‘വീര’സ്മരണ

കല്‍പ്പറ്റ പുളിയാര്‍ മലയിലെ വസതിയില്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പിക്ക് ഭാര്യ ഉഷ അന്ത്യചുംബനം നല്‍കുന്നു. മകന്‍ ശ്രേയാംസ് കുമാര്‍ സമീപം

പുളിയാര്‍മലയുടെ മടിത്തട്ടില്‍ ലയിച്ചുചേര്‍ന്ന് വീരേന്ദ്രകുമാര്‍

വയനാടിന്റെ ദേശപ്പെരുമ ലോകത്തിന് പകര്‍ത്തി നല്‍കിയ പ്രതിഭാധനനായ രാഷ്ട്രതന്ത്രജ്ഞന് യാത്രാമൊഴി. വയനാടിന്റെ പ്രകൃതിയും ജൈവസമ്പത്തും നിലനില്‍ക്കണമെന്ന് അതിയായി ആഗ്രഹിച്ച എം.പി വീരേന്ദ്രകുമാര്‍ എം.പിക്ക് ജീവനു തുല്യം സ്‌നേഹിച്ച മണ്ണ് തന്നെ അന്ത്യവിശ്രമത്തിന് മടിത്തട്ടൊരുക്കി. ആകാശം മഴക്കൂടൊരുക്കി നില്‍ക്കേ ഇന്നലെ വൈകീട്ടോടെയാണ് പുളിയാര്‍മലയിലെ വിശാലമായ കാപ്പിത്തോട്ടത്തിന് സമീപം പക്ഷികളും ഇഴജന്തുക്കളുമടക്കമുള്ള ജീവജാലങ്ങള്‍ക്ക് ഉല്ലസിക്കാനായി മനുഷ്യ കൈകടത്തിലില്ലാതെ സൂക്ഷിച്ചുവെച്ച പ്രകൃതിയുടെ മടിത്തട്ടിലാണ് ആ വലിയ ജീവിതം ലയിച്ചുചേര്‍ന്നത്. അവസാനമായി പ്രിയനേതാവിനെ കാണാനും സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാനും രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ്, സി.ആര്‍.പി.സി 144 വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങളെയെല്ലാം മറികടന്ന് മണിയങ്കോട് പുളിയര്‍മലയിലെ വീട്ടിലെത്തിച്ചേര്‍ന്നത്.
മനുഷ്യനെ വേര്‍തിരിവില്ലാതെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച അഹിംസാവാദിയായ സോഷ്യലിസ്റ്റായിരുന്നു വയനാടിന് എം.പി വീരേന്ദ്രകുമാര്‍. ആദിവാസികളോടും മത നൂനപക്ഷ വിഭാഗങ്ങളോടും കര്‍ഷകരോടും അദ്ദേഹം കാണിച്ചിരുന്ന കരുതല്‍ എക്കാലവും സ്മരിക്കപ്പെടും. രാഷ്ട്രീയ നേതാവ്, എഴുത്തുകാരന്‍, ചിന്തകന്‍, പ്രഭാഷകന്‍, ജനപ്രതിനിധി, പരിസ്ഥിതി സംരക്ഷകന്‍ എന്നീ നിലകളില്‍ നക്ഷത്രശോഭ പരത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
വയനാട് രാജ്യത്തിന് നല്‍കിയ ഏറ്റവും മികച്ച രാഷ്ട്രീയനേതാവും ഏറ്റവും ആദരിക്കപ്പെട്ട സാഹിത്യകാരനുമായിരുന്നു വീരേന്ദ്രകുമാര്‍. രാഷ്ട്രീയത്തില്‍ കേന്ദ്രമന്ത്രിയായും ദേശീയരംഗത്തെ എണ്ണം പറഞ്ഞ സാഹിത്യപുരസ്‌കാരങ്ങള്‍ വയനാട്ടിലെത്തിച്ചും അദ്ദേഹം നാടിന്റെ യശസ്സുയര്‍ത്തി. തിരക്കുകളുടെ ലോകത്ത് ജീവിക്കുമ്പോഴും പ്രകൃതിക്കായും അടിസ്ഥാന വിഭാഗങ്ങള്‍ക്കായും അദ്ദേഹത്തിന്റെ കരുതലുണ്ടായി. 