വിദ്യാര്‍ത്ഥി വേട്ടക്കെതിരെ യൂത്ത് ലീഗ് പ്രക്ഷോഭദിനം

കോഴിക്കോട്:കൊറോണ വ്യാപനത്തിന്റെ ഭീതിദമായ സാഹചര്യത്തിലും രാജ്യത്ത് ബി ജെ പി സര്‍ക്കാര്‍ തുടര്‍ന്നു വരുന്ന വിദ്യാര്‍ത്ഥി വേട്ടക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മെയ് 6 ന് ദേശീയ പ്രക്ഷോഭ ദിനം ആചരിക്കുന്നു. പൗരത്വ നിയമ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥി നേതാക്കളെയും ആക്റ്റിവിസ്റ്റുകളെയും യു എ പി എ ചുമത്തി അറസ്റ്റ് ചെയ്യുന്ന പ്രതികാര നടപടിക്കെതിരെയാണ് യൂത്ത് ലീഗിന്റെ പ്രതിഷേധം. ജാമിഅ മില്ലിയ വിദ്യാര്‍ത്ഥി നേതാക്കളായ സഫൂറ സര്‍ഗര്‍, മീരാന്‍ ഹൈദര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി നേതാവ് ഷിഫാ ഉര്‍ റഹ്മാന്‍ ,ജെ എന്‍ യു നേതാവ് ഉമര്‍ ഖാലിദ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തു യു എ പി എ ചുമത്തിയ പശ്ചാത്തലത്തിലാണ് യൂത്ത് ലീഗിന്റെ പ്രതിഷേധം. ഡല്‍ഹി വംശഹത്യയുടെ ഉത്തരവാദിത്വം ആക്റ്റിവിസ്റ്റുകളുടെ തലയില്‍ കെട്ടി വച്ച് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ല. കൊറോണ വ്യാപനത്തെ മുസ്ലിം വേട്ടക്കുള്ള അവസരമായി കാണുന്ന ബി ജെ പി സര്‍ക്കാറിനെതിരെ ജന രോഷമുയരണം. കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഗീയ അജണ്ടകള്‍ക്കെതിരെ പ്രതികരിക്കുന്ന ഏതൊരാളും ഏതു നിമിഷവും ജയിലിലടക്കപ്പെടാം എന്നതാണ് സാഹചര്യം. ഇന്ത്യയില്‍ മുഴങ്ങുന്നത് ജനാധിപത്യത്തിന്റെ മരണമണിയാണ്.ഇത് പൊതുസമൂഹം തിരിച്ചറിയണമെന്നും ശക്തമായി പ്രതിക്ഷേധിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ദേശീയ പ്രസിഡണ്ട് സാബിര്‍ ഗഫാര്‍ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ ,സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, തമിള്‍നാട്, കര്‍ണാടക കേരളം തുടങ്ങി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അന്നേ ദിവസം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഭരണകൂട വേട്ടക്കെതിരെ പ്രതിക്ഷേധിക്കും. പ്രക്ഷോഭത്തിന്റെ ഭാഗമായി താഴെ പറയുന്ന പരിപാടികള്‍ ആണ് സംഘടിപ്പിക്കുക.
1) ജനാധിപത്യ വ്യവസ്ഥയിലെ വിമത അഭിപ്രായങ്ങളെ വേട്ടയാടുന്ന ഡല്‍ഹി പോലീസിന്റെയും മറ്റ് അന്വേഷണ ഏജന്‍സികളുടെയും സമീപനത്തിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇ മെയില്‍ വഴി പരാതികള്‍ അയക്കും.ഇ മെയില്‍ ഫോര്‍മാറ്റ് ദേശീയ കമ്മിറ്റി തയാറാക്കി നല്‍കും
2) ജില്ലാ ആസ്ഥാനങ്ങളില്‍ പരസ്യ പ്രതിക്ഷേധം സംഘടിപ്പിക്കും.കൃത്യമായ സാമൂഹിക അകലം പാലിച്ച് കൊണ്ട് നാല് പേര്‍ മാത്രം പങ്കെടുക്കുന്ന രീതിയിലാണ് പ്രതിക്ഷേധം സംഘടിപ്പിക്കേണ്ടത്.
3)അന്നേ ദിവസം വീടുകള്‍ കേന്ദ്രീകരിച്ച് പോസ്റ്ററുകള്‍ കയ്യിലേന്തി പ്രതിക്ഷേധിക്കണം.പ്രവര്‍ത്തകര്‍ കുടുംബാംഗങ്ങളോടൊപ്പം സ്വന്തം വീടിനു മുന്നിലാണ് പ്രതിഷേധിക്കേണ്ടത്. സമരമുദ്രാവാക്യങ്ങള്‍ ആലേഖനം ചെയ്ത പോസ്റ്ററുകള്‍ ഉയര്‍ത്തിയ ചിത്രങ്ങളെടുത്ത് ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കണം(കൈയെഴുത്തു പോസ്റ്ററുകളുടെ ഇംഗ്ലീഷിലും ഹിന്ദിയിലും ഉള്ള മാറ്റര്‍ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നല്‍കും)
4) പ്രക്ഷോഭത്തോടനുബന്ധിച്ച് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പുറത്തിറക്കുന്ന പോസ്റ്ററുകള്‍ നവസമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തും പ്രൊഫൈല്‍ പിക്ചറുകളാക്കി അപ് ലോഡ് ചെയ്തും പൊതു സമൂഹ ശ്രദ്ധയിലേക്ക് സമരത്തെ കൊണ്ടുവരണം.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് സമ്പൂര്‍ണ ലോക് ഡൗണിനെ വിമത ശബ്ദങ്ങളെ അവസരമായി കാണുന്ന കേന്ദ്ര സര്‍ക്കാറിനെതിരായ പ്രതീകാത്മത സമരമാണിത്.ജയിലിലടക്കപ്പെട്ട വിദ്യാര്‍ത്ഥി നേതാക്കളെയും ആക്റ്റിവിസ്റ്റുകളെയും വിട്ടയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നത് വരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അറിയിച്ചു.