വയനാട്് സംഭാവന ചെയ്ത ബഹുമുഖ പ്രതിഭ

കല്‍പ്പറ്റയില്‍ പൊലീസിന്റെ ഔദ്യോഗിക ഗാര്‍ഡ് ഓഫ് ഹോണര്‍

എം.പി.വീരേന്ദ്രകുമാര്‍ എം.പിയുടെ നിര്യാണത്തോടെ വയനാടിന് നഷ്ടമായത് ബഹുമുഖ പ്രതിഭയെ. വയനാടന്‍ കാര്‍ഷിക പ്രശ്‌നങ്ങള്‍ക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും അദ്ദേഹത്തിന്റെ സംഭാവന സ്മരണീയമാണ്. എടക്കല്‍ ഗുഹയുടെ സംരക്ഷണത്തിനു അദ്ദേഹം നല്‍കിയ സംഭാവനകള്‍ മാത്രം മതിയാകും വയനാടന്‍ ജനതയുടെ മനോ മുകുരത്തില്‍ അദ്ദേഹം എക്കാലവും ജീവിക്കാന്‍. മെയ് 26ന് മുഖ്യമന്ത്രി വിളിച്ച്‌ചേര്‍ത്ത എം.എല്‍.എ മാരുടെയും എം.പിമാരുടെയും യോഗത്തില്‍ പോലും അദേഹം ഉന്നയിച്ചത് വയനാട്ടിലെ കാപ്പി കൃഷിക്കാരുടെ പ്രശ്‌നങ്ങളായിരുന്നു. ചരിത്രസ്മാരകമായ എടക്കല്‍ ഗുഹ സ്ഥിതിചെയ്യുന്ന അമ്പുകുത്തി മലനിരയെ കരിങ്കല്‍ ക്വാറി മാഫിയ കാര്‍ന്നുതിന്നുന്നതിനു തടയിട്ടവരുടെ കൂട്ടത്തിലെ പ്രധാനിയാണ് വീരേന്ദ്രകുമാര്‍. വയനാടന്‍ ഭരണസിരാകേന്ദ്രമായ സിവില്‍ സ്‌റ്റേഷനും മറ്റും സ്ഥിതി ചെയ്യുന്ന ഭൂമി അദ്ദേഹത്തിന്റെ കുടുംബ സംഭാവനയാണ്. മൈസൂര്‍ നഞ്ചന്‍ഗോഡ്് റെയില്‍വേ എന്ന ആശയം ഉയര്‍ത്തി കൊണ്ടുവന്നതും അദ്ദേഹമായിരുന്നു. അഖിലേന്ത്യാ നേതാവായിരിക്കുമ്പോഴും രാഷ്ട്രീയത്തിനതീതമായി വയനാടന്‍ മതസാംസ്‌കാരികസാമൂഹിക നഭോമണ്ഡലങ്ങളില്‍ തന്റെതായ മേല്‍വിലാസം രേഖപ്പെടുത്തിയാണ് എം.പി.വി വിടചൊല്ലിയത്. വയനാടന്‍ കാടുകളിലെ ക്ലിയര്‍ ഫെല്ലിംഗിന്നും സെലക്ഷന്‍ ഫെല്ലിംഗിനുമെതിരായ സമരത്തിലും, സാമൂഹ്യ വന വല്‍ക്കരത്തിന്റെ പേരില്‍ പുല്‍മേടുളും ചോലക്കാടുകളും നശിപ്പിക്കുന്നതിനെതിരായ സമരത്തിലും അദ്ദേഹത്തിന്റെ പിന്തുണ ഇന്നും പരിസ്ഥിതി പ്രവത്തകര്‍ ഓര്‍മ്മിക്കുന്നു. രാഷ്ട്രീയ നേതാവ് എഴുത്തുകാരന്‍, ചിന്തകന്‍, പ്രഭാഷകന്‍, ജനപ്രതിനിധി, പരിസ്ഥിതി സംരക്ഷകന്‍ എന്നീ നിലകല്‍ നക്ഷത്രശോഭ പരത്തിയ വ്യക്തിത്വമായിരുന്നു വീരന്‍ എന്നു അടുപ്പക്കാര്‍ വിളിക്കുന്ന വീരേന്ദ്രകുമാറിന്റേത്. ഫാസിസത്തിനെതിരെ എക്കാലവും ശക്തമായ നിലപാടെടുത്ത് കളങ്കമേശാത്ത സോഷ്യലിസ്റ്റുകാരനായിരുന്നു വീരേന്ദ്രകുമാര്‍. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ജെഡിയു എന്‍.ഡി.എയില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ഉപേക്ഷിച്ചത് അദ്ദേഹത്തിന്റെ ഫാസിസ്റ്റ് വിരുദ്ധതയുടെ മകുടോദാഹരണമാണ്. വയനാട്ടിലെ കല്‍പ്പറ്റക്കടുത്ത പുളിയാര്‍മല സ്വദേശിയാണ് വീരേന്ദ്രകുമാര്‍. സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ.പദ്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22നാണ് ജനനം. സ്‌കൂള്‍ പഠനകാലത്തുതന്നെ വീരേന്ദ്രകുമാര്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനവുമായി അടുപ്പം സ്ഥാപിച്ചിരുന്നു. ജയപ്രകാശ് നാരായണനാണ് വീരേന്ദ്രകുമാറിനു സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയത്. മദിരാശി വിവേകാനന്ദ കോളജില്‍നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ. ബിരുദവും നേടിയശേഷമാണ് വീരേന്ദ്രകുമാര്‍ പൊതുരംഗത്തു സജീവമായത്. ഉപരി പഠനത്തിന് അമേരിക്കയിലേക്ക് പോകുന്നതു വരെ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്നു. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയതിന് ശേഷം രാംമനോഹര്‍ ലോഹ്യയുടെ ആശയങ്ങളില്‍ ആകൃഷ്ടനായി സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1968ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്ക്. 1970ലായി അഖിലേന്ത്യ ട്രഷററായി ചുമതലയേറ്റത്ത്. 1974ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യ സെക്രട്ടറിയായി. 1975ല്‍ സംസ്ഥാനത്ത് പ്രതിപക്ഷ ഐക്യമുന്നണിയുടെ കണ്‍വീനര്‍ സ്ഥാനത്തേക്ക്. അടിയന്തിരാവസ്ഥക്കാലത്ത് ഒളിവില്‍ പോയെങ്കിലും ഒമ്പത് മാസത്തിന് ശേഷം മൈസൂരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു.