വിശാഖപട്ടണം വാതക ദുരന്തം പ്രതിഷേധം കത്തുന്നു

4
ഫാക്ടറിയിലേക്ക് തള്ളിക്കേറാനുള്ള ഗ്രാമീണരുടെ ശ്രമം പൊലീസ് തടയുന്നു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വിഷവാതക ചോര്‍ച്ചയുണ്ടായ എല്‍ജി പോളിമര്‍ ഫാക്ടറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. വെങ്കടപുരത്തും സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകള്‍ ഇന്നലെ ഫാക്ടറിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചു.
വ്യാഴാഴ്ചയുണ്ടായ വാതകചോര്‍ച്ചയില്‍ 12 ആളുകള്‍ മരിച്ചതിനു പിന്നാലെ തന്നെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഫാക്ടറി അടച്ചുപൂട്ടുകയോ ജനവാസമില്ലാത്ത മറ്റെവിടെക്കെങ്കിലും മാറ്റുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മരിച്ചവരുടെ മൃതദേഹങ്ങള്‍ കിംഗ് ജോര്‍ജ്ജ് ഹോസ്പിറ്റലില്‍ സംസ്‌കരിക്കാനായി കൊണ്ടുപോകവെ ഫാക്ടറിക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു.
ഡി.ജി.പി ഗൗതം സവാങ്ങിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് വന്‍തോതിലുള്ള പൊലീസ് സന്നാഹം ഈ സമയത്ത് പ്രദേശത്തുണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടി. പ്രകോപിതരായ ഗ്രാമീണരെ ശാന്തരാക്കാന്‍ സ്ഥലത്തുണ്ടായിരുന്ന ടൂറിസം മന്ത്രി എം ശ്രീനിവാസ റാവുവും മറ്റ് വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സ്ഥിതിഗതികള്‍ വഷളായതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസിന് ലാത്തി ചാര്‍ജ് ചെയ്യേണ്ടിവന്നു. സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ കെ മീണയുടെ നേതൃത്വത്തില്‍ നിരവധി പേരെ അറസ്റ്റ് ഗോപാലപട്ടണം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. തുടര്‍ന്നാണ് മൃതദേഹങ്ങള്‍ സംസ്‌കാരത്തിനായി വെങ്കടപുരം ഗ്രാമത്തിലെ ശ്മശാനത്തിലേക്ക് മാറ്റിയത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും ഡി.ജി.പി അറിയിച്ചു.
സ്ഥിതി പൂര്‍ണ നിയന്ത്രണത്തിലാണ്. കുറ്റക്കാരെ ഒരു കാരണവശാലും സംരക്ഷിക്കില്ല. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാക്കി നടപടിയെടുക്കും. ഗ്രാമവാസികള്‍ പ്രക്ഷോഭത്തില്‍ നിന്ന് പിന്തിരിയണം-അദ്ദേഹം പറഞ്ഞു. എന്നാല്‍ കമ്പനി മാനേജ്മെന്റിനെതിരെ കേസെടുത്ത് രണ്ട് ദിവസം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. ഒരു സാഹചര്യത്തിലും കമ്പനി പ്രവര്‍ത്തിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.