കോവിഡ് മരണം: പ്രവാസികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണം: കെ.എം.സി.സി

കോഴിക്കോട്: കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബത്തിന് 10 ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്ന് കെ.എം.സി.സി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമായി നിലനിര്‍ത്തുന്നതിന് സഹായം ചെയ്യുന്ന പ്രവാസികളെ സര്‍ക്കാര്‍ അവഗണിക്കാന്‍ പാടില്ല. അവരുടെ കുടുംബത്തിന് അര്‍ഹമായ സഹായം ചെയ്യുന്നതില്‍ അലംഭാവം പാടില്ല. കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.പി മുഹമ്മദ്കുട്ടി, ദുബൈ കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍ എന്നിവര്‍ പറഞ്ഞു.
ഗള്‍ഫ്‌നാടുകളിലുള്ള പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ കടുത്ത അവഗണനയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. അത് അവസാനിപ്പിക്കണം. ഗള്‍ഫില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തണം. 17 ലക്ഷം മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളത്. 177 യാത്രക്കാരുമായാണ് ഇപ്പോള്‍ വിമാനങ്ങള്‍ എത്തുന്നത്. ഇങ്ങനെ പോയാല്‍ തിരിച്ചുകൊണ്ടുവരുന്നത് എപ്പോള്‍ അവസാനിക്കും എന്ന് പറയാനാവില്ല. ആഴ്ചയില്‍ 32 വിമാനസര്‍വീസ് എന്നാണ് സംസ്ഥാന സര്‍്ക്കാര്‍ പറയുന്നത്. ഇത് ഉത്തരവാദിത്തത്തില്‍ നിന്ന് പിന്തിരിയുന്ന നടപടിയാണ്.
ഗള്‍ഫില്‍ നിന്നുള്ള മലയാളികളില്‍ കൂടുതല്‍പേരും മലബാറില്‍ നിന്നുള്ളവരാണെന്നിരിക്കെ ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ മിക്കതും കൊച്ചിയിലാണ് ലാന്‍ഡ് ചെയ്യുന്നത്. ഇതുകാരണം കണ്ണൂര്‍, കാസര്‍കോട് ഭാഗങ്ങളില്‍ എത്തേണ്ട യാത്രക്കാര്‍ ദുരിതത്തിലാവുകയാണ്. പലപ്പോഴും ഭക്ഷണമോ വെള്ളമോ കിട്ടുന്നില്ല. പൊലീസുകാര്‍ യാത്രക്കാരോട് ക്രിമിനലുകളോടെന്ന പോലെയാണ് പെരുമാറുന്നത്. ഈ സാഹചര്യം മാറണം. കെ.എം.സി.സി നേതാക്കള്‍ പറഞ്ഞു.
പ്രവാസികളെ കൊണ്ടുവരുന്ന കാര്യത്തില്‍ വളരെയധികം ജാഗ്രത കാണിക്കുന്നുവെന്ന തരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ സംസാരിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ പിന്നാക്കം പോവുകയാണ്. ഗള്‍ഫില്‍ നിന്ന് കൂടുതല്‍ ആളുകള്‍ എത്തിയാല്‍ രോഗം വ്യാപിക്കും എന്ന ഭീതിയാണ് സര്‍്ക്കാറിനുള്ളത്. മുഖ്യമന്ത്രി കെട്ടിപ്പൊക്കിയ ഇമേജ് നഷ്ടപ്പെടുമെന്ന ആശങ്ക കാരണമാണ് ഗള്‍ഫിലുള്ളവരെ നാട്ടിലെത്തിക്കുന്നതില്‍ അലംഭാവം കാണിക്കുന്നത്. കെ.എം.സി.സി നേതാക്കള്‍ കുറ്റപ്പെടുത്തി. വരാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി ഇങ്ങനെ പെരുമാറുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രവാസികളെ മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഭയപ്പെടുന്നത് എന്നറിയില്ല.
ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങളില്‍ മുന്‍ഗണനാക്രമം പാലിക്കപ്പെടുന്നില്ല. രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും വിസ കാലാവധി തീര്‍ന്നവര്‍ക്കും മറ്റും മുന്‍ഗണന നല്‍കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. പകരം മറ്റു പലരും വിമാനം കയറി നാട്ടിലെത്തുകയാണ് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം.
ഗള്‍ഫ് രാജ്യങ്ങളില്‍ ട്രേഡ് സെന്ററുകള്‍ പോലും ആസ്പത്രികളാക്കി മാറ്റിയാണ് കോവിഡ് രോഗികളെ പരിരക്ഷിക്കുന്നത്. അബുദാബിയിലും ദുബൈയിലും അതാണ് അവസ്ഥ. ഇവിടെ സൗകര്യങ്ങളുണ്ടെന്ന് പറയുമ്പോഴും പ്രവാസികളെ എത്തിക്കേണ്ട ഘട്ടത്തില്‍ പിന്നാക്കം പോവുകയാണ്. ക്വാറന്റീന്‍ നടത്താന്‍ ആരാധനാലയങ്ങള്‍ വരെ വിട്ടുകൊടുത്തിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല. കുവൈറ്റില്‍ നിന്ന് വിമാന സര്‍വീസ് നടത്താന്‍ അധികൃതര്‍ തയാറായിട്ടും സംസ്ഥാന സര്‍്ക്കാര്‍ മൗനം പാലിക്കുകയാണ്. കെ.എം.സി.സി നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ.എം.സി.സി നേതാക്കളായ ഒ.കെ ഇബ്രാഹിം, എം. മൊയ്തീന്‍കോയ എന്നിവരും സംബന്ധിച്ചു.