രണ്ടാം ഘട്ടം യുഎഇയില്‍ നിന്ന് 1,062 പേര്‍ കേരളത്തിലെത്തും

    235

    റസാഖ് ഒരുമനയൂര്‍
    അബുദാബി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടത്തുന്ന രണ്ടാം ഘട്ട വിമാന സര്‍വീസില്‍ 1,062 പേര്‍ കേരളത്തിലെത്തും. ഈ മാസം 17 മുതല്‍ 23 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും പേര്‍ നാട്ടിലെത്തുക.
    അബുദാബി, ദുബൈ എന്നീ വിമാനത്താവളങ്ങളില്‍ നിന്നായി കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ എന്നീ നാലു വിമാനത്താവളങ്ങളിലും യുഎഇയില്‍ നിന്നുള്ള പ്രവാസികള്‍ എത്തുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ രണ്ടു വീതം ഫ്‌ളൈറ്റുകളും കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോ ഫ്‌ളൈറ്റുമാണ് രണ്ടാംഘട്ട ഓപറേഷനില്‍ എത്തുന്നത്.
    ഇതുകൂടാതെ, ദുബൈയില്‍ നിന്നും മംഗലാപുരം, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും രണ്ടാം ഘട്ടത്തില്‍ ഫ്‌ളൈറ്റുകളുണ്ട്. ഇതില്‍ 531 പേരാണ് ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലെത്തുക. മൊത്തം 1,593 പേരാണ് യുഎഇയില്‍ നിന്നും രണ്ടാം ഘട്ടത്തില്‍ ഇന്ത്യയിലെത്തുന്നത്. ഓരോ ഫ്‌ളൈറ്റിലും 177 യാത്രക്കാര്‍ വീതമാണുണ്ടാവുക. രണ്ടു വയസ്സിന് മുകളിലുള്ള കുട്ടികള്‍ ഇതിനു പുറമെയുമുണ്ടാകും. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സാണ് എല്ലാ സര്‍വീസുകളും നടത്തുന്നത്.