സ്വര്‍ണവില കുതിക്കുന്നു, പവന് 35000 കടന്നു

56

കോവിഡ് പ്രതിസന്ധിയില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുമ്പോഴും സ്വര്‍ണവില കുതിക്കുന്നു. പവന് 35040 രൂപയാണ് സ്വര്‍ണവില. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് തിങ്കളാഴ്ച വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4380 രൂപയാണ് വില. ആഗോള വിപണിയില്‍ വില ഔണ്‍സിന് 1,759.98 ഡോളറിലെത്തി. ശനിയാഴ്ച പവന് 34800 രൂപയും ഗ്രാമിന് 4350 രൂപയുമായിരുന്നു വില.
കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ കരുതല്‍ശേഖരമായി സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം വില്‍ക്കാന്‍ നിരവധി രാജ്യങ്ങള്‍ തയാറെടുക്കുന്നതാണ് സ്വര്‍ണവില കുതിച്ചുയരാനുള്ള പ്രധാന കാരണം. ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നതിനാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണം തിരഞ്ഞെടുക്കുന്നതും വില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രബാങ്കുകളിലെ കരുതല്‍ സ്വര്‍ണം വിറ്റഴിക്കാതെ നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ രാജ്യങ്ങള്‍ എത്തിനില്‍ക്കയാണെന്നാണ് റിപ്പോര്‍ട്ട്. എണ്ണവില തകര്‍ച്ച റെക്കോഡിലെത്തിയതിനാല്‍ സഊദി ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ സ്വര്‍ണവില്‍പനക്ക് തയാറായിക്കഴിഞ്ഞു. ചൈന-അമേരിക്ക വ്യാപാരയുദ്ധം മൂര്‍ധന്യത്തിലെത്തിയതും സ്വര്‍ണവില ഉയരാനുള്ള ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ്.കോവിഡിന് മരുന്ന് കണ്ടുപിടിക്കാതെ അമേരിക്കന്‍ സമ്പദ്ഘടന തിരിച്ചുവരില്ലെന്ന അവരുടെ പ്രഖ്യാപനം സ്വര്‍ണവിലയില്‍ ശക്തമായ സ്വാധീനം ചെലുത്തിയെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 25000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കോവിഡ് പ്രതിസന്ധി തുടങ്ങിയ ജനുവരി മുതല്‍ സ്വര്‍ണ വില കുതിക്കുകയാണ്. ഈ വര്‍ഷം മാത്രം 6000 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് കേരളത്തിലെ വലിയ സ്വര്‍ണക്കടകള്‍ അടച്ചിട്ടിരിക്കയാണ്. 1000 സ്‌ക്വയര്‍ഫീറ്റിന് താഴെയുള്ള സ്വര്‍ണക്കടകള്‍ തുറന്നെങ്കിലും ഉയര്‍ന്ന വില മൂലം കച്ചവടം നടക്കുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു.