സ്‌കൂളുകളിലെ അധ്യയന ദിനങ്ങള്‍ വെട്ടിച്ചുരുക്കാന്‍ ആലോചന

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളിലെ അധ്യയന ദിനങ്ങള്‍ 220 ദിവസത്തില്‍ നിന്ന് 100 ആയി വെട്ടിച്ചുരുക്കിയേക്കും. ഓരോ അക്കാദമിക് വര്‍ഷത്തിലും 1320 മണിക്കൂര്‍ സ്‌കൂളുകളില്‍ തന്നെ അധ്യയനം നടക്കണം എന്ന വ്യവസ്ഥയിലും കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ട് വരും.
600 മണിക്കൂര്‍ സ്‌കൂളിലും, 600 മണിക്കൂര്‍ വീടുകളിലും അധ്യായനം നടത്തണം എന്ന വ്യവസ്ഥയാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം കൊണ്ട് വരിക. ഓരോ പീരിയഡിന്റെയും ദൈര്‍ഘ്യം 45 മിനുട്ടില്‍ നിന്ന് 30 മിനുട്ട് ആയി വെട്ടി ചുരുക്കിയേക്കും. ഓരോ വര്‍ഷവും 120 മണിക്കൂര്‍ അഥവാ 20 അധ്യയന ദിവസങ്ങള്‍ സ്‌കൂളുകളിലോ, വീട്ടിലോ വച്ച് ഡോക്ടര്‍മാരോ, മനഃശാസ്ത്ര വിദഗ്ധരോ കുട്ടികളെ കൗണ്‍സില്‍ ചെയ്യണം എന്ന നിര്‍ദേശവും കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയില്‍ ഉണ്ട്. കുട്ടികളുടെ മാനസിക ഉന്മേഷം നിലനിര്‍ത്താന്‍ ഈ കൗണ്‍സിലിങ് കൊണ്ട് ഗുണം ചെയ്യും എന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍.
സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ മാര്‍ഗ്ഗ രേഖ ഉടന്‍ പ്രസിദ്ധീകരിക്കും. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറക്കുന്നതിന് ഷിഫ്റ്റ് സമ്പ്രദായം കൊണ്ട് വരണം എന്ന നിര്‍ദേശം മാര്‍ഗരേഖയില്‍ ഉണ്ടെന്നാണ് സൂചന. ഒരു ക്ലാസില്‍ പരമാവധി 15 മുതല്‍ 20 വരെ കുട്ടികളേ പാടുള്ളു. അതില്‍ കൂടുതല്‍ കുട്ടികള്‍ ഒരു ക്ലാസില്‍ ഉണ്ടെങ്കില്‍ രണ്ട് ബാച്ച് ആക്കണം. ഓരോ ബാച്ചിനും ഇടവിട്ടുള്ള ദിവസങ്ങളില്‍ ക്ലാസ്. ക്ലാസുകള്‍ നടത്തുന്നതിന് ഒറ്റ ഇരട്ട അക്ക സംവിധാനം ഏര്‍പ്പെടുത്തണം. ക്ലാസ്സുകളില്‍ കുട്ടികളെ ഇരുത്തുന്നത് സാമൂഹിക അകലം പാലിച്ചായിരിക്കണം. രണ്ട് കുട്ടികള്‍ തമ്മില്‍ ആറടി അകലത്തില്‍ മാത്രമേ ഇരിക്കാന്‍ അനുവദിക്കാവൂ. മൂന്ന് പേര്‍ ഇരിക്കുന്ന ബെഞ്ച് ആണെങ്കില്‍ രണ്ട് പേരെ ഇരിക്കാവൂ എന്നാണ് സര്‍ക്കാര്‍ തയ്യാര്‍ ആക്കുന്ന മാര്‍ഗ രേഖയിലെ നിര്‍ദേശങ്ങളില്‍ ഒന്ന്. 30 മുതല്‍ 50 ശതമാനത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ ഒരു സമയം സ്‌കൂളുകളില്‍ ഉണ്ടാകരുത് എന്നാണ് എന്‍സിഇആര്‍ടി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്.
എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ്സുകള്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ആദ്യ ഘട്ടത്തില്‍ ക്ലാസ് ആരംഭിച്ചാല്‍ മതിയെന്ന് ആയിരുന്നു എന്‍സിഇആര്‍ടിയുടെ നിര്‍ദേശം. എന്നാല്‍ ഈ നിര്‍ദേശത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ആലോചിക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ക്ലാസ്സുകള്‍ ഉണ്ടാകൂ. എന്നാല്‍ താമസിയാതെ തന്നെ ഒന്ന് മുതല്‍ ഉള്ള ക്ലാസ്സുകള്‍ ആരംഭിക്കും.
ഒന്ന് മുതല്‍ അഞ്ച് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ആഴ്ചയില്‍ രണ്ട് ദിവസം ആയി പരിമിതപ്പെടുത്തും. ആറ് മുതല്‍ എട്ടാം ക്ലാസ്സുകള്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് മുതല്‍ നാല് ദിവസം വരെയും 9 മുതല്‍ 12 -ാം ക്ലാസ് വരെ ഉള്ളവര്‍ക്ക് നാലോ അഞ്ചോ ദിവസവും ആണ് ക്ലാസ് ആലോചിക്കുന്നത്. പരീക്ഷ നടത്തിപ്പിലും സമൂലമായ മാറ്റങ്ങള്‍ ഉണ്ടായേക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാകാത്ത പരീക്ഷ രീതികള്‍ നടപ്പിലാക്കാന്‍ ആണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതോടൊപ്പം കുടിയേറ്റ തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കണം എന്ന് എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സ്വദേശത്ത് തിരിച്ചെത്തിയ ഇവര്‍ക്ക് തൊട്ടടുത്ത സ്‌കൂളുകളില്‍ തന്നെ അഡ്മിഷന്‍ ഉറപ്പാക്കണം.
അഡ്മിഷന്‍ നല്‍കുന്നതിന് നേരത്തെ പഠിച്ചിരുന്ന സ്‌കൂളിന്റെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ആക്കരുത്. തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നല്‍കണം എന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിദേശിക്കും. 50 ശതമാനം ക്ലാസ്സുകള്‍ വീടുകള്‍ കേന്ദ്രീകരിച്ച് നടക്കുമ്പോള്‍, ഓണ്‍ലൈന്‍ സൗകര്യവും മറ്റും ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍കള്‍ക്ക് പ്രത്യേക ശ്രദ്ധ സ്‌കൂളുകള്‍ ഏര്‍പ്പെടുത്തണം എന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടും.