10 മില്യന്‍ മീല്‍സ്-15 മില്യനിലെത്തി; പദ്ധതി പര്യവസാനിച്ചതായി ശൈഖ് മുഹമ്മദ്

134

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പ്രഖ്യാപിച്ച റമദാനിലെ 10 മില്യന്‍ ഭക്ഷണ പദ്ധതി മികച്ച രീതിയില്‍ പര്യവസാനിച്ചു. ഇതിനകം 15 ദശലക്ഷത്തിലധികം ഭക്ഷണം വിതരണം ചെയ്തു.
10 മില്യണ്‍ മീല്‍സ് സംരംഭം ലക്ഷ്യസ്ഥാനത്തെ മറികടന്നതായി ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കുറഞ്ഞ വരുമാനമുള്ളവര്‍ക്കും ജോലി നഷ്ടപ്പെട്ടവര്‍ക്കും കുടുംബങ്ങളെയും സഹായിക്കുന്നതിന് വേണ്ടിയാണഅ പദ്ധതി ആരംഭിച്ചത്. 115 രാഷ്ട്രങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തിലധികം പേര്‍ 15.3 ദശലക്ഷം ഭക്ഷണം സംഭാവന ചെയ്യാന്‍ സഹായിച്ചതായി ശൈഖ് മുഹമ്മദ് ട്വീറ്റില്‍ പറഞ്ഞു. ആയിരത്തിലധികം സന്നദ്ധപ്രവര്‍ത്തകര്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനായി ദിവസവും പ്രവര്‍ത്തിക്കുന്നു. യുഎഇ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ആളുകളെ സഹായിക്കാന്‍ ഒന്നിച്ചു. ഈ പദ്ധതി ശ്രദ്ധേയമായ പ്രതികരണത്തിന് കാരണമായതായി ശൈഖ് മുഹമ്മദിന്റെ പത്‌നിയും യുഎഇ ഫുഡ് ബാങ്കിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ശൈഖ ഹിന്ദ് ബിന്ത് മക്തൂം ബിന്‍ ജുമ പറഞ്ഞു. ഓണ്‍ലൈന്‍ സംഭാവനകളിലൂടെ 1.4 ദശലക്ഷം ഭക്ഷണവും എസ്എംഎസ് വഴി 770,000 ലധികം ഭക്ഷണവും സംഭാവനയായി ലഭിച്ചു. കാമ്പയിന്റെ കോള്‍ സെന്ററിലേക്കുള്ള സംഭാവനകളുടെ ഫലമായി 700,000 ലധികം ഭക്ഷണം ലഭിച്ചു. കൂടാതെ 5.7 ദശലക്ഷം ഭക്ഷണവും സ്വകാര്യ കമ്പനികളും സംരംഭകരും നല്‍കി. മാനുഷിക ഗ്രൂപ്പുകളില്‍ നിന്നുള്ള സഹായമായി 6.8 ദശലക്ഷം ഭക്ഷണം ലഭിച്ചു.