ലോക്ഡൗണ്‍ തീര്‍ന്നാല്‍ ഉടന്‍ തദ്ദേശ വോട്ടര്‍പട്ടിക

51

വരണാധികാരികളെ തീരുമാനിക്കാന്‍ നിര്‍ദേശം

ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഒരാഴ്ചക്കകം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 941 ഗ്രാമപഞ്ചായത്ത് 86 മുനിസിപ്പാലിറ്റി 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിക്കുക. 2015ലെ വോട്ടര്‍ പട്ടിക കരടായി പ്രസിദ്ധീകരിച്ചതോടെ മുമ്പ് ഒന്നോ അതിലധികമോ തവണ വോട്ടു ചെയ്തവര്‍ ഉള്‍പ്പെടെ ലക്ഷങ്ങളാണ് പട്ടികക്ക് പുറത്തായത്.
ഇവരുള്‍പ്പെടെ 21,69,348 പേരാണ് പുതുതായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ഇവരുടെ ഹിയറിംഗ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി അന്തിമ പട്ടികയാണ് ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിക്കാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. 2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവര്‍ക്കാണ് വോട്ടര്‍പട്ടികയില്‍ പേരുള്‍പ്പെടാന്‍ അവകാശമുളളത്. ലോക് ഡൗണ്‍ കാരണം അപേക്ഷിക്കാനാവാതെ പതിനായിരങ്ങള്‍ ഇപ്പോഴും പുറത്താണ്.
ഇവര്‍ക്ക് ഇനിയും അവസരം നല്‍കുമെന്ന അറിയിപ്പോടെ തട്ടിക്കൂട്ട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച് നടപടി ക്രമങ്ങള്‍ക്ക് തുടക്കമിടാനാണ് ശ്രമം. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചാല്‍ അതില്‍ കയറല്‍ എളുപ്പമല്ല. അശാസ്ത്രീയ വാര്‍ഡു വിഭജനം ഉപക്ഷിച്ചതുപോലെ ഒടുവില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക കരടാക്കിയാല്‍ ഒട്ടേറെ പ്രശ്‌നം പരിഹരിക്കുമായിരുന്നു. എന്നാല്‍, ഭരണഘടനാ പ്രതിസന്ധി പരിഹരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ കാലാവധി തീരുന്ന നവമ്പര്‍ 12നകം പുതിയ ഭരണസമിതികള്‍ നിലവില്‍ വരേണ്ടതുണ്ട്. ഇതിന്റെ ആദ്യപടിയായി തദ്ദേശ തെരഞ്ഞെടുപ്പില്‍ വരണാധികാരികളും ഉപ വരണാധികാരികളുമാവേണ്ടവരുടെ പട്ടിക തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും ജില്ലാതല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വരണാധികാരിയായി നിശ്ചയിക്കപ്പെട്ടാല്‍ അദ്ദേഹത്തെ സ്ഥലം മാറ്റാനോ ആ ചുമതലയില്‍ നിന്ന് മാറിനില്‍ക്കാനോ സാധിക്കില്ലെന്നതിനാല്‍ സര്‍ക്കാറിന്റെ അനുമതി ഇക്കാര്യത്തില്‍ പ്രധാനമാണ്. ഇവരുടെ മറ്റു ജോലികള്‍ തടസ്സപ്പെടാതിരിക്കാന്‍ ഓഫീസിന് തൊട്ടടുത്തുളള തദ്ദേശ സ്ഥാപനത്തിലാണ് ചുമതല നല്‍കേണ്ടത്. ജില്ലാ പഞ്ചായത്തുകളില്‍ അതാതു ജില്ലകളിലെ കലക്ടര്‍മാരാണ് വരണാധികാരികളാവുക.
ഗ്രാമപഞ്ചായത്തില്‍ ഗസറ്റഡ് റാങ്കിലുളള ഉദ്യോഗസ്ഥരെയും ബ്ലോക്ക് പഞ്ചായത്തിലും നഗരസഭകളിലും താലൂക്ക്-ജില്ലാ തലത്തിലുള്ള ഉദ്യോഗസ്ഥരെയും കോര്‍പ്പറേഷനുകളില്‍ ജില്ലാതല ഉദ്യോഗസ്ഥരെയുമാണ് വരണാധികാരികളായി നിശ്ചയിക്കേണ്ടത്. നഗരസഭകളില്‍ 35 വാര്‍ഡുകളില്‍ അധികമുണ്ടെങ്കില്‍ രണ്ടു വരണാധികാരികളും കോര്‍പ്പറേഷനില്‍ 55 വാര്‍ഡുകള്‍ വരെ രണ്ടും 56 മുതല്‍ 75 വരെ മൂന്നും അതിനു മുകളില്‍ നാലും വരണാധികാരികള്‍ ഉണ്ടാവും.
വാര്‍ഡു പുനഃവിഭജനം ഉപേക്ഷിച്ചതോടെ സംവരണ വാര്‍ഡുകള്‍ മുമ്പത്തേതില്‍ നിന്ന് മാറും. ഇത്തവണ ജനറല്‍ ആയവ അപ്പാടെ വനിതാ സംവരണമാവും. വാര്‍ഡുകളും ഡിവിഷനുകളും എണ്ണം ഒറ്റയിട്ട അക്കമായി വരുന്നവിടങ്ങളില്‍ ചിലതില്‍ വനിതാ സംവരണം വീണ്ടും തുടരും. തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ കാര്യത്തില്‍ ജനറല്‍ അപ്പാടെ വനിതകള്‍ക്ക് വഴിമാറും. ഇപ്പോള്‍ ജനറല്‍ മേയര്‍മാരുള്ള കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം നഗരസഭകളില്‍ വനിതകള്‍ വരും.
വോട്ടര്‍പട്ടിക പുതുക്കല്‍, ബാലറ്റും വോട്ടിംഗ് മെഷീനും തയ്യാറാക്കല്‍, ഉദ്യോഗസ്ഥരുടെ പരിശീലനം തുടങ്ങിയവക്കായി 180 കോടി രൂപയാണ് സര്‍ക്കാറിനോട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. ഒക്‌ടോബര്‍ അവസാന വാരം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സി.പി.എം കേന്ദ്രങ്ങള്‍ സര്‍ക്കാറിനെ അറിയിച്ചത്. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദേശങ്ങള്‍ നല്‍കിയതിനാല്‍ വൈകാതെ സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് പോവും.