10 മില്യന്‍ ഭക്ഷണം: റമദാനിലെ ആദ്യ ആഴ്ചയില്‍ നല്‍കിയത് 1.3 മില്യന്‍

ഫോട്ടോ-കടപ്പാട്. ദി നാഷണല്‍

ദുബൈ: ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ നിര്‍ദേശപ്രകാരമുള്ള 10 മില്യന്‍ മീല്‍സ് സംരംഭം റമദാനിലെ ആദ്യ ആഴ്ചയില്‍ വിതരണം ചെയ്തത് 1.3 മില്യന്‍ ഭക്ഷണമാണെന്ന് സംഘാടകര്‍ അറിയിച്ചു. പ്രതിദിനം ശരാശരി 3 ലക്ഷം ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. റമദാനില്‍ ഇഫ്താര്‍ ടെന്റുകളും പള്ളികളും അടച്ചിട്ട സാഹചര്യത്തില്‍ ഇഫ്താറിന് രാജ്യത്ത് ആരും ബുദ്ധിമുട്ടരുതെന്ന തീരുമാനത്തിന്റെ ഭാഗമായാണ് ശൈഖ് മുഹമ്മദ് ഇത്തരമൊരു പദ്ധതിക്ക് ആഹ്വാനം ചെയ്തത്. നിരവധി പേര്‍ ഈ പദ്ധതിയിലേക്ക് സഹായങ്ങള്‍ നല്‍കിവരുന്നു. ഈ കാമ്പയിന് നേതൃത്വം നല്‍കുന്നത് ശൈഖ് മുഹമ്മദിന്റെ പത്‌നി ശൈഖ ഹിന്ദ് ബിന്ത് മക്തൂമാണ്. 600 ഗ്രാം ബിരിയാനി റൈസ്, ചിക്കന്‍, ഡേറ്റ്‌സ്, ഒരു കഷ്ണം ഫ്രൂട്ട്, 500 മില്ലി വെള്ളം, ഒരു പാക്കറ്റ് ലബന്‍അപ്പ് എന്നിവ അടങ്ങുന്ന ഭക്ഷണ കിറ്റാണ് ഓരോരുത്തര്‍ക്കും നല്‍കുന്നത്. എമിറേറ്റ്‌സിലെ വിവിധ റസ്റ്റോറന്റുകളിലാണ് ഇത് തയ്യാറാക്കുന്നത്. മുപ്പത് പേര്‍ അടങ്ങുന്ന സംഘമാണ് 1000 ഭക്ഷണപ്പൊതി തയ്യാറാക്കുന്നത്. പ്രത്യേക ബോക്‌സില്‍ പാക് ചെയ്താണ് എത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ ലേബര്‍ അക്കമഡേഷന്‍, താഴ്ന്ന വരുമാനക്കാര്‍ താമസിക്കുന്ന ഇടങ്ങളിലുമാണ് ഭക്ഷണം എത്തിക്കുന്നത്.