10,000 പിന്നിട്ട് തമിഴ്‌നാട്; ദക്ഷിണേന്ത്യയില്‍ കോവിഡ് ബാധിച്ച് 190 മരണം

17
പ്രത്യേക തീവണ്ടിയില്‍ കയറാനായി മണിപ്പൂരി വിദ്യാര്‍ത്ഥികള്‍ ബംഗളൂരു ചിക്കബനവര റെയില്‍വേ സ്റ്റേഷനിലേക്ക് വരുന്നു

ബംഗളൂരു: കോവിഡ് ദക്ഷിണേന്ത്യയിലും പിടിമുറുക്കുന്നു. കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 190 പേര്‍.
14,796 പേര്‍ക്കാണ് ദക്ഷിണേന്ത്യയില്‍ കോവിഡ് ബാധിച്ചത്. രാജ്യത്തെ കോവിഡ് ഹോട്ട്‌സ്‌പോട്ടുകളിലൊന്നായ തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തമിഴ്‌നാട്ടില്‍ 10,108 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ 71 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 2,240 പേര്‍ കോവിഡ് മുക്തി നേടിയതായാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്ക്. ഇന്നലെ മാത്രം തമിഴ്‌നാട്ടില്‍ 385 പുതിയ കേസുകളും അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ എട്ട് ദിവസത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ കോവിഡ് രോഗികളാണ് ഇന്നലത്തേത്. തലസ്ഥാനമായ ചെന്നൈയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഭൂരിപക്ഷവും. ഇതോടെ കോവിഡ് കേസുകളില്‍ മഹാരാഷ്ട്രക്കു പിന്നില്‍ തമിഴ്‌നാട് രണ്ടാം സ്ഥാനത്തെത്തി. ആന്ധ്രപ്രദേശിലാണ് ദക്ഷിണേന്ത്യയില്‍ തമിഴ്‌നാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചത്. 2205 പേര്‍ക്കാണ് ആന്ധ്രയില്‍ കോവിഡ് ബാധിച്ചത്. 48 മരണവും സംസ്ഥാനത്ത് കോവിഡ് മൂലം സംഭവിച്ചിട്ടുണ്ട്. 1192 പേര്‍ കോവിഡ് മുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്.
അയല്‍ സംസ്ഥാനമായ തെലങ്കാനയില്‍ 1414 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇവിടെ 34 പേരാണ് മരിച്ചത്. 950 പേര്‍ തെലങ്കാനയില്‍ കോവിഡ് മുക്തി നേടി. പുതുച്ചേരിയില്‍ 13 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒമ്പത് പേര്‍ കോവിഡില്‍ നിന്നും മുക്തരായി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കുടിയേറ്റ തൊഴിലാളികള്‍ മടങ്ങി എത്താന്‍ തുടങ്ങിയതോടെ ആന്ധ്രയിലും തെലങ്കാനയിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് വീണ്ടും ഉണ്ടായത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 400ല്‍ അധികം പുതിയ കേസുകളാണ് ഇരു സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ച കര്‍ണാടകയില്‍ ഇന്നലെ 69 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1056 ആയി. 36 പേരാണ് കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 480 പേരാണ് സംസ്ഥാനത്ത് കോവിഡ് മുക്തി നേടിയത്.