ലോക്ക് ഡൗണ്‍ മൂലം സന്ദര്‍ശകരില്ല; അക്വേറിയത്തിലെ മത്സ്യങ്ങള്‍ കടുത്ത വിഷാദരോഗത്തിലെന്ന്‌

173

സിഡ്‌നി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഓഫീസുകളും മറ്റ് സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍ ആളുകള്‍ വീടുകളില്‍ തന്നെ കഴിയുകയാണ്. ഈ സാഹചര്യം മത്സ്യങ്ങളില്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയെന്നാണ് ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.
ഓസ്‌ട്രേലിയിലെ ക്വീന്‍സ്ലാന്റിലെ കെയ്ന്‍സ് അക്വേറിയത്തില്‍ കഴിയുന്ന മത്സ്യങ്ങളിലാണ് വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. കൊവിഡ്-19 മൂലം മാര്‍ച്ച് പകുതിയോടെ അക്വേറിയം അടച്ചിട്ടതോടെ സന്ദര്‍ശകര്‍ എത്താതായി. പതിവായി ആളുകളെ കാണുകയും ഗ്ലാസിലൂടെ സന്ദര്‍ശകരുമായി ഇടപഴകുകയും ചെയ്തിരുന്ന മത്സ്യങ്ങള്‍ ഇതോടെ അലസരും ഒന്നിനും താല്‍പ്പര്യമില്ലാത്തവരുമായി തീര്‍ന്നുവെന്നാണ് കെയ്ന്‍സിലെ ക്യൂറേറ്ററും സമുദ്ര ജീവശാസ്ത്രജ്ഞനുമായ പോള്‍ ബാര്‍ണ്‍സ് എബിസി ന്യൂസിനോട് വ്യക്തമാക്കി.
അക്വേറിയത്തിന്റെ ഇരുണ്ട ഭാഗങ്ങളിലേക്ക് പല മത്സ്യങ്ങളും താമസം മാറ്റിക്കഴിഞ്ഞു. ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്നവയും ഇക്കൂട്ടത്തില്‍ ധാരാളമായുണ്ട്. മത്സ്യങ്ങള്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയ സാഹചര്യത്തില്‍ അവയ്ക്ക് മരുന്ന് നല്‍കുകയാണ് ആവശ്യമെന്നും അധികൃതര്‍ പറഞ്ഞു. സന്ദര്‍ശകര്‍ എത്തുന്നതും അവരുമായി ഇടപഴകാന്‍ കഴിയുന്നതും മത്സ്യങ്ങള്‍ ആസ്വദിച്ചിരുന്നു. ടാങ്കിന് പുറത്ത് നില്‍ക്കുന്ന ആളുകളുടെ മുഖം കാണുന്നതിനും വസ്ത്രങ്ങളുടെയും മറ്റും നിറങ്ങളും കാണുന്നത് അവയില്‍ ആകര്‍ഷണം ഉണ്ടാക്കിയിരുന്നു. പെട്ടെന്ന് ഒരു ദിവസം മുതല്‍ ഈ സാഹചര്യങ്ങള്‍ നഷ്ടമായതോടെ മത്സ്യങ്ങള്‍ നിരാശരായി തീര്‍ന്നുവെന്നും പോള്‍ ബാര്‍ണ്‍സ് വ്യക്തമാക്കി. മത്സ്യങ്ങള്‍ വ്യത്യസ്തമായ കാഴ്ചകള്‍ കാണാനും അത് മനസിലാക്കുവാനും ആഗ്രഹിക്കുന്നവരാണെന്നും ബാര്‍ണ്‍സ് പറഞ്ഞു. ടാങ്കില്‍ അലസരായി കഴിയുന്ന മത്സ്യങ്ങളെ പഴയ നിലയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി കെയ്ന്‍സിലെ ജീവനക്കാര്‍ വ്യക്തമാക്കി.