സ്പ്രിന്‍ങ്കളറിനെ ഒഴിവാക്കിയെന്ന് ഹൈക്കോടതിയില്‍ വീഴ്ച സമ്മതിച്ച് സര്‍ക്കാര്‍

17

കൊച്ചി: സ്പ്രിന്‍ങ്ക്‌ളര്‍ ഡാറ്റാ ഇടപാടില്‍ വീഴ്ച സമ്മതിച്ച് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ സത്യവാങ്മൂലം. കോവിഡ് 19 രോഗികളുടെ വിശദാംശങ്ങളടങ്ങിയ ഡാറ്റ അമേരിക്കന്‍ കമ്പനിയായ സ്പ്രിന്‍ക്ലറില്‍ നിന്നും തിരികെ വാങ്ങി സി ഡിറ്റിന്റെ ഉടമസ്ഥതയിലുള്ള ആമസോണ്‍ ക്ലൗഡിലേക്ക് മാറ്റിയെന്നു ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. രോഗികളുടെ വിവരവിശകലന ചുമതലയില്‍ നിന്ന് സ്പ്രിന്‍ക്ലര്‍ കമ്പനിയെ ഒഴിവാക്കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
വന്‍തോതിലുള്ള വിവര ശേഖരണത്തിനു സര്‍ക്കാര്‍ സംവിധാനമില്ലാത്തതുകൊണ്ടാണ് സ്പ്രിന്‍ക്ലറിന്റെ സേവനം ഉപയോഗപ്പെടുത്തിയതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍പ് കോടതിയില്‍ ബോധിപ്പിച്ചിരുന്നത്. ഇതിനു വിരുദ്ധമായാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നിലപാട്. ഇനി മുതല്‍ സര്‍ക്കാര്‍ തന്നെ വിവര വിശകലനം നടത്തി സര്‍ക്കാറിനു കീഴിലുള്ള സി ഡിറ്റില്‍ ഡാറ്റ സൂക്ഷിക്കുമെന്നും സത്യവാങ്മൂലം പറയുന്നു. സ്പ്രിന്‍ക്ലര്‍ തയ്യാറാക്കിയ സോഫ്റ്റ് വെയര്‍ ഇനി പൂര്‍ണമായും സിഡിറ്റിന്റെ നിയന്ത്രണത്തിലായിരിക്കും. ഡാറ്റ സൂക്ഷിക്കുന്ന സിഡിറ്റ് അക്കൗണ്ടിലേക്ക് സ്പ്രിന്‍ക്ലറിന് പ്രവേശനം അനുവദിക്കില്ല. നിലവിലുള്ള ആപ്ലിക്കേഷനില്‍ അപ്‌ഡേഷന്‍ ആവശ്യമുണ്ടങ്കില്‍ സ്പ്രിന്‍ക്ലറിനെ സമീപിക്കും. കോവിഡ് രോഗികളുമായി ബന്ധപ്പെട്ട ഒരു വിവരവും സ്പ്രിന്‍ക്ലറിന് കൈമാറില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സ്പ്രിക്ലളര്‍ ശേഖരിച്ച ഡേറ്റകളെല്ലാം സിഡിറ്റിന്റെ ആമസോണ്‍ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ശേഖരിച്ച സ്പ്രിന്‍ക്ലറിന്റെ കൈവശമുള്ള ഡാറ്റകള്‍ നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി. ഡാറ്റ സര്‍ക്കാരിനു കൈമാറിയാല്‍ സ്പ്രിന്‍ക്ലറിന്റെ കൈവശമുള്ള ഡാറ്റ നശിപ്പിക്കണമെന്നു ഹൈക്കോടതി മുന്‍പ നിര്‍ദ്ദേശം നല്‍കിയിരുന്നു. സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ ഘട്ടത്തില്‍ സ്പ്രിന്‍ക്ലറിന് അക്കൗണ്ടില്‍ പ്രവേശനം അനുവദിച്ചാലും ഡാറ്റയുടെ രഹസ്യാത്മകത ഉറപ്പാക്കും.
വ്യക്തികളുടെ അനുമതിയില്ലാതെ രാജ്യത്തെ പൗരന്‍മാരുടെ വിവരങ്ങള്‍ സ്വകാര്യ കമ്പനിക്കു നല്‍കുന്നതിലൂടെ പൗരന്‍മാരുടെ സ്വകാര്യതയാണ് വിറ്റതെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന ആരോപണം. വിവരങ്ങള്‍ ശേഖരിക്കും മുന്‍പ് വ്യക്തികളുടെ അനുമതി തേടണമെന്നു ഹൈക്കോടതി മുന്‍പു സര്‍ക്കാറിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതു സംബന്ധിച്ചു അവരില്‍ നിന്നു അനുമതി വാങ്ങിയേ ചെയ്യുവെന്നു സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. പൗരന്‍മാരുടെ സ്വകാര്യതയെ ബഹുമാനിക്കുന്നുവെന്നും സത്യവാങ്ൂലത്തില്‍ വ്യക്തമാക്കി. സ്പ്രിന്‍ക്ലറിന് സമാനമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് മൂന്നു തവണ കത്തു നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ കേന്ദ്രത്തോട് ഇങ്ങിനെയൊരാവശ്യം സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിട്ടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കോവിഡ് രോഗികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് ബലു ഗോപാലകൃഷ്ണന്‍, രമേശ് ചെന്നിത്തല, കെ.സുരേന്ദ്രന്‍, മാത്യു വര്‍ഗീസ്, ബിനോഷ് അലക്‌സ് ബ്രൂസ്് എന്നിവര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ഇരുവരുടെയും ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംസ്ഥാന വിവരാവകാശ വകുപ്പു ജോയിന്റ് സെക്രട്ടറി ജി വിനോദാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. പൗരന്‍മാരുടെ വിവരങ്ങള്‍ കൈമാറുന്നതിലൂടെ മില്യണ്‍ കണക്കിനു ഡോളറാണ് ലഭിക്കുന്നതെന്ന ഹര്‍ജിക്കാരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ സത്യമാണെന്ന് തെളിയിക്കുന്നതാണ് പുതിയ നീക്കങ്ങള്‍. ഇത് വരെ സര്‍ക്കാര്‍ സ്വന്തം നാലപാട് ന്യായീകരിക്കുകയായിരുന്നു.