ഷൂട്ടിങിനായി നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് തകര്‍ത്ത് സംഘ്പരിവാര്‍ ഭീകരത

കാലടി മണപ്പുറത്ത് നിര്‍മിച്ച സിനിമാ സെറ്റ് തകര്‍ക്കുന്നു

കൊച്ചി: സിനിമ ഷൂട്ടിങിന് വേണ്ടി കാലടി മണപ്പുറത്ത് നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ കൂറ്റന്‍ സെറ്റ് തകര്‍ത്ത് സംഘ്പരിവാര്‍ ഭീകരത. ടൊവിനോ തോമസ് നായകനായ ബിഗ് ബജറ്റ് ചിത്രം ‘മിന്നല്‍ മുരളി’ക്ക് വേണ്ടി കാലടി മണപ്പുറത്ത് 50 ലക്ഷത്തിലേറെ മുടക്കി നിര്‍മിച്ച സെറ്റ് ആണ് ഹിന്ദുത്വ തീവ്രവാദ സംഘടനയായ രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൂടവും കമ്പി വടികളും ഉപയോഗിച്ച് നശിപ്പിച്ചത്. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. ഞായറാഴ്ചയാണ് സംഭവം. വൈകിട്ട് നാലു മണിയോടെ കാറിലും ബൈക്കിലുമായെത്തിയ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു.
സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ആക്രമണത്തിന് നേതൃത്വം നല്‍കിയ രാഷ്ട്രീയ ബജ്‌റംഗ്ദള്‍ നേതാവ് കാരി രതീഷ് ആണ് അറസ്റ്റിലായത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. മറ്റു പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. അക്രമികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന വാഹനം മലയാറ്റൂര്‍ റോഡില്‍ നിന്നും പൊലീസ് കണ്ടെടുത്തു. അതേസമയം കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കാലടി ശിവരാത്രി മണപ്പുറത്തെ താത്കാലിക ശിവക്ഷേത്രത്തിനടുത്ത് ക്രിസ്ത്യന്‍ പള്ളി മോഡലിലുള്ള സെറ്റ് നിര്‍മിച്ചത്. ആഴ്ചകളായി ഇത് പൊളിച്ചു മാറ്റണമെന്നാവശ്യപ്പട്ട് വിവിധ തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്തുണ്ടായിരുന്നു. ്യൂ്യൂ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് സെറ്റ് കൂടം ഉപയോഗിച്ചും ഇരുമ്പുവടികളുമായി തകര്‍ക്കുന്ന ചിത്രങ്ങള്‍ ആക്രമികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാഷ്ട്രീയ ബജ്‌റംഗ്ദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് തകര്‍ത്തതെന്നാണ് ഈ പോസ്റ്റുകളില്‍ അവകാശപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിലടക്കം നിരന്തരം വര്‍ഗീയ-വിദ്വേഷം പ്രചരണം നടത്തുന്ന പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള സംഘടനയാണ് എ.എച്ച്.പി. ഇയാള്‍ക്കെതിരെ പല സംഭവങ്ങളിലായി സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതിയുണ്ടെങ്കിലും ഇതുവരെ കേസോ അറസ്റ്റോ ഉണ്ടായിട്ടില്ല. സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി സിനിമ-രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്തെത്തി.