
തിരുവനന്തപുരം: പിറന്ന നാടി ന്റെ സുരക്ഷിതത്വത്തിലേക്ക് പ്രതീക്ഷയോടെ എത്തുന്ന പ്രവാസികളെ സ്വീകരിക്കാനൊരുങ്ങി കേരളം. പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള രണ്ട് വിമാനങ്ങള്‍ ഇന്ന് കൊച്ചിയിലും കോഴിക്കോടും എത്തും. അബുദാബിയില്‍ നിന്നുള്ള 170 യാത്രക്കാരുമായുള്ള വിമാനം കൊച്ചിയിലും ദുബായില്‍ നിന്നുളള വിമാനം കോഴിക്കോട് കരിപ്പൂരും രാത്രി 9.40ന് എത്തും.
നാല് വിമാനങ്ങള്‍ ഇന്ന് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ദോഹ-കൊച്ചി, റിയാദ്-കോഴിക്കോട് സര്‍വീസുകള്‍ അവസാന നിമിഷം മാറ്റുകയായിരുന്നു. ദോഹ-കൊച്ചി വിമാനം വെള്ളിയാഴ്ചത്തേക്കും റിയാദ്-കോഴിക്കോട് വിമാനം ശനിയാഴ്ചത്തേക്കുമാണ് മാറ്റിയത്.
മടങ്ങുന്ന പ്രവാസികള്‍ക്ക് എയര്‍പേര്‍ട്ടില്‍ വന്നിറങ്ങുന്നത് മുതല്‍ പരിശോധിച്ച് ആവശ്യമുള്ളവര്‍ക്ക് മികച്ച ചികിത്സയും പരിചരണവും നല്‍കുന്നതിന് മതിയായ സൗകര്യമൊരുക്കിയിട്ടുണ്ട്.
എല്ലാവരേയും മാസ്ക് ധരിപ്പിച്ച് സിസ് സാഗ് പാറ്റേണിലാണ് വിമാനത്തില്‍ ഇരുത്തുന്നത്. വിമാനം ഇറങ്ങുന്നതിന് 45 മിനിറ്റ് മുമ്പ് എയര്‍പോര്‍ട്ടിലും തുടര്‍ന്ന് ക്വാറന്റൈനിലും പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് അനൗണ്‍സ്മെന്റ് നടത്തും. കൂടാതെ സെല്‍ഫ് റിപ്പോര്‍ട്ട് ഫോര്‍മാറ്റും പൂരിപ്പിച്ച് ഹെല്പ് ഡെസ്കില്‍ നല്‍കണം. 15 മുതല്‍ 20 പേരെയാണ് ഒരു മീറ്റര്‍ അകലം പാലിച്ച് ഒരേ സമയം വിമാനത്തില്‍ നിന്നിറക്കുന്നത്. എയ്റോ ബ്രിഡ്ജില്‍ വച്ച് താപനില പരിശോധിക്കുകയും പനിയുണ്ടെങ്കില്‍ അവരെ ഐസൊലേഷന്‍ ബേയിലേക്ക് മാറ്റുകയും ചെയ്യുന്നു. പനിയില്ലെങ്കില്‍ അവരെ ഹെല്പ് ഡെസ്കിലേക്ക് അയയ്ക്കും.
യാത്രക്കാരുടെ എണ്ണമനുസരിച്ച് ഒരു എയര്‍പോര്‍ട്ടില്‍ 4 മുതല്‍ 15 ഹെല്പ് ഡെസ്ക് വരെയുണ്ടാകും. ഒരു ഹെല്പ് ഡെസ്കില്‍ ഒരു ഡോക്ടര്‍, ഒരു സ്റ്റാഫ് നഴ്സ് അല്ലെങ്കില്‍ ഫീല്‍ഡ് സ്റ്റാഫ്, സന്നദ്ധ പ്രവര്ത്തകന്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരാണ് ഉണ്ടാകുക. ഹെല്പ് ഡെസ്കിലെ ഡോക്ടര്‍ യാത്രക്കാരെ പരിശോധിച്ച് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ കണ്ടാല്‍ അവരേയും ഐസൊലേഷന്‍ ബേയിലേക്ക് മാറ്റും.
രോഗലക്ഷണങ്ങളില്ലാത്തവരെ ഗൈഡിംഗ് സ്റ്റേഷനിലെത്തിച്ച് അവരുടെ ലഗേജുകള്‍ അണുവിമുക്തമാക്കി ക്വാറന്റൈന് കേന്ദ്രങ്ങളിലെത്തിക്കും. ഐസൊലേഷന്‍ ബേയിലുള്ള രോഗലക്ഷണമുള്ളവരെ ആംബുലന്‍സില്‍ തൊട്ടടുത്തുള്ള കോവിഡ് ചികിത്സാ കേന്ദ്രത്തിലാക്കുന്നു. ഇവര്‍ കൊണ്ടുവന്ന ലഗേജുകള്‍ അണുവിമുക്തമാക്കിയ ശേഷം ടാഗ് ചെയ്ത് വേറൊരു വാഹനത്തില്‍ അഡ്മിറ്റ് ആകുന്ന ആശുപത്രിയില്‍ എത്തിക്കും. ക്വാറന്റൈന് കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചവരെ ആര്.ടി. പിസിആര്‍ പരിശോധന നടത്തും. ഇവരിലും രോഗലക്ഷണമുള്ളവരെ കോവിഡ് ആശുപത്രികളിലാക്കും.
എല്ലാ എയര്‍പോര്‍ട്ടിലും വന്നിറങ്ങുന്നവര്‍ക്കായി പ്രത്യേക ആരോഗ്യ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തേത് കരുതല്‍ ആപ്പ്, എറണാകുളത്തേത് ആയുര്‍രക്ഷാ ആപ്പ്, കോഴിക്കോട്ടേത് ആഗമനം ആപ്പ് എന്നിങ്ങനേയാണ് പേരിട്ടിരിക്കുന്നത്. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ പൂര്‍ണ വിവരങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാണ്. ക്യുആര്‍ കോഡ് വഴി ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയുകയും വളരെ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും ഇവരെ ട്രെയ്സ് ചെയ്യാനും കഴിയും. ക്യുആര്‍ കോഡ് ഇല്ലാത്തവരില്‍ നിന്നും സാധാരണ രീതിയിലും വിവരം ശേഖരിക്കും. ഏഴുദിവസം നീണ്ടുനില്‍ക്കുന്ന രക്ഷാ ദൗത്യത്തിലൂടെ രാജ്യത്തൊട്ടാകെ 64 വിമാനങ്ങളിലായി 14,000ത്തോളം പേരെയാണ് ആദ്യ ഘട്ടത്തില്‍ തിരിച്ചെത്തിക്കുന്നത്. കേരളവും തമിഴ്നാടും കര്‍ണാടകവും ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണ് കൂടുതല്‍ പേര് തിരിച്ചെത്തുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമെ യു.എസ്, ബ്രിട്ടന്, മലേഷ്യ,ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ളവരേയും തിരിച്ചെത്തിക്കുന്നുണ്ട്. അഞ്ചു ലക്ഷത്തിലധികം പേരാണ് തിരിച്ചുവരാന്‍ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.