് ഉത്പാദന, നിര്‍മാണ മേഖല ഒന്നാകെ സ്തംഭിച്ചതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നിയന്ത്രണം തുടരുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പിനെതുടര്‍ന്നാണ് ഘട്ടം ഘട്ടമായി കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത്. അതേസമയം സ്‌കൂളുകള്‍, കോളജുകള്‍, ഷോപ്പിങ് മാളുകള്‍, സിനിമാ തിയേറ്ററുകള്‍, മത സാമൂഹിക സാംസ്‌കാരിക സംഘം ചേരലുകള്‍ എന്നിവക്കെല്ലാം നാലാം ഘട്ടത്തിലും നിയന്ത്രണങ്ങള്‍ തുടരും. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയതും മാര്‍ക്കറ്റുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍ എന്നിവക്കും പ്രവര്‍ത്തനാനുമതി നല്‍കിയതായാണ് ശ്രദ്ധേയ നീക്കം.

അനുമതിയുള്ളത്.

ബാര്‍ബര്‍ ഷോപ്പുകള്‍
ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവ പ്രവര്‍ത്തിക്കാം
അന്തര്‍ സംസ്ഥാന യാത്ര
യാത്രാവാഹനങ്ങള്‍ക്കും ബസുകള്‍ക്കും സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ അനുവദിക്കാം. കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കി വേണം സര്‍വീസ്

അനുമതിയില്ലാത്തത്. 

സ്‌കൂളുകള്‍
സ്‌കൂളുകള്‍, കോളജുകള്‍, ആഭ്യന്തര വിമാന സര്‍വീസുകള്‍, ഹോട്ടലുകള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കും
നിശാ നിയമം
സി.ആര്‍.പി.സി 144 പ്രകാരം ജില്ലാ ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തിയ നിശാനിയമം അടുത്ത 14 ദിവസത്തേക്ക് കൂടി തുടരും. രാത്രി ഏഴിനും കാലത്ത് ഏഴിനുമിടയില്‍ ആളുകള്‍ പുറത്തിറങ്ങുന്നതിനുള്ള വിലക്ക് നിലനില്‍ക്കും. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാത ഈ സമയത്ത് പുറത്തിറങ്ങാനാവില്ല.
മാളുകള്‍
എല്ലാ സോണുകളിലും മാളുകളിലേത് ഒഴികെയുള്ള ഷോപ്പുകളും മാര്‍ക്കറ്റുകളും തുറക്കാം. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ തുടരേണ്ട നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ കടുത്ത നിയന്ത്രണം തുടരും. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയുണ്ടാവില്ല. അവശ്യ സാധന വിതരണ കേന്ദ്രങ്ങളും മെഡിക്കല്‍ സേവനങ്ങളും മാത്രമേ അനുവദിക്കൂ.
മെട്രോ സര്‍വീസ്
മെട്രോ റെയില്‍ സര്‍വീസുകള്‍ക്ക് നാലാംഘട്ട ലോക്ക്ഡൗണിലും അനുമതിയുണ്ടാകില്ല. സ്വകാര്യ വാഹനങ്ങള്‍ക്കുള്ള അനുമതി തുടരുമെങ്കിലും ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
ഹോട്ടല്‍, റസ്റ്റാറന്റ്
ഹോട്ടലുകള്‍ക്കും റസ്റ്റാറന്റുകള്‍ക്കും ആസ്പത്രികള്‍ ഒഴികെയുള്ള ആതുര സേവനങ്ങള്‍ക്കും നാലാംഘട്ട ലോക്ക്ഡൗണിലും അനുമതിയുണ്ടാകില്ല. അതേസമയം പൊലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ലോക്ക്ഡൗണിനെതുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നവര്‍, വിനോദ സഞ്ചാരികള്‍, ക്വാറന്റൈന്‍ സൗകര്യം എന്നിവക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തിക്കാം. ബസ് ഡിപ്പോകളിലേയും വിമാനത്താവളങ്ങളിലേയും ക്യാന്റീനുകള്‍ക്കും പ്രവര്‍ത്തിക്കാം. റസ്റ്റാറന്റുകള്‍ക്ക് ഹോം ഡെലിവറി, ടേക്ക് എവേ കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാം.
തിയേറ്റര്‍
സിനിമാ, നാടക തിയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യം സെന്ററുകള്‍, സ്വിമ്മിങ് പൂളുകള്‍, എന്റര്‍ടൈന്‍മെന്റ് പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, അസംബ്ലി ഹാളുകള്‍, സമാനമായ സ്ഥലങ്ങള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കും. സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും സ്റ്റേഡിയങ്ങളും തുറക്കാമെങ്കിലും കാണികളെ അനുവദിക്കില്ല.
സംഘം ചേരലുകള്‍
സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്‌കാരിക, മതപരായ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള സംഘം ചേരലുകള്‍ അനുവദിക്കില്ല. ആരാധനാലയങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും. മതപരമായ ആചാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വിലക്ക് നിലനില്‍ക്കും.