വീടണയാന്‍ രാത്രിയില്‍ യമുനാ നദി നീന്തിക്കടന്ന് നൂറ് കണക്കിന് തൊഴിലാളികള്‍

ഹരിയാനയിലെ യമുനാ നഗറില്‍ നിന്നും യു.പിയിലെ സഹാറന്‍പൂര്‍ ലക്ഷ്യമാക്കി യമുനാ നദി മുറിച്ചു കടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍

ന്യൂഡല്‍ഹി: വീടണയാന്‍ തലച്ചുമടുമായി രാത്രിയില്‍ യമുനാ നദി നീന്തിക്കടന്ന് നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികള്‍. ബിഹാറിലെ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് പോകാനാണ് ഇവര്‍ ഇരുട്ടിന്റെ മറവില്‍ ജീവന്‍ പണയം വെച്ചുമാണ് നദി മുറിച്ചു കടന്നത്. വേനല്‍ക്കാലത്ത് യമുനയിലെ ജലനിരപ്പ് വളരെ കുറവാണ്.
രാത്രിയില്‍ പോലീസുകാരുടെ ചോദ്യം ചെയ്യലും ഒഴിവാക്കാം. ഇതാണ് യമുന നദിക്കു കുറുകെയുള്ള പാത രാത്രി തിരഞ്ഞെടുത്തതിനു പിന്നില്‍. ഹരിയാനയിലെ യമുനാനഗറില്‍നിന്ന് യുപിയിലെ സഹറന്‍പുരിലേക്കും അവിടെനിന്ന് ബിഹാറിലേക്കുമാണ് യാത്ര. കുടിയേറ്റക്കാര്‍ക്കായി പ്രത്യേക ‘ശ്രമിക്’ തീവണ്ടികള്‍ ഓടിക്കുന്നുണ്ടെങ്കിലും ഗതാഗത സൗകര്യം ലഭിക്കാത്ത നൂറുകണക്കിന് ആളുകള്‍ വീട്ടിലേക്ക് കാല്‍നടയായാണ് പോകുന്നത്. പകല്‍സമയത്തെ വെയിലും ചൂടും ഒഴിവാക്കാന്‍ രാത്രിയില്‍ നദി മുറിച്ചുകടക്കുകയാണെന്ന് കുടിയേറ്റക്കാര്‍ പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 2,000 കുടിയേറ്റക്കാര്‍ ഇത്തരത്തില്‍ കാല്‍നടയായി നദി മുറിച്ചുകടന്നത്. ‘ഞങ്ങള്‍ക്ക് പണമില്ലായിരുന്നു, പോലീസ് ഞങ്ങളെ റോഡിലിട്ട് തല്ലി. അതുകൊണ്ടാണ് ഞങ്ങള്‍ രാത്രി നദി മുറിച്ചുകടക്കുന്നത്. ഇനി ബിഹാര്‍ വരെ നടക്കണം- യമുനാനഗറിലെ പ്ലൈവുഡ് ഫാക്റ്ററിയില്‍ കൂലിത്തൊഴിലാളിയായി ജോലി ചെയ്തിരുന്ന 16 വയസുകാരന്‍ രാഹുല്‍ പറയുന്നു. അംബാലയില്‍ സഹായിയായി ജോലി ചെയ്തിരുന്ന മറ്റൊരു കുടിയേറ്റക്കാരനായ രാകേഷിന്റെ സങ്കടം മറ്റൊന്നാണ്. ഉടമ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. അര്‍ഹതപ്പെട്ട ശമ്പളവും നല്‍കിയില്ല. യമുന നഗറിലെ ഒരു ഷെല്‍ട്ടര്‍ ഹോമില്‍ താമസിച്ചെങ്കിലും ഭക്ഷണം ലഭിച്ചില്ല. അതിനുശേഷമാണ് താനും വീട്ടിലേക്ക് നടക്കാന്‍ തീരുമാനിച്ചതെന്ന് രാകേഷ് പറയുന്നു. നദി മുറിച്ചു കടക്കുന്ന പലരും വിശന്നു വലഞ്ഞിരുന്നു. നദിയിലെ മലിനമായ കറുത്ത വെള്ളത്തിലൂടെ വിശപ്പിനെ മറികടന്ന് വീടെത്താനുള്ള മോഹവുമായി അവര്‍ നടന്നു നീങ്ങി. സമീപ ഗ്രാമങ്ങളില്‍നിന്നുള്ളവര്‍ കുടിയേറ്റക്കാര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നുണ്ടെന്ന് ഇവര്‍ കേട്ടിരുന്നു. ആ പ്രതീക്ഷയില്‍ അവര്‍ യാത്ര തുടരുകയാണ്. അതേസമയം പുഴ കടക്കുന്ന വിവരമറിഞ്ഞതോടെ ബിഹാറിലേക്ക് ഗതാഗതം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവുമായി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്.