വിദേശ മദ്യ ചില്ലറ വില്‍പന; കോടികളുടെ അഴിമതിയെന്ന് യു.ഡി.എഫ്‌

4

കൊച്ചി: വിദേശമദ്യത്തിന്റെ ചില്ലറ വില്‍പന രംഗത്തേക്ക് സ്വകാര്യ മേഖലയെ കൊണ്ട് വരുന്നതിലൂടെ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം.പി ആരോപിച്ചു. അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്താന്‍ പോലും സര്‍ക്കാര്‍ തയാറായത് ഇതിന്റെ തെളിവാണ്. 1984 മുതല്‍ വിദേശമദ്യത്തിന്റെ ചില്ലറ വില്‍പന സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് ബിവറേജസ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കുകയാണ് ഉണ്ടായത്. അന്ന് മുതല്‍ സംസ്ഥാനത്ത് 301 ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്റ്റുലെകളിലൂടെയാണ് വിദേശമദ്യത്തിന്റെ ചില്ലറവില്‍പ്പന നടത്തിവന്നത്. സര്‍ക്കാര്‍ വരുമാനത്തിന്റെ 20 ശതമാനത്തിലധികം ഈ രംഗത്ത് നിന്നാണ് ലഭിക്കുന്നത്. ബിവറേജസ് കോര്‍പ്പറേഷന്റെ കുത്തകയായിരുന്ന വിദേശ മദ്യത്തിന്റെ ചില്ലറ വില്‍പന രംഗത്തേക്ക് സ്വകാര്യ മേഖലയെ കൊണ്ട് വരുമ്പോള്‍ 605 ബാറുകളും 387 ബിയര്‍, വൈന്‍ പാര്‍ലറുകളും ചേര്‍ന്ന് 955 ഔട്ട്‌ലെറ്റുകളിലൂടെ മദ്യം വില്‍ക്കാനാണ് സര്‍ക്കാര്‍ അനുവാദം നല്‍കിയത്.
2018-19 കാലഘട്ടത്തില്‍ ബിവറേജ് കോര്‍പ്പറേഷനിലൂടെ വിറ്റഴിച്ചത് 14000 കോടി രൂപയുടെ മദ്യമാണ് . എന്നാല്‍ ഇതിന്റെ മൂന്നിലൊന്ന് വരുമാനം ഇപ്പോള്‍ ബാറുകള്‍ക്ക് നല്‍കി. കോടികളുടെ മറവിലാണ് ഈ കൊള്ള സര്‍ക്കാര്‍ നടത്തിയത്. ബിവറേജ് ഔട്ട്‌ലെറ്റുകള്‍ പ്രതിവര്‍ഷം നാലു ലക്ഷം രൂപ സര്‍ക്കാരിന് കൊടുക്കണമായിരുന്നു. എന്നാല്‍ ബാറുകള്‍ക്ക് ഇത്തരത്തില്‍ ഒരു ഫീസും ഏര്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ നികുതി വര്‍ധനവ് നിലവിലുണ്ടായിരുന്ന 210 ശതമാനത്തില്‍ നിന്ന് 35 ശതമാനം കൂട്ടി 245 ശതമാനമാക്കി. എന്നാല്‍ വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ നികുതി ഇപ്പോഴും 80 ശതമാനം മാത്രമാണ്. ആയിരം രൂപ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വാങ്ങണമെങ്കില്‍ പുതിയ നികുതി അനുസരിച്ച് ഏകദേശം 2600 രൂപയാകും. എന്നാല്‍ വിദേശ നിര്‍മിത വിദേശ മദ്യത്തിനു 1600 രൂപയെ ആകുന്നുള്ളു. കോടികണക്കിന് രൂപയുടെ ലാഭം സ്വകാര്യ ബാറുടമകള്‍ക്ക് ലഭിക്കുമ്പോള്‍ കോവിഡിന്റെ മറവില്‍ അവരില്‍ നിന്ന് എത്ര ശതമാനം കമ്മീഷന്‍ ലഭിച്ചു എന്നത് വ്യക്തമാണ്. ക്വാറന്റീനില്‍ ആളുകള്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നതിനു പോലും പണം ചെലവഴിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ബാര്‍ മുതലാളിമാര്‍ക്ക് വേണ്ടി സഹായം ചെയ്ത് കോടികള്‍ കമ്മീഷനടിക്കുകയാണെന്നും ബെന്നി ബെഹനാന്‍ കുറ്റപ്പെടുത്തി.