സര്‍ക്കാറിനെ വെട്ടിലാക്കി സോണിയ

150

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെയും സോണിയ ഗാന്ധിയുടെയും ചടുലമായ നീക്കത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ലോക് ഡൗണില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ട്രെയിന്‍ യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്നായിരുന്നു സോണിയയുടെ പ്രഖ്യാപനം.
നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കിയതിന് റെയില്‍വേയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച സോണിയ ക്രൂരവും വിവേകശൂന്യവുമായ നടപടിയാണെന്നും ആഞ്ഞടിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേട് പ്രായോഗിക നീക്കത്തിലൂടെ തുറന്നുകാട്ടുകയാണ് സോണിയ ചെയ്തത്. തൊഴിലാളികളുടെ യാത്രാ ചെലവിനുള്ള പണം കഴിഞ്ഞ ദിവസം രാത്രി തന്നെ പാര്‍ട്ടി ട്രഷററര്‍ അഹമ്മദ് പട്ടേല്‍ ഓരോ സംസ്ഥാനങ്ങളിലെയും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് കൈമാറിയിരുന്നു.
ആവശ്യമുള്ളവര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ലഭ്യമാക്കാനും യാത്രാ തെളിവ് കാണിച്ചതിന് ശേഷം പണം നല്‍കാനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. മുതിര്‍ന്ന നേതാക്കളായ ഭൂപീന്ദര്‍ സിങ് ഹൂഡ, കുമാരി സെല്‍ജ, അശോക് ഗെലോട്ട് തുടങ്ങിയവര്‍ക്കാണ് ഫണ്ട് സമാഹരണത്തിനുള്ള ചുമതല. പുതിയ നീക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഊര്‍ജ്ജമായിട്ടുണ്ട്.
ഉപജീവനമാര്‍ഗം ഇല്ലാതായ കുടിയേറ്റ തൊഴിലാളികളെ തിരികെ കൊണ്ടുപോകുക എന്നത് സര്‍ക്കാരിന് ഏറെ വെല്ലുവിളിയായിരുന്നു. കഴിഞ്ഞ ആഴ്ച ആഭ്യന്തര മന്ത്രാലയം ഇതിന് അനുമതി നല്‍കിയതോടെ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ മിക്ക സംസ്ഥാന കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഇത് ഒടുവില്‍ അംഗീകരിക്കപ്പെട്ടെങ്കിലും ടിക്കറ്റ് നിരക്ക് ഈടാക്കാനുള്ള നീക്കം വിവാദമായി.
100 കണക്കിന് കിലോമീറ്ററുകള്‍ താണ്ടി നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളുടെ ദയനീയ ചിത്രം കണ്ടിട്ടും കണ്ണുതുറക്കാത്ത മോദി സര്‍ക്കാരിനെതിരെ സമൂഹമന:സാക്ഷി ഉണര്‍ന്നു. ഇതോടെ കോര്‍പ്പറേറ്റ് അനുകൂല സര്‍ക്കാരാണിതെന്ന കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് ശക്തികൂട്ടി. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ആവിഷ്‌കരിച്ച മുദ്രാവാക്യമായിരുന്നു ‘സ്യൂട്ട് ബൂട്ട് കി സര്‍ക്കാര്‍’. എന്നാല്‍ അത് വേണ്ടത്ര ഗുണം ചെയ്തില്ല. സമകാലീന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഈ മുദ്രാവാക്യം മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഈ പ്രതിസന്ധി കാലത്തും വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയ ബാങ്ക് തട്ടിപ്പുകാരുടെ കടങ്ങള്‍ എഴുതിത്തള്ളിയത് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ എടുത്തു പറയുന്നുണ്ട്. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ പാവപ്പെട്ടവരെ തിരിഞ്ഞു നോക്കാത്ത മോദിയെയും കൂട്ടരെയും കടന്നാക്രമിക്കാന്‍ തന്നെയാണ് കോ ണ്‍ഗ്രസ് ഈ നീക്കത്തിലൂടെ വ്യക്തമാക്കുന്നത്.
2004 ല്‍ കോണ്‍ഗ്രസിന്റെ വിജയ മുദ്രാവാക്യം ‘കോണ്‍ഗ്രസ് കാ ഹാത്ത് ആം ആദ്മി കെ സാത്ത്’ എന്നായിരുന്നു. ബിജെപിയുടെ ‘ഇന്ത്യ ഷൈനിംഗ്’ പ്രചാരണത്തില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ് ദരിദ്രര്‍ക്ക് ഒപ്പമാണെന്ന് ഈ മുദ്രാവാക്യം തെളിയിച്ചു. ഇതിന്റെ സെക്കന്റ് വേര്‍ഷനാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രയോഗിക്കുന്നത്. അന്ന് കോണ്‍ഗ്രസ് വിജയത്തിന് ചുക്കാന്‍ പിടിച്ച സോണിയ തന്നെയാണ് പുതിയ തന്ത്രവുമായി കളത്തിലിറങ്ങിയത് എന്നത് ബി.ജെ.പിക്ക് തലവേദനയുണ്ടാക്കുന്നു. സോണിയയുടെ നീക്കത്തിന് പിന്നാലെ കുടിയേറ്റ തൊഴിലാളികളുടെ ട്രെയിന്‍ യാത്രക്ക് 85 ശതമാനം സബ്‌സിഡി നല്‍കാന്‍ കേന്ദ്രം തയാറെടുക്കുന്നതായാണ് വിവരം.