ആദ്യ വിമാനത്തില്‍ 10 മാസക്കാരന്‍ ആദമും

551

അബുദാബി: അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് പോയ ആദ്യ വിമാനത്തില്‍ രണ്ടു വയസ്സില്‍ താഴെ പ്രായമുള്ള നാലു കുഞ്ഞുങ്ങളാണുണ്ടായിരുന്നത്. തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍കുളത്തെ മാവന്‍ചുവട് സ്വദേശിയായ അഷ്ഫാഖിന്റെ കുഞ്ഞുവാവ ആദം മുഹമ്മദിന് പ്രായം പത്ത് മാസം മാത്രം!
ഉമ്മയോടൊപ്പം ബാപ്പയെ കാണാന്‍ സന്ദര്‍ശക വിസയില്‍ ജനുവരി 15നാണ് അന്ന് ആറു മാസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞുവാവ അബുദാബിയിലെത്തിയത്. എന്നാല്‍, നാട്ടിലേക്ക് മടങ്ങാനാകുമ്പോഴേക്കും പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് ആഗോള തലത്തില്‍ തന്നെ അന്തരീക്ഷം മാറി മറിയുകയായിരുന്നു. ആകുലതകള്‍ നിറഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രാര്‍ത്ഥനയുടെ ഫലമായി ആയിരങ്ങള്‍ക്കിടയില്‍ നിന്നും ഇവരുടെ പേരും യാത്രാ പട്ടികയില്‍ ഇടം പിടിച്ചു.
അബുദാബിയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ ഏഷ്യാ ട്രാവല്‍സില്‍ ജോലി ചെയ്യുന്ന അഷ്ഫാഖ് ആദ്യ വിമാനത്തില്‍ ഭാര്യ ദില്‍റുബയും കുഞ്ഞുമൊപ്പം നാട്ടിലേക്ക് മടങ്ങി. സന്ദര്‍ശക വിസയുടെ എല്ലാ സന്തോഷങ്ങളും നഷ്ടപ്പെടുന്ന വിധത്തിലാണ് ഇത്തരത്തിലുള്ള നിരവധി കുടുംബങ്ങള്‍ നാട്ടിലേക്ക് തിരിച്ചത്. ഇനിയും അനേകം പേര്‍ തങ്ങളുടെ ഊഴവും കാത്തിരിക്കുകയാണ്.
കൊറോണ പരിശോധനയില്‍ കുഞ്ഞുങ്ങളുടെ രക്തപരിശോധനയും നടത്തുകയുണ്ടായി. വിരല്‍ തുമ്പില്‍ നിന്നും രക്തത്തുള്ളിയെടുത്താണ് പരിശോധന നടത്തിയത്. 10 മിനുട്ടിനകം റിപ്പോര്‍ട്ടും വന്നു. യാത്രക്കായെത്തിയ എല്ലാവരും നെഗറ്റീവായിരുന്നു. രോഗബാധിതരായി ആരുമുണ്ടായില്ല. അതുകൊണ്ടുതന്നെ, വിമാനത്താവളത്തിലെത്തിയ ആര്‍ക്കും തിരിച്ചു പോകേണ്ടിവന്നില്ല.