സേലത്ത് മലയാളികള്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

17
തമിഴ്‌നാട് സേലത്തിനു സമീപം കരൂര്‍ ഹൈവേയില്‍ മലയാളികള്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച നിലയില്‍

കോട്ടയം: സേലത്ത് മലയാളികള്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് നഴ്‌സിംഗ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സേലം കരൂരിലായിരുന്നു അപകടം. നഴ്‌സിംഗ് വിദ്യാര്‍ഥികളും ഐടി ജീവനക്കാരും ഉള്‍പ്പെടെയുള്ള സംഘം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
ബസില്‍ കോട്ടയം, ഇടുക്കി സ്വദേശികളായ 24 പേരാണ് ഉണ്ടായത്. ചങ്ങനാശേരി അരമനപ്പടിയില്‍ ശ്രീനികേതനില്‍ നിര്‍മ്മല്‍ കുമാറിന്റെ മകന്‍ നന്ദു (27) , തൃശൂര്‍ സ്വദേശിയായ ഡ്രൈവര്‍,യാത്രക്കാരിയായ വിദ്യാര്‍ത്ഥിക്കുമാണ് പരിക്കേറ്റത്.
ബസിന്റെ ഡ്രൈവര്‍ കോയമ്പത്തൂരിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. അപകടത്തില്‍ നിസാര പരിക്കേറ്റ മറ്റ് 18 പേരെ അമരാവതി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു യാത്രക്കാരായ ആന്റോ (കുറുപ്പന്തറ) അരവിന്ദ് (പേട്ട) അഖില്‍ ശശി (തീക്കോയി) മനു പ്രസാദ് (പാലാ) അഖില്‍ തങ്കച്ചന്‍ (പാലാ )ലെനേഷ് (വൈക്കം ) അനുരാജ് (ചക്കാംപുഴ), ഹരികൃഷ്ണന്‍ (ചക്കാംപുഴ), ആല്‍വിന്‍ ജോസ് കൈപ്പള്ളി (പൂഞ്ഞാര്‍), നിമ്മി വര്‍ഗീസ് (മുള്ളരിങ്ങാട് ഇടുക്കി) എന്നിവരുമായി എം പി തോമസ് ചാഴികാടന്‍ സംസാരിച്ചു.
ജോസ് കെ മാണി എം പി അടിയന്തര സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് കാരൂര്‍ എം പി ജ്യോതിമണി അപകടത്തില്‍പ്പെട്ടവരെ അഡ്മിറ്റ് ചെയ്തിരിക്കുന്ന മൂന്ന് ആശുപതികളും സന്ദര്‍ശിച്ചു. ചികിത്സാ സഹായം അടക്കം ക്രമീകരിച്ചു. അപകടത്തില്‍ നിസാര പരിക്കേറ്റവരെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി പകരം ബസ് ഏര്‍പ്പെടുത്തി. കരൂര്‍ ഹൈവേയില്‍ ലോറി ഇടറോഡിലേക്ക് പെട്ടെന്ന് തിരിഞ്ഞപ്പോള്‍ പിന്നാലെ എത്തിയ ബസ് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. പാസ് ലഭിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലേക്ക് യാത്രക്കാര്‍ ബസില്‍ തിരിച്ചത്.