സുല്‍ത്താന്‍ ബത്തേരി: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ചീരാലില്‍ റോഡില്‍ മണ്ണിട്ട് ഗതാഗതം തടഞ്ഞ് പൊലീസ്. ചീരാലില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പൊലീസ് പാതകള്‍ മണ്ണിട്ട് അടച്ചത്.
നെന്മേനി പഞ്ചായത്തിലെ കണ്ടൈയ്മെന്റ് പ്രദേശങ്ങളായ നമ്പ്യാര്‍കുന്ന്, ഈസ്റ്റ് ചീരാല്‍, മുണ്ടക്കൊല്ലി വാര്‍ഡുകള്‍ പൂര്‍ണ്ണമായും ഇങ്ങനെ അടച്ചു. ഇവിടെ നിന്ന് മറ്റു പ്രദേശങ്ങളിലേക്കും, പുറമെ നിന്ന് ഇവിടേക്കും യാത്ര ചെയ്യാന്‍ നിയന്ത്രണങ്ങളുണ്ട്. രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പ്രദേശത്ത് പത്തോളം പാതകള്‍ മണ്ണിട്ടടച്ചത്. ചീരാലിലെ കണ്ടെയ്മെന്റ് ഏരിയ പൂര്‍ണ്ണമായും വേര്‍പെടുത്തി രോഗവ്യാപനം തടയാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിനായി നമ്പ്യാര്‍കുന്ന്, പൂളക്കുണ്ട്. മുണ്ടക്കൊല്ലി, ചെറുമാട് തുടങ്ങിയ വഴികളും ഇടവഴികളും അടച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ ഒരു പാത ഒരുക്കിയിട്ടുണ്ട്, ബാരിക്കേഡ് മാറ്റിയാണ് ഈ പാത അത്യാവശ്യ സര്‍വ്വീസുകള്‍ക്കായി തുറന്ന് കൊടുക്കുക. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം നൂല്‍പ്പുഴ സി.ഐ പി.എ .ഫൈസലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പ്രദേശത്ത് നാല് കോവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചത്. ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നെത്തിയ യുവാവിനും ഇയാളെ ലക്കിടിയില്‍ നിന്ന് കൂട്ടി വരാന്‍ പോയ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു.
പ്രഥമ സമ്പര്‍ക്കത്തിലുള്ള സഹോദരന് ക്വറന്റൈന് നിര്‍ദ്ദേശം ലംഘിച്ച് വിവിധ ഇടങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. വിദേശത്തു നിന്നെത്തിയ രോഗം സ്ഥിരീകരിച്ച ഗര്‍ഭിണിയായ സ്ത്രീയെ കാണാനും ബന്ധുക്കളെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.