വിശാഖപട്ടണത്ത് വിഷവാതകം ചോര്‍ന്ന് 11 മരണം

26
വിശാഖപട്ടണത്തെ എല്‍.ജിപോളിമേഴ്‌സ് പ്ലാന്റില്‍നിന്നുണ്ടായ വിഷവാതക ചോര്‍ച്ചയെതുടര്‍ന്ന് വഴിയരിയില്‍ തളര്‍ന്നുവീണു കിടക്കുന്ന സ്ത്രീകള്‍

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പ്ലാന്റില്‍നിന്ന് വിഷവാതകം ചോര്‍ന്ന് വന്‍ ദുരന്തം. 11 പേര്‍ മരിച്ചു. ആയിരത്തിലധികം പേരെ ശ്വാസം തടസ്സം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്ന് വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 25 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പ്ലാന്റിനു ചുറ്റുമുള്ള മൂന്ന് ഗ്രാമങ്ങള്‍ പൂര്‍ണമായി ഒഴിപ്പിച്ചു. ആയിരങ്ങളുടെ ജീവനെടുത്ത ഭോപാല്‍ വിഷവാതക ദുരന്തത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു അപകടം.
വിശാഖപട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് ഗോപാല്‍പട്ടണത്ത് പ്രവര്‍ത്തിക്കുന്ന പ്ലാന്റിലാണ് ദുരന്തമുണ്ടായത്. ലോക്ക്ഡൗണിനെതുടര്‍ന്ന് 40 ദിവസമായി അടച്ചിട്ടിരുന്ന പ്ലാന്റ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി തൊഴിലാളികള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ പുലര്‍ച്ചെ 2.30നാണ് വിഷവാതക ചോര്‍ച്ചയുണ്ടായത്. സമീപ പ്രദേശങ്ങളിലെ വീടുകളിലെല്ലാം ആളുകള്‍ ഉറങ്ങിക്കിടക്കുന്ന സമയമായതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. പലരും കിടന്ന കിടപ്പില്‍ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലേക്ക് വീണു. ശ്വാസംമുട്ടലിനെതുടര്‍ന്ന് ഉറക്കമുണര്‍ന്നവര്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ വീടിന് പുറത്തിറങ്ങി ഓടി. ഓടുന്നതിനിടയില്‍ പലരും കുഴഞ്ഞുവീണു. വിവരമറിഞ്ഞ് ദേശീയ ദുരന്ത നിവാരണ സേന ഉള്‍പ്പെടെ രക്ഷാ പ്രവര്‍ത്തനത്തിന് രംഗത്തെത്തിയിരുന്നു.
കുട്ടികളേയും വൃദ്ധരേയുമാണ് വിഷചോര്‍ച്ച രൂക്ഷമായി ബാധിച്ചത്. മരിച്ച 11പേരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. 250ലധികം പേരെയാണ് പലയിടങ്ങളിലായി കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. വീടുകള്‍ക്കുള്ളില്‍ ആളുകള്‍ ബോധരഹിതരായി കിടക്കുന്നുണ്ടോ എന്നറിയാന്‍ ദുരന്ത നിവാരണസേന തെരച്ചില്‍ നടത്തി. നാലു മണിക്കൂറിനകം പ്ലാന്റിന്റെ ചോര്‍ച്ച പൂര്‍ണമായി അടക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അവകാശപ്പെട്ടു. അപ്പോഴേക്കും ആയിരക്കണക്കിന് പേര്‍ വിഷവാതകം ശ്വസിച്ച് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു.
വീടില്‍നിന്നിറങ്ങി ഓടുന്നതിനെ കുഴിയില്‍ വീണാണ് രണ്ടുപേര്‍ മരിച്ചത്. രണ്ടുപേര്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടര്‍ സഹിതം നിയന്ത്രണം വിട്ട് കുഴിയില്‍ വീണ് മരിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്ന് യുവതി പെട്ടെന്ന് ബോധരഹിതയായി വീഴുന്ന മൊബൈല്‍ വീഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. കണ്ണെരിച്ചില്‍, തൊലിക്കു മുകളില്‍ പൊള്ളല്‍, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളാണ് ഭൂരിഭാഗം പേരിലും ദൃശ്യമായത്.
ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സ്റ്ററൈന്‍ എന്ന വാതകമാണ് ചോര്‍ന്നത്. വിഷവാതകം അമിതമായി അകത്തു ചെന്നവരില്‍ നാഡീകോശങ്ങള്‍ തളരുകയും കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്‌തേക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രത്യക്ഷത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത പലരും വിഷവാതകം ശ്വസിച്ചിട്ടുണ്ടാകാമെന്നും ദീര്‍ഘഭാവിയില്‍ ഇവരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടേക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്ലാന്റിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ വിഷവാതകദുരന്തം ബാധിച്ചിട്ടുണ്ടെന്ന് ദേശീയ ദുരന്ത നിവാരണസേനാ തലവന്‍ എസ്.എന്‍ പ്രധാന്‍ പറഞ്ഞു.
5000 ടണ്‍ വിഷവാതകം ശേഖരിക്കാന്‍ ശേഷിയുള്ള പ്ലാന്റിനാണ് ചോര്‍ച്ചയുണ്ടായതെന്ന് പ്രദേശത്തെ പൊലീസ് ഓഫീസര്‍ സ്വരൂപ് റാണി പറഞ്ഞു. ദീര്‍ഘനാളായി ടാങ്കില്‍നിന്ന് വാതകം മാറ്റാതെ സുക്ഷിച്ചതിനെതുടര്‍ന്നുണ്ടായ രാസപ്രവര്‍ത്തനങ്ങളാകാം ചോര്‍ച്ചക്ക് കാരണമായതെന്നാണ് നിഗമനം. പ്ലാസ്റ്റിക്കിന്റെ ഉപോത്പന്നമായ ഫൈബര്‍ഗ്ലാസ്, റബ്ബര്‍, ലാറ്റക്‌സ് എന്നിവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പോളിസ്റ്ററൈന്‍ ഉത്പാദിക്കുന്നതാണ് വിഷചോര്‍ച്ചയുണ്ടായ പ്ലാന്റ്. 1961ല്‍ ഹിന്ദുസ്ഥാന്‍ പോളിമേഴ്‌സ് ആണ് സ്ഥാപനം തുടങ്ങിയത്. 1997ല്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍.ജെ ചെം സ്ഥാപനത്തെ ഏറ്റെടുക്കുകയും എല്‍.ജി പോളിമേഴ്‌സ് എന്ന് കമ്പനിയുടെപേരു മാറ്റുകയും ചെയ്തു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി വ്യക്തമാക്കി.