ജൊഹാനസ്ബര്‍ഗ്: ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തികളിലൊരാളായ ദക്ഷിണാഫ്രിക്കക്കാരന് ഫ്രെഡി ബ്ലോം 116-ാം പിറന്നാള്‍ ആഘോഷിച്ചു. കോവിഡ് മഹാമാരി ലോകത്തെ പരിഭ്രാന്തിയിലാഴ്ത്തുമ്പോഴും ബ്ലോം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കോവിഡിന് മുന്നില്‍ താന്‍ മുട്ടുമടക്കില്ലെന്ന് അദ്ദേഹം പറയുന്നു. ‘ദൈവാനുഗ്രഹം കൊണ്ട് ഞാന്‍ ഇത്രയും കാലം ജീവിച്ചു.’ ലോകവ്യാപകമായി ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ 1918ലെ സ്പാനിഷ് ഇന്‍ഫ്ളുവന്‍സയുടെ കറുത്ത ഓര്‍മകള്‍ ഇന്നും ബ്ലോമിന്റെ മനസില്‍ മായാതെയുണ്ട്. 100 വര്‍ഷം മുമ്പുണ്ടായ ആ മഹാമാരിയില്‍ അദ്ദേഹത്തിന് സഹോദരിയെയും നഷ്ടപ്പെട്ടു. 1904ല്‍ അഡലെയ്ഡിലായിരുന്നു ബ്ലോമിന്റെ ജനനം. ലോകത്തിലെ ഏറ്റവും പ്രായം കൂടി വ്യക്തിയായി ഗിന്നസ് ബുക്കില്‍ ഇടം നേടിയ ബ്രിട്ടീഷുകാരനെക്കാള് നാല് വയസ് കൂടുതലുണ്ട് അദ്ദേഹത്തിന്. പക്ഷെ, അദ്ദേഹത്തിന്റെ പ്രായം ഇതുവരെയും പരിശോധിച്ച് സ്ഥിരീകരിക്കാനായിട്ടില്ല.
കേപ് ടൗണിലെ വയലുകളില്‍ ജോലി ചെയ്താണ് അദ്ദേഹം ജീവിതമാര്‍ഗം കണ്ടെത്തിയിരുന്നത്. 86കാരിയായ ഭാര്യ ജാനെറ്റും ജീവിച്ചിരിപ്പുണ്ട്. ഇവര്‍ക്ക്് കുട്ടികളില്ല. ജാനെറ്റിന് മുന്‍ വിവാഹത്തിലുണ്ടായ രണ്ട് കുട്ടികളെ അദ്ദേഹം സ്വന്തം മക്കളായി കാണുന്നു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സിഗരറ്റ് വില്‍പ്പന തടഞ്ഞുവെച്ചതില്‍ അദ്ദേഹത്തിന് അധികാരികളോട് കടുത്ത അമര്‍ഷമുണ്ട്.