1987ലെ നായനാര്‍ മന്ത്രിസഭയില്‍ വനം വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ വനമേഖലയില്‍ നിന്ന് മരം മുറിക്കുന്നത് തടഞ്ഞു കൊണ്ട് ഉത്തരവിട്ടതിനെതുടര്‍ന്ന്, ചുമതലയേറ്റതിന്റെ രണ്ടാംനാള്‍ അദ്ദേഹത്തിന് മന്ത്രി സ്ഥാനം രാജിവെച്ചൊഴിയേണ്ടി വന്നിരുന്നു. എടക്കല്‍ ഗുഹയുടെ സംരക്ഷണത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വയനാടന്‍ പ്രകൃതിസംരക്ഷണത്തിന്റെ ആണിക്കല്ലായി മാറി.
അരിക് വല്‍ക്കരിപ്പെട്ടവരോടും അഗതികളോടും പ്രത്യേക പരിഗണന പുലര്‍ത്തി. ജില്ലയിലെ പ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കായി സൗജന്യമായി സ്ഥലം വിട്ടുനല്‍കിയും സ്‌കൂളുകള്‍ ആരംഭിച്ചും ഒരു നാടിന്റെ പുരോഗതിക്കായി അദ്ദേഹം മുന്നില്‍ നിന്നു. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും എം.പിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും തന്റെ എം.പി ഫണ്ടില്‍ നിന്ന് ആദ്യം തുക അനുവദിച്ചത് വയനാട് മുസ്്‌ലിം ഓര്‍ഫനേജിന് വേണ്ടിയായിരുന്നു. അദ്ദേഹത്തിന്റെ കൂടെ പ്രയത്‌നങ്ങളുടെ ഫലമായി മടക്കിമലയില്‍ തന്റെ കുടുംബട്രസ്റ്റ് 50 ഏക്കര്‍ ഭൂമി സൗജന്യമായി വിട്ടുനല്‍കിയപ്പോള്‍ പാവങ്ങള്‍ക്ക് പഠിക്കാനായി അഞ്ചുസീറ്റുകള്‍ വേണമെന്ന് മാത്രമായിരുന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ.പദ്മ പ്രഭാ ഗൗഡറുടെയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22നാണ് ജനനം. സ്‌കൂള്‍ പഠനകാലം മുതല്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനവുമായി ആരംഭിച്ച ആത്മബന്ധം വയനാട്ടിലെ ഏറ്റവും പ്രഗദ്ഭനായ സോഷ്യലിസ്റ്റായി അദ്ദേഹത്തെ ഉയര്‍ത്തി. ദേശീയ രാഷ്ട്രീയത്തില്‍ പോലും വയനാടും പുളിയര്‍മലയും തെളിഞ്ഞുനിന്നതിന് പിന്നില്‍ വീരന്റെ സാന്നിധ്യമുണ്ടായിരുന്നു. പ്രധാനമന്ത്രിമാരായിരുന്ന വി.പി.സിംഗ്, ഐ കെ.ഗുജ്‌റാള്‍, എച്ച്.ഡി ദേവഗൗഡ തുടങ്ങിയവരുമായി ഊഷ്മളമായ വ്യക്തിബന്ധം സൂക്ഷിച്ചിരുന്നു. മദിരാശി വിവേകാനന്ദ കോളേജില്‍നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ. ബിരുദവും നേടിയശേഷമാണ് വീരേന്ദ്രകുമാര്‍ പൊതുരംഗത്തു സജീവമായത്. ജനപ്രതിനിധിയായി മരണത്തിലേക്ക് വിടവാങ്ങുമ്പോഴും നാടിനൊരു മെഡിക്കല്‍ കോളജെന്ന സ്വപ്‌നം ഒപ്പം നിന്നവര്‍തന്നെ തട്ടിമാറ്റിയതില്‍ ജനസേവനങ്ങളില്‍ മോക്ഷം തേടിയ ആ വലിയമനുഷ്യന്റെ ഉള്ളം തേങ്ങിയിരിക്കും.