108 ആംബുലന്‍സിലെ ജീവനക്കാര്‍ക്ക് രണ്ടുമാസമായി ശമ്പളമില്ല

കാഞ്ഞങ്ങാട്: കോവിഡ് കാലത്ത് ഓടിത്തളര്‍ന്ന ‘108’ ആംബുലന്‍സിലെ ജീവനക്കാര്‍ക്ക് രണ്ടു മാസമായി ശമ്പളമില്ല. സാധാരണക്കാര്‍ക്ക് സൗജന്യ സേവനവുമായി 314 ആംബുലന്‍സുകളാണ് ഏതു സമയത്തും സര്‍വീസ് നടത്തുന്നത്. ഇവയില്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 1400 ഓളം ജീവനക്കാരാണുള്ളത്. ഇവരാണ് ശമ്പളം കിട്ടാതെ ദുരിതം അനുഭവിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ തന്നെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാതെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. രണ്ട് മാസത്തോളമാണ് അന്ന് അവര്‍ ശമ്പളമില്ലാതെ ദുരിതം അനുഭവിക്കേണ്ടിവന്നത്. പിന്നിട് പ്രതിസന്ധി മാറിയെങ്കിലും ഇപ്പോള്‍ വീണ്ടും അതേ അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. കൊറോണ നിയന്ത്രണങ്ങള്‍ക്കിടയില്‍ ശമ്പളം പോലും ലഭിക്കാതെ കുടുംബങ്ങള്‍ കൂടുതല്‍ ദുരിതത്തിലായതായി 108 ആംബുലന്‍സിലെ ജീവനക്കാര്‍ പറയുന്നു. ഹൈദരാബാദിലെ ജിവികെഇഎംആര്‍ഐ എന്ന കമ്പനിയാണ് കേരളത്തിലെ 108 അംബുലന്‍സ് സര്‍വീസിന്റെ മേല്‍നോട്ടം വഹിക്കുന്നത്. നടത്തിപ്പുകാരായ കമ്പനിക്ക് ശമ്പളം ഉള്‍പ്പെടെയുള്ള തുക നല്‍കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
എന്നാല്‍ തങ്ങള്‍ക്ക് അറ്റകുറ്റപ്പണി നടത്താന്‍ ഉള്‍പ്പെടെയുള്ള തുക ലഭിക്കാനുണ്ടെന്ന് കമ്പനി അധികൃതരും പറയുന്നു. സര്‍ക്കാരും കമ്പനിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ ജീവിതം വഴിമുട്ടിയിരിക്കുന്നത് ആംബുലന്‍സിലെ ജീവനക്കാര്‍ക്കാണ്.