ദുബൈ: രുചിയും സൗഹൃദവും ചേര്‍ത്തുവെച്ച് ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന ‘മലബാര്‍ അടുക്കള’ കൂട്ടായ്മയും ഈ കോവിഡ് കാലത്ത് സഹായ ഹസ്തവുമായെത്തുന്നു. ഒരു ലക്ഷം ഭക്ഷണപ്പൊതികളാണ് മലബാര്‍ അടുക്കള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്യാനൊരുങ്ങുന്നത്. വ്യത്യസ്ത രാജ്യങ്ങളിലായുളള അഞ്ചു ലക്ഷത്തിലധികം വരുന്ന മലബാര്‍ അടുക്കളയുടെ അംഗങ്ങളാണ് കോവിഡ് മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് വിശപ്പകറ്റാന്‍ ഭക്ഷണ കിറ്റുകള്‍ എത്തിച്ചു നല്‍കുന്നത്. മലബാര്‍ അടുക്കളയുടെ സമൂഹ മാധ്യമങ്ങളിലെ എല്ലാ അംഗങ്ങളും ഈ ദൗത്യത്തില്‍ പങ്കാളികളാകുന്നുവെന്ന് ഇതിന് നേതൃത്വം നല്‍കുന്ന മുഹമ്മദലി ചക്കോത്ത് പറഞ്ഞു. മലബാര്‍ അടുക്കള അതിന്റെ ആരംഭകാലം മുതല്‍ തന്നെ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. ആയിരക്കണക്കിന് പേര്‍ക്ക് ഭക്ഷണം, വസ്ത്രം, മരുന്ന്, പഠന സഹായം തുടങ്ങിയവ നല്‍കിയിട്ടുണ്ട്. ‘സമൃദ്ധി’ പദ്ധതിയിലൂടെ സ്‌കൂളുകളെ സ്‌പോണ്‍സര്‍ ചെയ്യല്‍, ജോലി കണ്ടെത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും നിര്‍വഹിച്ചു പോരുന്നു. കൂടാതെ, വിവിധ രാജ്യങ്ങളിലായി ഫുഡ് ഫെസ്റ്റിവലുകള്‍, പാചക മത്സരങ്ങള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍ തുടങ്ങിയവയും നടത്തുന്നു.