വാളയാര്‍: തീരുമാനത്തിന് പിന്നില്‍ വിമര്‍ശകരെ നിശബ്ദമാക്കല്‍

17

പാലക്കാട്: വാളയാറില്‍ പാസില്ലാതെ കേരളത്തിലെത്താനായി ചെന്നൈയില്‍നിന്നും മറ്റും വന്നവര്‍ക്ക് സഹായവുമായി ചെന്നവരെ ക്വാറന്റീനിലാക്കാനുള്ള തീരുമാനത്തിന് പിന്നില്‍ തികഞ്ഞ രാഷ്ട്രീയം. മെയ് 9ന് തമിഴ്‌നാട് പാസുമായി വന്ന നൂറ്റമ്പതോളം പേരെയാണ് പ്രതിപക്ഷജനപ്രതിനിധികളായ എം.പിമാരും എം.എല്‍.എമാരും ചേര്‍ന്ന് കേരളത്തിലേക്ക് കടത്തിവിടാന്‍ ആവശ്യപ്പെട്ടത്. വെള്ളമോ ഭക്ഷണമോ മൂത്രമൊഴിക്കാന്‍ പോലും സൗകര്യമോ ഇല്ലാതിരുന്ന മലയാളികള്‍ക്ക് വേണ്ടി തൃശൂരില്‍നിന്ന് എം.പി ടി.എന്‍പ്രതാപന്‍, അനില്‍ അക്കര എം.എല്‍.എ, പാലക്കാടുനിന്ന് എം.പിമാരായ ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍,രമ്യഹരിദാസ്, ഷാഫിപറമ്പില്‍ എം.എല്‍.എ എന്നിവരാണ് എത്തിയത്. കേരളത്തിന്റെ പാസില്ലാത്തതുകൊണ്ട് കേരളത്തിലേക്ക് കടത്തില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പാസില്ലാത്തവരെ പ്രത്യേക കൗണ്ടറുകള്‍ വഴി രജിസ്‌ട്രേഷന്‍ നടത്തി കടത്തിവിടാന്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടിരുന്നു. എന്നാല്‍ വൈകുവോളവും രാത്രിയും അതിര്‍ത്തിയില്‍ കുട്ടികളും സ്ത്രീകളുമായി യാതന അനുഭവിച്ചവര്‍ക്ക് രാത്രി കോയമ്പത്തൂരിലേക്ക് പോകാനായിരുന്നു നിര്‍ദേശം. സര്‍ക്കാര്‍ വാഹനത്തില്‍ കോയമ്പത്തൂരിലെ പ്രത്യേകകേന്ദ്രത്തില്‍ ഇവരെ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ 12ന് ഇവരിലെ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സമൂഹമാധ്യമങ്ങളിലൂടെ സി.പി.എമ്മുകാര്‍ വ്യാപകമായി പ്രതിപക്ഷത്തിനെതിരെ പ്രചാരണം നടത്തി. മരണത്തിന്റെ വ്യാപാരികളെന്നാണ് ചിലര്‍ ജനപ്രതിനിധികളെ വിശേഷിപ്പിച്ചത്. സി.പി.എം ജില്ലാകമ്മിറ്റിയും ജനപ്രതിനിധികളെ ക്വാറന്റീനിലാക്കണമെന്നാവശ്യപ്പെട്ട് പ്രസ്താവനയിറക്കി. ഇതിനെതിരെ സര്‍ക്കാര്‍ ഉത്തരവുകള്‍സഹിതം യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാനഅധ്യക്ഷന്‍കൂടിയായ ഷാഫിപറമ്പില്‍ ഫെയ്‌സ്ബുക്കിലൂടെ രംഗത്തുവന്നത് ഇടതുപക്ഷത്തിന് തിരിച്ചടിയായി. കോവിഡ് വ്യാപനം പ്രതിപക്ഷം കാരണമാണെന്ന് വരുത്താനായിരുന്നു സൈബര്‍പോരാളികളുടെ ശ്രമം. ഇതേതുടര്‍ന്നാണ് ഇന്നലെ പൊടുന്നനെ ഇവരെയെല്ലാം ക്വാറന്റീനിലാക്കാന്‍ തീരുമാനിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ ക്വാറന്റീനില്‍പോകാന്‍ ഇടയാക്കിയതിന് പിന്നിലും രാഷ്ട്രീയമുള്ളതായി ആരോപണമുണ്ട്. ഇവരാണ് ജനപ്രതിനിധികളെ വിളിച്ചുവരുത്തിയതെന്നാണ് സി.പി.എം ആരോപണം. വാളയാറില്‍ മാധ്യമപ്രവര്‍ത്തകരോട് പൊലീസ് അപമര്യാദയായി പെരുമാറിയിരുന്നു. ഇതോടെ വാളയാറിലേക്ക് ഇനി പ്രതിഷേധവുമായി ആരുമെത്തില്ലെന്ന കണക്കുകൂട്ടലിലാണ് സി.പി.എം-സര്‍ക്കാര്‍നേതൃത്വം.