സര്‍ക്കാര്‍ തുറന്നു പറയട്ടെ; പ്രശ്‌ന പരിഹാരത്തിന് പ്രതിപക്ഷം സന്നദ്ധം: എം.കെ മുനീര്‍

56
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളുടെ മടങ്ങിവരവ് തടസ്സപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ മുസ്‌ലിം ലീഗ് സിവില്‍ സ്‌റ്റേഷന് മുന്നില്‍ നടത്തിയ സമരത്തില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ സംസാരിക്കുന്നു. നജീബ് കാന്തപുരം, പാറക്കാല്‍ അബ്ദുളള എം.എല്‍.എ, പി അബ്ദുല്‍ഹമീദ് എം.എല്‍.എ, ടി.വി ഇബ്രാഹീം എം.എല്‍.എ സമീപം

കോഴിക്കോട്: തൊഴിലിനും ചികിത്സക്കും പഠനത്തിനുമായി വിവിധ സംസ്ഥാനങ്ങളില്‍ പോയി കഷ്ടപ്പാടിലായ മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്നും തെറ്റു തിരുത്തണമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ ആവശ്യപ്പെട്ടു. കേരളത്തിനു പുറത്തുള്ള മലയാളികള്‍ എന്ത് പിഴച്ചു. ജനിച്ച മണ്ണിലേക്ക് മടങ്ങിവരാനുള്ള ഓരോ മനുഷ്യന്റെയും സ്വപ്‌നങ്ങളാണ് തല്ലി കെടുത്തുന്നത്. കോഴിക്കോട് കലക്‌ട്രേറ്റിന് മുമ്പില്‍ നടത്തിയ സമരത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തമായി വാഹനം ഇല്ലാത്തവര്‍ക്ക് കടന്നുവരാന്‍ കഴിയുന്നില്ല. പാസ്സ് ഇല്ലാത്തവര്‍ക്ക് അതിര്‍ത്തി കടക്കാന്‍ കഴിയുന്നില്ല. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍നിന്ന് നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്ന ആവശ്യം പോലും നടപ്പായില്ല. സ്വന്തം നാട്ടുകാരെ തിരികെയെത്തിക്കുന്നതിന് കേന്ദ്രം അനുവദിച്ച ശ്രമിക് ട്രെയിന്‍ ഉപയോഗപ്പെടുത്താത്ത ഒരേയൊരു സംസ്ഥാനമാണ് കേരളം. തിരിച്ചെത്തുന്നവരെ പരിശോധിക്കാനും ക്വാറന്റൈനിലാക്കുവാനുമുളള ഒരു മുന്‍കരുതലും രണ്ടു മാസത്തിലേറെയായിട്ടും ചെയ്യാത്തവര്‍ അതു മറച്ചുവെക്കാന്‍ മെല്ലെപ്പോക്ക് നടത്തുകയാണ്. പാസും അനുമതിയും തുടങ്ങിയ സാങ്കേതികതക്ക് അപ്പുറം മലയാളികളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം. അവരെ തിരച്ചെത്തിക്കാനും സുരക്ഷിതമായി ക്വാറന്റൈനിലാക്കാനും സര്‍ക്കാറിന് കഴിയില്ലെങ്കില്‍ അതു തുറന്നു പറയണം. ഇക്കാര്യം ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ പ്രതിപക്ഷം സന്നദ്ധമാണെന്നും എം.കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.