അബുദാബി: പുണ്യ റമദാനില്‍ എല്ലാവര്ക്കും ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം 10 ദശലക്ഷം പേര്‍ക്ക് ഭക്ഷണപ്പൊതികള്‍ എന്ന പദ്ധതി ആവിഷ്കരിച്ചത്.
എന്നാല്‍, ആഹ്വാനം നല്കി ദിവസങ്ങള്‍ക്കകം എത്തിയത് 15.5 ദശലക്ഷം ഭക്ഷണപ്പൊതികള്‍. ലക്ഷ്യത്തില്‍ കവിഞ്ഞ പ്രതികരണവും സഹകരണവും അതിവേഗമാണ് എത്തിച്ചേര്‍ന്നത്. 115 രാഷ്ട്രങ്ങളില്‍ നിന്നുള്ള ഒരു ലക്ഷം പേരാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ ആഹ്വാനത്തില്‍ പങ്കാളികളായത്.
കാരുണ്യം നിത്യജീവിതത്തിന്റെ ഭാഗമായി കാത്തു സൂക്ഷിക്കുന്ന യുഎഇ ഭരണാധികാരികളുടെ കരുതല്‍ ലോക തലത്തില്‍തന്നെ ഏറെ പ്രശംസിക്കപ്പെട്ടതാണ്. ഒന്നര കോടിയിലേറെ വരുന്ന ഭക്ഷണപ്പൊതികളുടെ ഗുണഭോക്താക്കള്‍ പ്രധാനമായും വിദേശികള്‍ തന്നെയാണെന്നതും എടുത്തു പറയേണ്ടതാണ്.
യുഎഇ ഭരണാധികാരികളുടെ കരുതലും വിദേശികളോടുള്ള കരുണയും ലക്ഷക്കണക്കിന് പ്രവാസികള്‍ക്കാണ് ആശ്വാസമായി മാറുന്നത്. 1,000 വോളിണ്ടിയര്മാരാണ് ഭക്ഷണ വിതരണത്തിനായി ഓരോ ദിവസവും സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്നത്.