സ്വകാര്യവത്കരണം ത്വരിതപ്പെടുത്തുന്നു: പി.വി അബ്്ദുല്‍ വഹാബ്

67

മലപ്പുറം: കോവിഡ് മഹാമാരിയില്‍ രാജ്യം ദാരിദ്ര്യത്തിലേക്ക്് വഴുതിവീഴുന്ന ഘട്ടത്തിലും സ്വകാര്യവത്കരണത്തിനും കോര്‍പറേറ്റ് പ്രീണനത്തിനും മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നത്. കോവിഡ് മഹാമാരിയുടെ മറവില്‍ പ്രതിരോധ മേഖലയിലും ഇന്ത്യയുടെ അഭിമാനമായ ബഹിരാകാശ മേഖലയിലുമടക്കം സ്വകാര്യ വത്കരണം കൊണ്ടുവരികയാണ്് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുസ്്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. 20 ലക്ഷം കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും സാധരണക്കാര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പദ്ധതികളൊന്നും ഇതിലുള്‍പ്പെടുന്നില്ല. സാധാരണക്കാര്‍ക്കും തൊഴില്‍ തേടി ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവര്‍ക്കും വേണ്ടിയുള്ള ദുരിതാശ്വാസമായി ഒന്നും ഉത്തേജന പാക്കേജിലില്ല. ഭക്ഷണവും യാത്രാ സൗകര്യവുമില്ലാതെ പെരുവഴിയില്‍ മരിച്ചുവീഴുകയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍. ഇവരെ സ്വദേശത്തെത്തിക്കുന്നതിനും സംരക്ഷണം ഉറപ്പാക്കുന്നതിന് ഒന്നും ചെയ്യാന്‍ കേന്ദ്രത്തിനായിട്ടില്ല. സാധാരക്കാര്‍ക്കുവേണ്ടി യു.പി.എ സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തുക വകയിരുത്തിയത് മാത്രമാണ് ഉത്തേജന പാക്കേജില്‍ സാധാരണക്കാരന് ഗുണകരമാകുന്ന ഒരേയൊരു പദ്ധതി. സാധാരണക്കാര്‍ക്ക് നേരിട്ട് പണമെത്തുന്ന തരത്തിലുള്ള പദ്ധതികള്‍ കൊണ്ട് മാത്രമേ രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. ഇതിന് പകരം പൊതുമേഖലയെ മൊത്തത്തില്‍ സ്വകാര്യവത്കരിക്കാനുള്ള സമയമായിട്ടാണ് ലോക്ക്ഡൗണ്‍ കാലത്തെ മോദി ഉപയോഗപ്പെടുത്തുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് പി.വി അബ്ദുല്‍ വഹാബ് പറഞ്ഞു.