വയനാട്ടില്‍ 2054 പേര്‍ നിരീക്ഷണത്തില്‍

42

കല്‍പ്പറ്റ: ജില്ലയില്‍ ഇന്നലെ പോസ്റ്റിവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന 17 പേരും, പുതുതായി ആസ്പത്രിയില്‍ നിരീക്ഷണത്തില്‍ ആക്കിയ 7 പേരും ഉള്‍പ്പെടെ 30 പേര്‍ മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണ്. പുതുതായി 180 ആളുകള്‍ നിരീക്ഷണത്തില്‍ ആയി. 169 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ 2054 പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1237 ആളുകളുടെ സാമ്പിളുകളില്‍ 869 ആളുകളുടെ ഫലം ലഭിച്ചതില്‍ 846 നെഗറ്റീവും 23 ആളുകളുടെ സാമ്പിള്‍ പോസിറ്റീവുമാണ്. ഇന്നലെ അയച്ച 86 സാമ്പിളുകളുടെ പരിശോധനാ ഫലം ഉള്‍പ്പെടെ 363 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്. ഇന്നലെഅയച്ച 86 സാമ്പിളുകളില്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 33 പേരുടെയും, 3 ആരോഗ്യ പ്രവര്‍ത്തകരുടെയും, 12 പൊലീസ് ഉദ്യോഗസ്ഥരുടെയും സാമ്പിളുകള്‍ ഉള്‍പ്പെടുന്നു. കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി 683 പട്ടികവര്‍ഗ്ഗക്കാരെ ജില്ലാ ഭരണകൂടം നിരീക്ഷണത്തിലാക്കി. വീടുകളിലും ജില്ലാ ഭരണകൂടം ഒരുക്കിയ സ്ഥാപനങ്ങളിലുമാണ് ഇവര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 416 പുരുഷന്‍മാരും 267 സ്ത്രീകളുമാണ്. വൈത്തിരിയില്‍ 48 സ്ത്രീകളും 6 പുരുഷന്‍മാരും മാനന്തവാടിയില്‍ 286 പുരുഷന്‍മാരും 243 സ്ത്രീകളും സുല്‍ത്താന്‍ ബത്തേരിയില്‍ 82 പുരുഷന്‍മാരും 18 സ്ത്രീകളുമാണുള്ളത്. ഇവരുടെ ആരോഗ്യ പരിരക്ഷയ്ക്കും ഭക്ഷ്യ വിതരണത്തിനുമായി പട്ടിക വര്‍ഗ്ഗം, പൊലീസ്, ആരോഗ്യ വകുപ്പുകള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.
സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 1347 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് ഇതില്‍ 1116 ഫലം ലഭിച്ചതില്‍ 1116 ഉം നെഗറ്റീവാണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി അയച്ച 7 സാമ്പിളുകളില്‍ 6 പോലീസ് ഉദ്യോഗസ്ഥരുടെ സാമ്പിളുകള്‍ ഉള്‍പ്പെടുന്നു. ഇതുള്‍പ്പെടെ 231 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്. സംസ്ഥാനത്തിന്റെ പുറത്തു നിന്നും വന്ന ആളുകളില്‍ രോഗം ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി 30 ആളുകളുടെ സാമ്പിളുകള്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്.