വിദേശത്ത് നിന്ന് ഇതുവരെ എത്തിയത് 3732 പേര്‍

32

പുറത്ത് നിന്ന് വരുന്നവരെ സ്വീകരിക്കുമ്പോള്‍ ജാഗ്രത വേണം

കേരളത്തിന് പുറത്ത് നിന്ന് വരുന്നവരെ സ്വീകരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും അല്ലെങ്കില്‍ സംവിധാനത്തെയാകെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടാതെ ആരെങ്കിലും വന്നാല്‍ പ്രദേശത്തെ നാട്ടുകാര്‍ അറിയാതിരിക്കില്ല. അങ്ങിനെ കണ്ടെത്തുന്നവരെ വാര്‍ഡ് തല സമിതികള്‍ ഇടപെട്ട് ക്വാറന്റീന്‍ ചെയ്യണം. തദ്ദേശ സ്ഥാപനങ്ങള്‍ ഇത് ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് നാല് വിമാനത്താവളങ്ങളിലായി വിദേശത്ത് നിന്ന് 17 വിമാനങ്ങള്‍ വന്നു. കൊച്ചി തുറമുഖത്ത് മൂന്ന് കപ്പലും എത്തി. 3,732 പേര്‍ വിദേശത്ത് നിന്നെത്തി. കപ്പലുകളില്‍ എത്തിയവരില്‍ മൂന്ന് പേര്‍ക്ക് തമിഴ്‌നാട്ടില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സഹയാത്രക്കാര്‍ക്ക് പ്രത്യേക പരിശോധന നടത്തും. ഡല്‍ഹിയില്‍ നിന്ന് 1045 യാത്രക്കാരുമായി കേരളത്തിലേക്ക് പ്രത്യേക ട്രെയിനും ഇന്നലെ എത്തി. 348 പേര്‍ തിരുവനന്തപുരത്ത് ഇറങ്ങി. മുംബൈയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയെ ജനറല്‍ ആശുപത്രിയിലാക്കി. മൂന്ന് പേരെ സര്‍ക്കാര്‍ നിരീക്ഷണത്തിലാക്കി. മറ്റുള്ളവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. എറണാകുളത്തെ 411 പേരില്‍ ഒരാളെ നെഞ്ചുവേദനയെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.286 പേര്‍ കോഴിക്കോടിറങ്ങി.
ഏഴ് പേര്‍ക്ക് രോഗലക്ഷണം കണ്ടെത്തി. ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കര്‍ശന നിരീക്ഷണത്തിനായി അതത് ജില്ലകളിലെ കൊവിഡ് കെയര്‍ സെന്ററുകളിലേക്കും വീടുകളിലേക്കും അയച്ചു. യാത്രക്കാരെ അതത് ജില്ലകളിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സജ്ജീകരിച്ചിരുന്നു. 149 യാത്രക്കാരുമായി ജിദ്ദയില്‍ നിന്നെത്തിയ വിമാനത്തില്‍ 58 ഗര്‍ഭിണികളുണ്ടായിരുന്നു. ഇതില്‍ നാല് പേരെ വിവിധ ജില്ലകളില്‍ ചികിത്സയ്ക്കായി അയച്ചു. 69 പേരെ കൊവിഡ് കെയര്‍ സെന്ററുകളിലും 76 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
റോഡ് മാര്‍ഗം കേരളത്തിലെത്താന്‍ 2,85,880 പേര്‍ രജിസ്റ്റര്‍ ചെയ്തു. 1,23,972 പേര്‍ക്ക് പാസ് നല്‍കി. ചെക്‌പോസ്റ്റ് വഴി 43, 151 പേര്‍ സംസ്ഥാനത്ത് എത്തി. ട്രെയിന്‍ വഴി എത്താന്‍ 4694 പേര്‍ക്ക് പാസ് നല്‍കി. കേരളത്തില്‍ നിന്ന് 33,000 അതിഥി തൊഴിലാളികളുമായി 29 ട്രെയിനുകള്‍ പോയി. എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിനിന് റെയില്‍വെ സമ്മതം ലഭിച്ചു. ബംഗളൂരു -തിരുവനന്തപുരം എക്‌സ്പ്രസ് നോണ്‍ എ.സി ട്രെയിനാക്കി എല്ലാ ദിവസവും സര്‍വീസ് നടത്തും.
മെയ് 18 മുതല്‍ ജൂണ്‍ 14 വരെ കേരളത്തിലുള്ള അതിഥി തൊഴിലാളികളെ പശ്ചിമ ബംഗാളിലേക്ക് 28 ട്രെയിനുകളില്‍ അയക്കും. റെയില്‍വെ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചെങ്കിലും ഓണ്‍ലൈന്‍ ടിക്കറ്റ്, എ.സി ട്രെയിന്‍ നിരക്ക് എന്നിവ ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ത്ഥികളെ വലയ്ക്കുന്നു. നോണ്‍ എ. സി വണ്ടിയില്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ മാര്‍ക്ഷം സര്‍ക്കാര്‍ തേടി. ടിക്കറ്റ് അവര്‍ തന്നെ എടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കും ഡല്‍ഹിയിലെ ഹെല്‍പ്പ് ഡസ്‌ക് ഇത് ഏകോപിപിക്കും. സംസ്ഥാനം സാധ്യമായതെല്ലാം ചെയ്യും. ഡല്‍ഹിയില്‍ നിന്നടക്കം പ്രത്യേകം ട്രെയിന്‍ അനുവദിക്കാന്‍ റെയില്‍വെ വിശദാംശം ഉടന്‍ ലഭിക്കും. രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.