വൈറസ് ഒരിക്കലും നശിച്ചെന്ന് വരില്ല; മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്.ഒ

238

ജനീവ: കൊവിഡ് 19ന് കാരണമായ കൊറോണ വൈറസ് ഒരിക്കലും ലോകത്ത് നിന്ന് ഇല്ലാതാവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകം എക്കാലത്തും വൈറസിനെ നേരിട്ട് കൊണ്ട് ജീവിക്കേണ്ടി വരും. ലോകത്തെ ചില രാജ്യങ്ങള്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ പൂര്‍ണമായും പഴയ രീതിയിലേക്ക് രാജ്യങ്ങള്‍ക്ക് പെട്ടെന്ന് മടങ്ങാനാവില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
2019 ല്‍ ചൈനയിലെ വുഹാനില്‍ ആദ്യമായി കണ്ടെത്തിയ വൈറസ് ലോകത്ത് 4.2 മില്യണ്‍ ആളുകളിലേക്ക് വ്യാപിക്കുകയും മൂന്ന് ലക്ഷം ആളുകളുടെ മരണത്തിന് കാരണമാവുകയും ചെയ്തു. ലോകം മുഴുവന്‍ ഇത്തരത്തില്‍ ബാധിക്കുന്ന ഒരു പുതിയ വൈറസ് ആദ്യമായാണ് ഉണ്ടാവുന്നത്. അതിനാല്‍ തന്നെ കോവിഡിനെ നമ്മള്‍ എപ്പോള്‍ അതിജീവിക്കുമെന്ന് പറയാനാവില്ല, ഡബ്ല്യു.എച്ച്.ഒ എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. സമൂഹത്തെ ബാധിക്കുന്ന ഒരു പകര്‍ച്ചവ്യാധിയായി കോവിഡ് എക്കാലവും തുടര്‍ന്നേക്കും. എച്ച്ഐവി ലോകത്ത് നിന്ന് തുടച്ചുനീക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ അതിനെ എങ്ങനെ പ്രതിരോധിക്കാമെന്ന് നമ്മള്‍ പഠിച്ചിരിക്കുന്നു,’ റയാന്‍ വിശദീകരിച്ചു. കോവിഡ് 19 വ്യാപനം തുടങ്ങിയതിന് ശേഷം ലോകജനസംഖ്യയുടെ പകുതിയും ലോക് ഡൗണിലാണ് കഴിയുന്നത്. ഓരോ രാജ്യത്തും കൊറോണയുടെ രണ്ടാം ഘട്ട വ്യാപനം ഉണ്ടാവില്ലെന്ന് ഒരുറപ്പും പറയാന്‍ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.