മുംബൈ: രാജ്യത്തെ കോവിഡ് ഹോട്ട്സ്പോട്ടായ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 18,000 പിന്നിട്ടു. 663 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള നഗരമായ സംസ്ഥാന തലസ്ഥാനമായ മുംബൈയില്‍ ഇതുവരെ 11,714 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 1362 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 18,120 ആയി.
മഹാരാഷ്ട്രയിലെ ആകെ രോഗബാധിതരില്‍ 63.93 ശതമാനവും രാജ്യത്തെ രോഗബാധിതരില്‍ 19.20 ശതമാനവും മുംബൈയിലാണുള്ളത്. മാര്‍ച്ച് 11നാണ് മുംബൈയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.
56 ദിവസം കഴിയുമ്പോള്‍ കോവിഡ് രോഗികളുടെ എണ്ണം 10,000 പിന്നിട്ടു കഴിഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ ഇന്നലെ 50 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ധാരാവിയില്‍ കോവിഡ് കേസുകള്‍ 783 ആയി. 49 ദിവസം കൊണ്ട് മുംബൈയില്‍ 400 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനിടെ മുംബൈയില്‍ 250 പൊലീസുകാര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഒറ്റ പൊലീസ് സ്റ്റേഷനില്‍ മാത്രം 27 പൊലീസുകാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
രോഗം ബാധിച്ച് ഇതുവരെ മൂന്ന് പൊലീസുകാരാണ് മുംബൈയില്‍ മരിച്ചത്. മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈ നഗരത്തില്‍ സര് ജെജെ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ മാത്രം 27 പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ധാരാവി, വാഡല, വക്കോല എന്നീ പൊലീസ് സ്റ്റേഷനുകളിലും നിരവധി പൊലീസുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ച പൊലീസുകാരില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ആരുടെയും നില ഗുരുതരമല്ലെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ ഇതുവരെ മൊത്തം 531 പൊലീസുകാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 480 പേരും കോണ്‍സ്റ്റബിള്‍ മാരാണ്. 51 പേര് പൊലീസ് ഉദ്യോഗസ്ഥരാണ്. മഹാരാഷ്ട്രയില്‍ ആകെ കോവിഡ് ബാധിച്ച് മരിച്ചത് അഞ്ച് പൊലീസുകാരാണ്.
അതിനിടെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന 70 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. മയക്കുമരുന്ന് കടത്ത് കേസില്‍ അറസ്റ്റിലായ 45കാരനില്‍ നിന്നാണ് കൊവിഡ് രോഗം വ്യാപിച്ചതെന്നാണ് കരുതുന്നത്. ഇയാള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.